നിലമ്പൂര്‍-ഏറനാട് താലൂക്കുകളിലെ പ്രളയക്കെടുതി; നാശനഷ്ടം കനത്തതെന്ന് ജില്ലാ പഞ്ചായത്ത് പ്രതിനിധിസംഘം
മലപ്പുറം: ജില്ലയില്‍ പ്രളയക്കെടുതിമൂലം നിലമ്പൂര്‍-ഏറനാട് താലൂക്കുകളില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ ഭീകരമെന്ന് ജില്ലാ പഞ്ചായത്ത് പ്രതിനിധി സംഘത്തിന്റെ വിലയിരുത്തല്‍. പ്രളയവും ഉരുള്‍പൊട്ടലും പഞ്ചായത്തിന്റെ ആസ്തികള്‍ക്കുണ്ടാക്കിയ നഷ്ടങ്ങള്‍ വിലയിരുത്താന്‍ രൂപീകരിച്ച പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, സെക്രട്ടറി പ്രീതി മേനോന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ സി. ചന്ദ്രന്‍ എന്നിവരടങ്ങിയ സമിതിയാണ് തുവ്വൂര്‍, കരുവാരകുണ്ട്, ചാലിയാര്‍ എന്നീ പഞ്ചായത്തുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
52 വീടുകള്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മതില്‍ മൂലയിലെ കോളനിയില്‍ താമസിക്കുന്നവരും ഒരു കുടുംബമൊന്നാകെ മണ്ണിനടിയിലായ ചെട്ടിയാം തൊടി കോളനിയിലെ അവശേഷിക്കുന്നവരും കഴിയുന്ന എരഞ്ഞിമങ്ങാട് യതീംഖാനയിലെ ക്യാംപില്‍ സംഘം സന്ദര്‍ശനം നടത്തി.
താമസിച്ചിരുന്ന സ്ഥലത്തേക്ക് ഇനി തിരിച്ച് പോവുന്നത് സംബന്ധിച്ച് ചിന്തിക്കാന്‍ പോലും സാധ്യമല്ലെന്ന് കോളനികളില്‍നിന്ന് പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെട്ടവര്‍ സംഘത്തോട് പറഞ്ഞു. ഗതിമാറി ഒഴുകിയ കാഞ്ഞിരപ്പുഴയിലൂടെ ഉരുള്‍പൊട്ടി ഉരുണ്ടുവന്ന പാറക്കല്ലുകള്‍ കൊണ്ട് നിറഞ്ഞ മതില്‍ മൂല കോളനിയില്‍ ഇനി വീട് നിര്‍മിക്കാന്‍ കഴിയില്ല. മലയിടിച്ചില്‍ ഭീഷണിയില്ലാത്ത സ്ഥലത്ത് സുരക്ഷിതമായ വീട് നിര്‍മിച്ച് പുനരധിവാസ പദ്ധതി നടപ്പിലാക്കണമെന്ന് ദുരിതമനുഭവിക്കുന്നവര്‍ ആവശ്യപ്പെട്ടു.
റോഡ് രണ്ടായി പിളര്‍ന്ന മാമ്പുഴ ഇരിങ്ങാട്ടിരി റോഡിലെ പാലത്തിന്റെ അപ്രോച്ച് റോഡ്, ഒലിച്ച് പോയ തുവ്വൂര്‍ പഞ്ചായത്തിലെ ഈങ്ങേക്കല്‍ പ്രദേശം, മലവെള്ള പാച്ചിലില്‍ തകര്‍ന്ന് കരയില്‍ കയറി കിടക്കുന്ന ഇരുമ്പുപാലം സ്ഥിതി ചെയ്തിരുന്ന തണ്ടുങ്ങല്‍ പ്രദേശം, വിസിബി കം ബ്രിഡ്ജ് ഭാഗികമായി തകര്‍ന്ന തുവ്വൂരിലെ തെക്കുംപുറം പ്രദേശം തുടങ്ങി നിരവധി സ്ഥലങ്ങളിലും ജില്ലാ പഞ്ചായത്ത് സംഘം സന്ദര്‍ശനം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി.പി അഷ്‌റഫലി, ഇസ്മാഈല്‍ മൂത്തേടം, ഷേര്‍ളി വര്‍ഗീസ് എന്നിവരും പര്യടന സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."