അപകടത്തില്‍പ്പെട്ടത് പഴക്കമില്ലാത്ത ഗ്ലൈഡര്‍; ഒഴിവായത് വന്‍ ദുരന്തം
മട്ടാഞ്ചേരി: കൊച്ചിയില്‍ അപകടത്തില്‍പെട്ടത് ഏറെ പഴക്കമില്ലാത്ത ഗ്ലൈഡര്‍ വിമാനം. ഇതിന് അഞ്ചു വര്‍ഷത്തെ പഴക്കമാണ് കണക്കാക്കുന്നത്. നാവികസേനയുടെ പരിശീലനക്കളരിയായ ഗരുഡയില്‍ നിത്യേന നടക്കുന്ന പറക്കല്‍ പരിശീലനത്തിനിടെ നടന്ന അപകടം നാവികകേന്ദ്രങ്ങളില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. അപകടം അവധി ദിനത്തിലായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
വിമാനം വീണ തോപ്പുംപടി പാലത്തിനു വാരകള്‍ക്കകലെയാണ് വാത്തുരുത്തി കോളനിയുള്ളത്. കുടാതെ വിവിധതരം രാസവസ്തുക്കളുടെ സംഭരണികളും ഇതിനു സമീപമുണ്ട്. സാധാരണ ദിനങ്ങളില്‍ രാവിലെ ഒട്ടേറെ ടാങ്കറുകളടക്കമുള്ള വാഹനങ്ങള്‍ തങ്ങുന്ന തുറമുഖത്തെ പ്രധാന റോഡുകളിലൊന്നാണ് കുണ്ടന്നൂര്‍ റോഡ്. മട്ടാഞ്ചേരി ആര്‍.ടിഒ ഓഫിസിലെ വാഹന ടെസ്റ്റുകളടക്കമുള്ളവയും മറ്റു വാഹന പരിശീലനവും നടക്കുന്ന ടെസ്റ്റ് മൈതാനിക്കു സമീപമാണ് ഗ്ലൈഡര്‍ തകര്‍ന്നുവീണത്. ദൈവാനുഗ്രഹത്താലാണ് വന്‍ ദുരന്തം ഒഴിവായതെന്ന് പ്രഭാതസവാരിക്കിറങ്ങിയ ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അതേസമയം കൊച്ചിയില്‍ നാവിക വിമാനങ്ങളുടെ പറക്കല്‍ പരിശീലനത്തില്‍ ഗ്ലൈഡര്‍ വിമാനങ്ങള്‍ അപകടത്തില്‍പെടുന്നതും ജീവന്‍ നഷ്ടപ്പെടുന്നതും വിരളമാണന്ന് നാവിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വിമാനത്തിന്റെ സാങ്കേതിക തകരാറോ മറ്റു വീഴ്ചകളോ ആണോ അപകടത്തിനിടയാക്കിയതെന്ന് അന്വേഷണശേഷമേ പറയാനാകൂ. ഇന്നലത്തെ അപകടത്തില്‍ മരിച്ച ലഫ്റ്റനന്റ് രാജീവ് ഝാ മികച്ച പരിശീലകനായിരുന്നു. ഗ്ലൈഡര്‍ പരിശീലന പറക്കല്‍ നിത്യേനയുളളതാണ്. പത്തു വര്‍ഷത്തിലെറെയായി അദ്ദേഹം പരിശീലകനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും നാവികസേനാ വൃത്തങ്ങള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."