ഓടകളിലേക്ക് മാലിന്യമൊഴുക്കല്‍; നടപടി തുടരാന്‍ നഗരസഭ
കരുനാഗപ്പള്ളി: പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഏറെ പ്രയാസം സൃഷ്ടിച്ച് ഓടകളിലേക്ക് മലിനജലം തള്ളിയ സംഭവത്തില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കുമെതിരേ ശക്തമായ നടപടിയുമായി മുന്നോട്ടുപോകാന്‍ നഗരസഭാ തീരുമാനം. ഇന്നലെ ചേര്‍ന്ന പ്രത്യേക നഗരസഭാ കൗണ്‍സില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.
മാലിന്യം ദേശീയപാതയ്ക്ക് ഓരത്തുള്ള ഓടകളിലേക്കു തള്ളിയ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി നഗരസഭ സീല്‍ വച്ചിരുന്നു. നേരത്തെ നോട്ടിസ് കൊടുത്ത മൂന്ന് ഹോട്ടലുകള്‍ ഉള്‍പ്പെടെ ഏഴു സ്ഥാപനങ്ങളാണു അടച്ചുപൂട്ടിയത്. മറ്റു സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കാനും ഓട തുറന്നു പരിശോധന തുടരാനുമാണു തീരുമാനമായത്. ടൗണിലെ വ്യാപാരസ്ഥാപനങ്ങള്‍ ആശുപത്രികള്‍, ലോഡ്ജുകള്‍ എന്നിവയില്‍നിന്നും മാലിന്യം പുറത്തേക്കുതള്ളുന്നുണ്ടോ എന്ന് ഇന്നുമുതല്‍ സമഗ്രമായ പരിശോധന നടത്തും. ഇതിനായി പ്രത്യേക ടീമിനെയും നിശ്ചയിച്ചു.
വലിപ്പചെറുപ്പമില്ലാതെ മുഴുവന്‍ സ്ഥാപനങ്ങളും പരിശോധനയ്ക്കു വിധേയമാക്കുമെന്നു നഗരസഭാ അധികൃതര്‍ പറഞ്ഞു. മാലിന്യം തള്ളുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടച്ചുപൂട്ടപ്പെട്ട സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ മാലിന്യസംസ്‌കരണ നടപടികള്‍ പൂര്‍ത്തീകരിച്ചവരെ സംബന്ധിച്ചുള്ള പരിശോധന നടത്താന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെയും ചുമതലപ്പെടുത്തി. ഇവരുടെ റിപ്പോര്‍ട്ട് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി കൂടി പരിശോധിച്ചു തീരുമാനമെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു. വിവിധ വ്യാപാര സ്ഥാപനങ്ങള്‍ പുറന്തള്ളിയ മാലിനജലം ഓടകള്‍ നിറഞ്ഞുകവിഞ്ഞു പുറത്തേക്ക് ഒഴുകി ടൗണില്‍ പരന്നതു യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കിയ സംഭവം ഏതാനം ദിവസങ്ങള്‍ക്കുമുന്‍പ് ഉണ്ടായിരുന്നു. ഇതിനെതിരേ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ ശക്തമായ നടപടികളുമായി നഗരസഭ മുന്നോട്ടുവരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."