പ്രതിരോധ സന്ദേശം പകരാന്‍ ഡോക്‌സിസൈക്ലിന്‍ കഴിച്ച് കലക്ടര്‍
കൊല്ലം: എലിപ്പനി പ്രതിരോധ സന്ദേശം പ്രചരിപ്പിക്കുന്നതിന് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയനും ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിച്ചു. കലക്ടറേറ്റില്‍ രോഗപ്രതിരോധ ബോധവല്‍ക്കരണത്തിനുള്ള ഡോക്‌സി വാഗണിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങിലാണ് അദ്ദേഹവും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഗുളിക കഴിച്ചത്.
പ്രതിരോധ മരുന്ന് കഴിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവരും ഉള്‍ക്കൊള്ളണമെന്ന് കലക്ടര്‍ പറഞ്ഞു. എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ സന്ദേശവാഹകരായി മാറണം. വെള്ളക്കെട്ടില്‍ ജോലി ചെയ്യുന്നവര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നിര്‍ബന്ധമായും മരുന്നു കഴിക്കണം. മറ്റുള്ളവരെ കഴിക്കാന്‍ പ്രേരിപ്പിക്കുകയും വേണം. പാര്‍ശ്വഫലമില്ലാത്ത മരുന്നാണ് ഡോക്‌സിസൈക്ലിന്‍. ശരീരവേദനയോടു കൂടിയ ഏതു പനിക്കും നിര്‍ബന്ധമായി ചികിത്സ തേടണമെന്നും കലക്ടര്‍ പറഞ്ഞു.
പകര്‍ച്ചരോഗ വ്യാപനം തടയുന്നതിന് ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്നുവരുന്നതെന്നും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണത്തിനു സാധ്യമായ എല്ലാ മാര്‍ഗങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ടെന്നും ചടങ്ങില്‍ അധ്യക്ഷയായ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി ഷേര്‍ളി പറഞ്ഞു. ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. ആര്‍. സന്ധ്യ, ഡോ. ജെ. മണികണ്ഠന്‍, ഡോ. ജയശങ്കര്‍, ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. കൃഷ്ണവേണി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."