കാട്ടാന ഭീഷണി ഒഴിയുന്നില്ല; ഭീതിയോടെ ജനം
മുള്ളേരിയ: കാറഡുക്ക വന മേഖലയിലെ ചെട്ടോണിയില്‍ കൂലിപ്പണിക്കാരനായ കുമാര(40)നെ ആനയുടെ ചവിട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയതോടെ ജനം ഭീതിയില്‍. ആഴ്ചകളോളമായി ദേലംപാടി പഞ്ചായത്തിലെ അഡൂര്‍ പാണ്ടിയിലും പരിസരങ്ങളിലും കൂട്ടമായി ഇറങ്ങിയ പത്തോളം കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങി വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നു വനം വകുപ്പ് അധികൃതരും നാട്ടുകാരും ചേര്‍ന്ന് പടക്കം പൊട്ടിച്ചും പന്തം കൊളുത്തിയും കര്‍ണാടകയിലെ ഉള്‍വനത്തിലേക്ക് ആനകളെ വിരട്ടി ഓടിച്ചിരുന്നു.
എന്നാല്‍, ഒരു കൊമ്പനാന കാട് കയറാന്‍ കൂട്ടാക്കാതെ അവിടെ തന്നെ തങ്ങിയിരുന്നു. ദിവസങ്ങളോളം നടത്തിയ ശ്രമ ഫലമായി കൊമ്പനാനയും അവിടെ നിന്ന് ഉള്‍വലിഞ്ഞു പരപ്പ കര്‍ണാടക വനത്തിലോട്ടു കയറിയിരുന്നു.
ഇതേതുടര്‍ന്ന്, കാട്ടാനകളുടെ ശല്യം ഒരു പരിധി വരെ കുറഞ്ഞുവെന്ന് ആശ്വസിക്കുമ്പോഴാണ് കുമാരനെ ആനയുടെ ചവിട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെയാണ് ഇവിടുത്തുകാരുടെ ഭീതി വര്‍ധിച്ചത്.
കഴിഞ്ഞ വര്‍ഷവും കാറഡുക്ക പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍പെടുന്ന കൊട്ടംകുഴി ,കൊളത്തിങ്കല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനകളെ വിരട്ടി ഓടിക്കുന്നതിനിടയില്‍ വീണു ചിലര്‍ക്കു പരുക്ക് പറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."