എക്‌സിറ്റ് പോളില്‍ തളരാതെ ചന്ദ്രബാബു നായിഡു: സഖ്യ ചര്‍ച്ച ശക്തമാക്കി, സോണിയയും രാഹുലുമായി വീണ്ടും കൂടിക്കാഴ്ച
ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം എന്‍.ഡി.എ അധികാരത്തിലേറുമെന്ന് പറയുന്നുണ്ടെങ്കിലും അതിലൊന്നും ശ്രദ്ധിക്കാതെ പ്രതിപക്ഷ സഖ്യം ശക്തമാക്കാനുള്ള ഓട്ടത്തിലാണ് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തിങ്കളാഴ്ച വീണ്ടും നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയെയും കണ്ടു.
രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് നായിഡു രാുഹല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുമായും വീണ്ടും കൂടിക്കാഴ്ച നടത്തി.
ശനിയാഴ്ചയും ഞായറാഴ്ചയുമായി നിരവധി പ്രതിപക്ഷ നേതാക്കളുമായി ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു. എസ്.പി നേതാവ് അഖിലേഷ് യാദവ്, ബി.എസ്.പി നേതാവ് മായാവതി, എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാള്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍.സി.പി നേതാവ് ശരദ് പവാര്‍ തുടങ്ങിയവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. ഇതില്‍ പലരെയും നായിഡു വീണ്ടും വീണ്ടും കാണുന്നുണ്ട്. സി.പി.ഐ നേതാക്കളായ സുധാകര്‍ റെഡ്ഢിയേയും ഡി. രാജയേയും നായിഡു കണ്ടിരുന്നു.
എക്‌സിറ്റ് പോളില്‍ ബി.ജെ.പിക്കും എന്‍.ഡി.എയ്ക്കും വലിയ മുന്നേറ്റമാണ് പ്രവചിച്ചിരിക്കുന്നത്. മിക്ക എക്‌സിറ്റ് പോളുകളിലും ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ 300 ല്‍ പരം സീറ്റുകളും കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ 130 ഓളം സീറ്റുകളും ജയിക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ 336 സീറ്റുകളായിരുന്നു നേടിയത്.
മേയ് 23 ന് രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ ഫലങ്ങള്‍ അറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."