ദാറുല്‍ഹുദയും മൊറോക്കോ സര്‍വകലാശാലയും തമ്മില്‍ അക്കാദമിക സഹകരണത്തിന് ധാരണ
റബാത്ത്: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയും മൊറോക്കോയിലെ അല്‍ ഖറവിയ്യീന്‍ സര്‍വകലാശാലയും തമ്മില്‍ അക്കാദമിക സഹകരണത്തിന് ധാരണയായി.
അല്‍ ഖറവിയ്യീന്‍ സര്‍വകലാശാലയുടെ റബാത്ത് കാംപസില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ റെക്ടര്‍ പ്രൊഫ. ഡോ. അഹ്മദ് ഖംലീശിയും ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
യുനെസ്‌കോയുടെയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെയും പട്ടികപ്രകാരം ലോകത്തെ ഏറ്റവും പഴക്കമേറിയ ഉന്നത പഠനകേന്ദ്രമാണ് അല്‍ ഖറവിയ്യീന്‍ സര്‍വകലാശാല. ആഗോളതലത്തിലെ അതിപുരാതന സര്‍വകലാശാല ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സര്‍വകലാശാലയുമായി കൈകോര്‍ക്കുന്നത്.
അക്കാദമിക ധാരണപ്രകാരം വിദ്യാര്‍ഥി കൈമാറ്റത്തിലും ഗവേഷണത്തിലും വിവിധ അക്കാദമിക സംരംഭങ്ങളിലും ഇരു കലാലയങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കും. സര്‍വകലാശാലയുടെ ഉന്നത ഇസ്‌ലാമിക മതപഠന വിഭാഗമായ ദാറുല്‍ഹദീസ് അല്‍ ഹസനിയ്യയുമായുള്ള പ്രത്യേക സഹകരണവും ധാരണാപത്രത്തിന്റെ ഭാഗമാണ്.
മൊറോക്കോയുടെ മുന്‍ രാജാവ് ഹസന്‍ രണ്ടാമന്‍ സ്ഥാപിച്ച ദാറുല്‍ഹദീസ് നിലവില്‍ അല്‍ ഖറവിയ്യീന്‍ സര്‍വകലാശാലക്കുകീഴിലുള്ള സ്വതന്ത്ര കാംപസാണ്.
ഇസ്‌ലാമിക സര്‍വകലാശാലകളുടെ അന്തര്‍ദേശീയ കൂട്ടായ്മകളായ ഫെഡറേഷന്‍ ഓഫ് ദി യൂനിവേഴ്‌സിറ്റീസ് ഓഫ് ദി ഇസ്‌ലാമിക് വേള്‍ഡ്, ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് എന്നിവയില്‍ നേരത്തെതന്നെ ദാറുല്‍ ഹുദാക്ക് അംഗത്വമുണ്ട്.
ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി മലേഷ്യ, അല്‍ അസ്ഹര്‍ ഈജിപ്ത്, സൈത്തൂന ടുണീഷ്യ, സുല്‍ത്താന്‍ ശരീഫ് അലി ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ബ്രൂണെ, അങ്കാറ യൂനിവേഴ്‌സിറ്റി തുര്‍ക്കി തുടങ്ങി ഡസനിലധികം രാജ്യാന്തര സര്‍വകലാശാലകളുമായി ദാറുല്‍ഹുദാ നിലവില്‍ സഹകരിക്കുന്നുണ്ട്.
എം.ഒ.യു ചടങ്ങില്‍ ദാറുല്‍ഹദീസ് അല്‍ ഹസനിയ്യയുടെ ഡെപ്യൂട്ടി റെക്ടര്‍ പ്രൊഫ. ഡോ. അബ്ദുല്‍ ഹമീദ് അശ്ശാഖും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."