പെരിയ ഇരട്ടക്കൊലപാതകം; സി.ബി.ഐ അന്വേഷണം ആരംഭിക്കുന്നത് വരെ വിശ്രമമില്ല: മുല്ലപ്പള്ളി
പെരിയ(കാസര്‍കോട്): പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുന്നത് വരെ വിശ്രമമില്ലെന്നും പ്രവര്‍ത്തകര്‍ക്കെതിരേയുള്ള കള്ളക്കേസുകള്‍ നിയമപരമായി നേരിടുന്നതിന് കെ.പി.സി.സി കൂടെയുണ്ടാകുമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് കോണ്‍ഗ്രസ് ബൂത്ത് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടില്‍ അക്രമം നടത്തി അരാജകത്വം സൃഷ്ടിച്ച് രാഷ്ട്രീയ ലാഭംനേടാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും ഇതിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതിയിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇരട്ടക്കൊലപാതകത്തിന് ശേഷം കല്യോട്ട് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ സി.പി.എം അക്രമങ്ങള്‍ അഴിച്ചുവിടുന്നത് തടയാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. അക്രമികള്‍ക്കെതിരേ നടപടിയെടുക്കുന്നതിന് പകരം ഇരകള്‍ക്കെതിരെയും നിരപരാധികള്ക്കെതിരെയുമാണ് പൊലിസ് കേസെടുക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരേ നിയപരമായ പോരാട്ടം നടത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. ജനാര്ദ്ദനന് കല്യോട്ട് അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്, സെക്രട്ടറി കെ. രതികുമാര്‍, യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, അഡ്വ. സി.കെ ശ്രീധരന്, യു.ഡി.എഫ് കണ്‍വീനര്‍ എ. ഗോവിന്ദന് നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."