സഊദിയില്‍ ജോലിക്കുപോയ ജൂലിയെക്കുറിച്ച് വിവരമില്ല; ആധിയോടെ കുടുംബം
മാനന്തവാടി: മൂന്നു പെണ്‍മക്കളാണ് മാനന്തവാടി പെരുവക പാത്തിവയയിലെ ജൂലിക്ക്(51). പ്രാരാബ്ദങ്ങളില്‍ പെട്ടുഴലുമ്പോള്‍ ജീവിതം പച്ച പിടിപ്പിക്കാനായി മറുനാട്ടിലേക്ക് പോയതാണവര്‍.
ഒരു വര്‍ഷം മുന്‍പ് സഊദി അറേബ്യയിലെത്തിയ ജൂലിയെ കുറിച്ച് ഒന്നര മാസക്കാലമായി ഇപ്പോള്‍ ഒരു വിവരവുമില്ല. ഏജന്റുമാരുടെ ചതിയിലകപ്പെട്ട ഇവരെ കുറിച്ച് യാതൊരു വിവരവുമില്ലാത്തതിനാല്‍ ആധിയോടെ കഴിയുകയാണ് മക്കളും ഭര്‍ത്താവും മറ്റു ബന്ധുക്കളും.
റിട്ട. അധ്യാപകനും ശില്‍പിയും ചിത്രകാരനുമായ കരൂടിയില്‍ ശശിയുടെ ഭാര്യയാണ് മുന്‍ മാനന്തവാടി ഗ്രാമപഞ്ചായത്തംഗം കൂടിയായ ജൂലി. സര്‍ക്കാര്‍ സര്‍വിസില്‍ 32 വര്‍ഷം ജോലി ചെയ്തിട്ടും കാര്യമായ സമ്പാദ്യമൊന്നും ശശിക്കുണ്ടായിരുന്നില്ല. ജോലി ചെയ്തിരുന്ന കാലയളവില്‍ കടമെടുക്കാനും മറ്റും സുഹൃത്തുക്കളായെത്തിയവര്‍ക്ക് ജാമ്യം നിന്നു. അവര്‍ അത് തിരിച്ചടക്കാതെ വന്നപ്പോള്‍ ശമ്പളവും പെന്‍ഷനും ലഭിക്കാതായി.
ഹൃദ്രോഗിയായ മാഷിനു ഒരു ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയതാണ്. ഇപ്പോള്‍ ഏറണാകുളം ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ഭാര്യയുടെ വിവരം കൂടി അറിയാതപ്പോള്‍ അദ്ദേഹം ആകെ തളര്‍ന്നിരിക്കുകയാണ്. പെന്‍ഷനാവുമ്പോള്‍ ലഭിച്ച തുച്ഛമായ തുകകൊണ്ട് വീടു നിര്‍മിക്കാനുള്ള ശ്രമം ഇവര്‍ തുടങ്ങിയിരുന്നു. ഇത് പാതിവഴിയില്‍ നിലച്ചു. ബന്ധുക്കളോടും മറ്റും കടംവാങ്ങി ആസ്ബറ്റോസ് ഷീറ്റുകള്‍ കൊണ്ട് ഇപ്പോള്‍ മേല്‍ക്കൂര തീര്‍ത്തിട്ടുണ്ട്.
വീടിന്റെ പണി പൂര്‍ത്തിയാക്കണം. ഇളയ മകളെ വിവാഹം കഴിപ്പിച്ചയക്കണം തുടങ്ങിയ ആഗ്രഹ സാധിക്കുന്നതിനായിട്ടാണ് വീടു വിട്ടു നില്‍ക്കാന്‍ മടിയായിരുന്നിട്ടും ജോലി തേടി ജൂലി വിദേശത്തേക്ക് പോയത്. വീട്ടുജോലിക്കെന്ന പേരിലാണ് ഇവരെ സഊദിയിലെത്തിച്ചെങ്കിലും ആ ജോലിയൊന്നുമല്ല നല്‍കിയതെന്ന് മകള്‍ ആരതി പറയുന്നു. മതിയായ ഭക്ഷണവും മാറി ധരിക്കുന്നതിനുള്ള വസ്ത്രവും അമ്മയ്ക്കു ലഭിക്കാറുണ്ടായിരുന്നില്ല.
1200റിയാല്‍ ശമ്പളം നല്‍കുമെന്നറിയിച്ചെങ്കിലും 1000 റിയാലാണത്രേ നല്‍കിയിരുന്നത്. നാലു മാസക്കാലമായി ശമ്പളം ലഭിക്കുന്നുമില്ല. ഇതുമായി ബന്ധപ്പെട്ട് ജോലിക്കു കൊണ്ടു പോയയാളെ ബന്ധപ്പെട്ടപ്പോള്‍ ഒഴിഞ്ഞു മാറുകയാണ്. മലപ്പുറത്തുള്ള മറ്റൊരാളുടെ നമ്പര്‍ നല്‍കിയിരുന്നെങ്കിലും ഇയാളും ഒഴിഞ്ഞു മാറുകയാണെന്ന് ആരതി പറഞ്ഞു. അമ്മയ്ക്കു പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ അസുഖമുള്ളതായും മകള്‍ പറഞ്ഞു.
തന്റെ അമ്മയെ മോചിപ്പിച്ച് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നാവശ്യപ്പെട്ട് നോര്‍ക്കയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടിവര്‍. വിദേശകാര്യ മന്ത്രാലയത്തിന്റെ അനാസ്ഥയാണ് ജൂലിയുടെ മോചനം വൈകിപ്പിക്കുന്നതെന്ന ആരോപണവുമുണ്ട്.
ജൂലിയുടെ മോചനത്തിനായി ഒ.ആര്‍ കേളു എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."