രാഹുല്‍, സോണിയ, പവാര്‍, മായാവതി, അഖിലേഷ്, കെജ്രിവാള്‍: മോദിയെ പുറത്താക്കാന്‍ ഒടിനടക്കുന്ന നായിഡു 48 മണിക്കൂറിനിടെ കണ്ടവര്‍
ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു ഡല്‍ഹിയിലേക്ക് തിരിച്ചു. പിന്നെ തിരക്കിട്ട ഷെഡ്യൂളുകള്‍. ഒട്ടം സമയം പാഴാക്കാതെ പരമാവധി ആളുകളെ കാണാന്‍ അദ്ദേഹം ഓടി നടക്കുന്നു. നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും അധികാരത്തില്‍ നിന്ന് പുറത്താക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെ 21 പ്രതിപക്ഷ പാര്‍ട്ടികളെയും ഒറ്റ മാലയില്‍ കോര്‍ക്കാനാണ് ചന്ദ്രബാബു നായിഡുവിന്റെ ശ്രമം.
മെയ് 16നു തന്നെ ചന്ദ്രബാബു നായിഡു ഡല്‍ഹിയിലേക്കു തിരിച്ചു. ആദ്യം പോയത് തെരഞ്ഞെടുപ്പ് കമ്മിഷനില്‍, തന്റെ സംസ്ഥാനത്തെ ചില മണ്ഡലങ്ങളില്‍ റീപോളിങ് വേണമെന്ന ആവശ്യവുമായി. കമ്മിഷന്‍ ഓഫിസില്‍ നിന്ന് ഇറങ്ങിയ ഉടനെ അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചു.
ആദ്യം കണ്ടത് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ. ഒരു മണിക്കൂറിലേറെ നീണ്ട ചര്‍ച്ച. വോട്ടിങ് മെഷീന്‍ പ്രശ്‌നവും ഭാവിയില്‍ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ചും സംസാരിച്ചു.
അടുത്ത സന്ദര്‍ശനം ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന്റെ അടുത്തേക്കായിരുന്നു. ഒപ്പം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും രാജ്യസഭാ എം.പി സഞ്ജയ് സിങുമുണ്ടായിരുന്നു.
പിന്നാലെ, സി.പി.ഐ നേതാവ് സുധാകര്‍ റെഡ്ഡി, ഇവിടെ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിളിച്ചു. ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കു ശേഷം എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ വീട്ടിലേക്ക്.
മൂന്നു മണിക്കായിരുന്നു ഉച്ചഭക്ഷണം. നാലു മണിയോടെ നേരെ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ അടുത്തെത്തി. അവിടെയും ഒരു മണിക്കൂര്‍ കൂടിക്കാഴ്ച. 80 ല്‍ 50 സീറ്റ് സഖ്യത്തിന് കിട്ടുമെന്ന് അഖിലേഷ് അറിയിക്കുന്നു. മോദിയെ പുറത്താക്കാന്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.
അവിടെ നിന്ന് നേരെ ബി.എസ്.പി നേതാവ് മായാവതിയുടെ അടുത്തേക്ക്. ഇവര്‍ തമ്മില്‍ ചര്‍ച്ച ഒന്നര മണിക്കൂര്‍ നീണ്ടുനിന്നു. ബി.ജെ.പിയെ പുറത്താക്കാന്‍ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് മായാവതിയുടെ ആവശ്യം. യു.പിയില്‍ സഖ്യത്തിന് 60 സീറ്റ് ലഭിക്കുമെന്ന് മായാവതി.
ശനിയാഴ്ച രാത്രിയോടെ നായിഡു ഡല്‍ഹിയിലേക്കു തന്നെ മടങ്ങി. ഞായറാഴ്ച രാവിലെയാണ് ഇനി ബാക്കിയുള്ള കൂടിക്കാഴ്ചകള്‍.
രാഹുല്‍ ഗാന്ധിയെയും ശരദ് പവാറിനെയും കണ്ട് യു.പി സന്ദര്‍ശനത്തിന്റെ ശുഭസൂചന അറിയിച്ചു. പിന്നെ യെച്ചൂരിയെ വീണ്ടും കണ്ടു. 24 മണിക്കൂറിനിടെ രണ്ടാമത്തെ കൂടിക്കാഴ്ച. ഞായറാഴ്ച വൈകുന്നേരെ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുമായുള്ള യോഗം.
അങ്ങനെ, ബി.ജെ.പിയെ പുറത്താക്കാന്‍ ഓടി നടക്കുകയാണ് ചന്ദ്രബാബു നായിഡു. പ്രതിപക്ഷ ക്യാംപിനെ ഒറ്റ കണ്ണിയില്‍ കോര്‍ക്കാനുള്ള ശ്രമമാണ് പ്രധാനമായും നടക്കുന്നത്. ഫലം വരുന്നതിനു മുന്‍പേ അതിനുള്ള ശ്രമം ശക്തമാക്കുകയാണ് അദ്ദേഹം.
തെലങ്കാന മുഖ്യമന്ത്രിയും ടി.ആര്‍.എസ് മേധാവി കെ. ചന്ദ്രശേഖര റാവു കോണ്‍ഗ്രസിതര, ബി.ജെ.പിയിതര മൂന്നാം ബദലുണ്ടാക്കാനുള്ള ശ്രമവും നടത്തുന്നുണ്ടെന്ന സൂചനയുണ്ട്. അതിനു തടയിടാന്‍ കൂടിയാണ് ചന്ദ്രബാബു നായിഡുവിന്റെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."