ഹരിതാഭം ഈ ഹാബിറ്റേറ്റ്
അറബ് രാജ്യമെന്നു കേട്ടാല്‍ പലരുടെയും മനസില്‍ ആദ്യമായി ഓടിവരുന്ന ചിത്രം നീണ്ടു കിടക്കുന്ന മണല്‍പരപ്പും, അതിലൂടെ സഞ്ചരിക്കുന്ന ഒട്ടകവും, അംബരചുംബികളായ കെട്ടിടങ്ങളുമായിരിക്കും. മരങ്ങളോ പച്ചപ്പുകളോ ഒരാള്‍ക്കും സങ്കല്‍പ്പിക്കാനൊക്കുകയില്ല. ഈ സങ്കല്‍പ്പങ്ങളൊന്ന് മാറ്റിമറിക്കാന്‍ വേണ്ടിയാണ് അടുത്ത ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ യു.എ.ഇ അല്‍ഐനിനെ ഒരു ഹരിത പട്ടണമാക്കാന്‍ ശ്രമം നടത്തുന്നത്. ഇതിനിടയിലും ഹരിതം കൊണ്ട് വിദ്യ പകര്‍ന്ന് നല്‍കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം യു.എ.ഇയില്‍ ഉണ്ടെന്ന് കേട്ടാല്‍ പലരും അത്ഭുതം കൂറുമായിരിക്കും. അതും ഒരു മലയാളിത്തനിമയോടു കൂടി. മാറ്റങ്ങളിലൂടെ ചിന്തിക്കുമ്പോഴാണല്ലോ അത്ഭുതങ്ങള്‍ പിറവിയെടുക്കുക. അത്തരമൊരു അത്ഭുതമായിരുന്നു അഞ്ച് വര്‍ഷം മുമ്പ് കോഴിക്കോട്ടെ മുക്കം സ്വദേശി ശംസു സമാനെന്ന മനുഷ്യനിലൂടെ പുറം കണ്ടത്.
യു.എ.ഇയുടെ ഏഴ് എമിറേറ്റ്‌സ്‌കളില്‍ വ്യത്യസ്ത സിലബസുകളില്‍ അഞ്ഞൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഇവയില്‍ പലതും സിലബസുകളില്‍ പരസ്പരം വ്യത്യസ്തമാണ്. പക്ഷേ അജ്മാനിലെ ഹാബിറ്റേറ്റ് സ്‌കൂളിന് ഈ സ്‌കൂളുകളില്‍ നിന്നൊക്കെ ഒരു അഭൂതപൂര്‍വ്വ വ്യത്യാസമുണ്ട്. ഹരിതം കൊണ്ട് വിദ്യ നേടാനൊരു സുവര്‍ണ്ണാവസരം നല്‍കുന്ന സിലബസാണവിടം.
അജ്മാനിലെ അല്‍ജര്‍ഫില്‍ സ്ഥിതി ചെയ്യുന്ന ഹാബിറ്റേറ്റ് സ്‌കൂളില്‍ കയറി ചെന്നാല്‍ റിസപ്ഷനില്‍ ഇരിപ്പിടത്തിന് മുകളിലായി അലങ്കാരമായി ഒരു ബോധി വൃക്ഷമുണ്ട്. കേവലമൊരു ആലങ്കാരികതയ്ക്ക് പ്ലാസ്റ്റിക്ക് മരം തൂക്കിവച്ചതല്ല, സാക്ഷാല്‍ നട്ടുവളര്‍ത്തിയ ബോധീ വൃക്ഷം.
അതിനരികിലാണ് വരുന്ന അതിഥികള്‍ക്ക് ഇരിപ്പിടം തയ്യാറാക്കപ്പെട്ടിരിക്കുന്നത്. സ്‌കൂളിന്റെ ചുറ്റുപാടുകളൊക്കെ മരങ്ങളെ കൊണ്ട് സമ്പന്നമാണ്. മരങ്ങള്‍ക്കിടയില്‍ സ്‌കൂള്‍ പണിതതാണെന്നേ സംശയിക്കുള്ളൂ. ഏത് ക്ലാസ് മുറികളില്‍ നിന്നും പ്രകൃതി ആസ്വദിച്ചു പഠിക്കണമെന്നാണ് ഇതിലൂടെ ഹാബിറ്റേറ്റ് മാനേജ്‌മെന്റ് ലക്ഷ്യംവയ്ക്കുന്നത്. പ്രവേശന കവാടത്തിന് രണ്ടു വശം വളര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍, നീണ്ട് കിടക്കുന്ന കൃഷിയിടം, വഴിയോരങ്ങളില്‍ മുകളിലായി മുന്തിരിത്തോട്ടം, വഴികളിലെ ഒഴിഞ്ഞ സ്ഥലത്തും കൃഷികള്‍. ഇങ്ങനെ പോവുന്നു ഈ ഹരിത ഭംഗി.
ശംസു സമാനെന്ന വിപ്ലവം
ഹാബിറ്റേറ്റിനെ കുറിച്ച് സംസാരിക്കുമ്പോള്‍ സ്ഥാപകനും എം.ഡിയുമായ ശംസു സമാനെ കുറിച്ച് പറഞ്ഞില്ലെങ്കില്‍ അതൊരു ന്യൂനതയായിരിക്കും. പ്രവാസമനുഭവിച്ച് ജീവിച്ച് പോന്നിരുന്ന ഒരു സാധാരണക്കാരന്‍. അത് തന്നെയായിരുന്നു കോഴിക്കോട്ടെ മുക്കം സ്വദേശിയായ ശംസു സമാനും. അധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും പ്രയത്‌നത്തിന്റെയും നാള്‍വഴികളിലൂടെയാണ് അദ്ദേഹം ഈയൊരു ഉന്നതിയും പ്രശസ്തിയും സ്വായത്തമാക്കിയത്. ജീവിത പ്രാരാബ്ധത്തിനിടയില്‍ പഠനത്തില്‍ ഏറെ മുന്നോട്ട് സഞ്ചരിക്കാന്‍ സാധിച്ചില്ലെങ്കിലും അടുത്ത തലമുറ അത് നേടാതെ പോവരുതെന്ന് അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ദേശങ്ങള്‍ നോക്കാതെ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് തിരിഞ്ഞതും. അതിന്റെ ഫലമായി ഇന്ന് നാല് സ്‌കൂളുകളിലായി പതിനായിരം വിദ്യാര്‍ഥികളാണ് വിദ്യ അഭ്യസിക്കുന്നത്. ആയിരത്തോളം അധ്യാപകരും അഡ്മിന്‍ സ്റ്റാഫുകളും ഇവിടെ ജോലി ചെയ്യുന്നുണ്ട്.
അജ്മാനിലെ ഹാബിറ്റേറ്റ്
വസന്തം
2014ലാണ് ഹാബിറ്റേറ്റെന്ന സ്വപ്നം രൂപപ്പെടുന്നത്. അന്ന് 12,000 ത്തോളം വരുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനം നടത്താന്‍ ഉതകുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമായിരുന്നു മാനേജ്‌മെന്റിന്റെ സ്വപ്നം. അതിന് വേണ്ടിയുള്ള എല്ലാ സാഹചര്യങ്ങളും അവര്‍ അന്വേഷിച്ചു. വിദഗ്ധ ഉപദേശം മാനിച്ച് ആദ്യ ഘട്ടത്തില്‍ 7000 വിദ്യാര്‍ഥികള്‍ക്കാണ് അഡ്മിഷന്‍ നല്‍കിയത്. കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ ചുറ്റും മരങ്ങള്‍ വച്ചു പിടിപ്പിക്കണമെന്നും അതോടൊപ്പം എല്ലാ വശത്ത് നിന്നും പുറത്തേക്കുള്ള വഴിയൊരുക്കണമെന്നും അവര്‍ നിര്‍ദേശം നല്‍കി. അങ്ങനെ ആ സ്വപ്ന പദ്ധതി സാക്ഷാത്കാരമായി.
ഇന്ന് ഇവിടെ 6000 വിദ്യാര്‍ഥികള്‍ പഠനം നടത്തി വരുന്നു. 400ഓളം അധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്. ഇതിന് പുറമെ ഉമ്മുല്‍ ഖുവൈനിലും അജ്മാനിലെ അല്‍ തലയിലും രണ്ട് സൂകൂളുകള്‍ കൂടി പ്രവര്‍ത്തനമാരംഭിച്ചു. നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് വരുന്ന മറ്റൊരു സ്‌കൂളും ഇതേ മാനേജ്‌മെന്റ് സ്വന്തമാക്കുകയും ചെയ്തു.
സിലബസിലെ ഫാര്‍മിങ്
ഇന്ത്യയിലെ സി.ബി.എസ്.ഇ സിലബസിലാണ് ഈ സ്‌കൂളും പ്രവര്‍ത്തിച്ചുവരുന്നത്. പക്ഷേ വിദ്യാര്‍ഥികള്‍ക്ക് പ്രകൃതിയോടും കൃഷിയോടും സ്‌നേഹം വര്‍ധിപ്പിക്കാന്‍ വേണ്ടി സിലബസില്‍ തന്നെ ഫാര്‍മിങ് ഉള്‍പ്പെടുത്തി. നീണ്ടു കിടക്കുന്ന കൃഷിപ്പാടത്തിലേക്ക് ചെറിയ ക്ലാസ് മുതല്‍ വലിയ ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെ കൊണ്ടുപോയി കൃഷി നടത്തും. അതിന് വേണ്ടി മാത്രം ശമ്പളാടിസ്ഥാനത്തില്‍ ഒരു അധ്യാപികയേയും നിയമിച്ചു. കൃഷിയടത്തിലേക്ക് വരുന്നത് മുതല്‍ അതിന്റെ വളര്‍ച്ചയിലൂടെ കൊയ്ത്തു വരെ വിദ്യാര്‍ഥികള്‍ക്ക് പറഞ്ഞ് കൊടുക്കും. കൃഷിയോട് സ്‌നേഹം കാട്ടാത്ത ഒരു തലമുറയ്ക്ക് മുന്നില്‍ ഇതൊരു മുതല്‍കൂട്ടാവുമെന്ന് തീര്‍ച്ച. പല തരത്തിലുള്ള പച്ചക്കറികളും പഴങ്ങളും അവിടെ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. അതിന് വേണ്ടരീതിയിലുള്ള പരിചരണങ്ങളും സഹായങ്ങളും അധ്യാപിക ചെയ്ത് നല്‍കും.
മന്ത്രാലയത്തിന്റെ ഹരിത പുരസ്‌കാരം
യു.എ.ഇ ഈ വര്‍ഷം സഹന വര്‍ഷമായി ആചരിക്കുകയാണ്. അതിന്റെ ഭാഗമായി അജ്മാന്‍ സ്റ്റേറ്റ് ഏര്‍പ്പെടുത്തിയ കര്‍ഷക ഹരിത അവാര്‍ഡില്‍ ഏറ്റവും മികച്ച സ്‌കൂളിനുള്ള അവാര്‍ഡും ഹാബിറ്റേറ്റ് സ്‌കൂളിനെ തേടിയെത്തി. പച്ചപ്പിന് സഹനവുമായി ഒരു ബന്ധമുണ്ടെന്നത് സത്യമാണ്. അത് കൊണ്ടാണല്ലോ അജ്മാന്‍ മന്ത്രാലയത്തില്‍ നിന്നു പ്രതിനിധികള്‍ നേരിട്ട് സ്‌കൂളിലേക്ക് വന്ന് ഈ പുരസ്‌കാരം സമര്‍പ്പിച്ചത്.
ഗിന്നസ് റെക്കോര്‍ഡിലേക്കുള്ള
ചുവടുവയ്പ്പ്
ഏപ്രില്‍ 30ന് ഗിന്നസ് ബുക്കില്‍ ഇടം നേടി മറ്റൊരു ലക്ഷ്യവും പൂര്‍ത്തീകരിച്ചിരിക്കുകയാണ് സ്‌കൂള്‍. ഏറ്റവും കൂടുതല്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്ത റെക്കോര്‍ഡാണ് ഹാബിറ്റേറ്റിന്റെ പേരില്‍ എഴുതിച്ചേര്‍ക്കപ്പെട്ടത്. 9350 വൃക്ഷത്തൈകളാണ് സ്‌കൂള്‍ സ്വന്തം മണ്ണില്‍ മുളപ്പിച്ചെടുത്ത് വിദ്യാര്‍ഥികളിലൂടെ വിതരണം ചെയ്തത്. ഇതോടെ 4800 തൈകള്‍ വിതരണം ചെയ്ത ഒരു വ്യക്തിയുടെ റെക്കോര്‍ഡാണ് പഴങ്കഥയായത്. വിദ്യാര്‍ഥികളില്‍ നിന്ന് അജ്മാന്‍ മുനിസിപ്പാലിറ്റി അതേറ്റെടുക്കുകയും രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ അത് വച്ചു പിടിപ്പിക്കുകയും ചെയ്യും. സ്വപ്ന തുല്യമായ നേട്ടത്തിന്റെ ആവേശത്തിലാണ് സ്‌കൂള്‍ മാനേജ്‌മെന്റും വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും.
മരുഭൂമിയിലെ കേരളാന്തരീക്ഷം
ഈ മരങ്ങള്‍ നട്ടുവളര്‍ത്തിയതും ചുറ്റുപാട് കൃഷി നടത്തിയതിനും പിന്നില്‍ മറ്റൊരു ലക്ഷ്യം കൂടി ശംസുവിനുണ്ടായിരുന്നു, നമ്മുടെ നാടിന്റെ തനിമയിലൂന്നിയ ഒരു ചുറ്റുപാട് ഇവിടെ ലഭ്യമാക്കണം. ഏത് മലയാളിയും കൊതിക്കുന്ന അന്തരീക്ഷം. കേരളമെന്ന് കേട്ടാല്‍ മനസില്‍ ഓടിവരുന്ന ആദ്യ ചിത്രം കായലിന് ഓരം ചേര്‍ന്ന് നിലല്‍ക്കുന്ന മരങ്ങളും, പച്ചവിരിച്ച കൃഷിപ്പാടങ്ങളുമാവും. വിദേശികള്‍ കേരളത്തിലേക്കൊഴുകുന്നതും ഈ ഭംഗി കണ്ടുതന്നെയല്ലേ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."