ഗ്യാസ് വിതരണത്തില്‍ ക്രമക്കേടെന്ന് പരാതി: വ്യാജന്മാരും സജീവം
കല്ലമ്പലം: വര്‍ക്കലയില്‍ ഗ്യാസ് വിതരണ രംഗത്തു ക്രമക്കേടെന്ന് പരാതി. കുതിച്ചു കയറുന്ന ഗ്യാസ് വില താങ്ങാനാകാതെ വലയുന്ന ഉപഭോക്താക്കളെ വ്യാജ ഗ്യാസ് വിതരണക്കാരും വട്ടം ചുറ്റിക്കുന്നു. വര്‍ഷത്തില്‍ പന്ത്രണ്ട് കുറ്റിയെന്ന കണക്കില്‍ ഗാര്‍ഹികാവശ്യത്തിന് അംഗീകൃത ഗ്യാസ് ഏജന്‍സികള്‍ സിലിണ്ടറുകള്‍ പരിമിതപ്പെടുത്തിയത് ഉപഭോക്താക്കളെ വലച്ചിരുന്നു.
ഇത് ചൂഷണം ചെയ്തു കൊണ്ടാണ് വ്യാജന്മാര്‍ രംഗ പ്രവേശനം ചെയ്തിരിക്കുന്നത്. ഏജന്‍സികള്‍ നിയോഗിച്ച വിതരണക്കാരാണെന്ന വ്യാജേനയാണ് ഇക്കൂട്ടര്‍ വീടുകളില്‍ എത്തുന്നത്. പിക്അപ് വാഹനത്തില്‍ എത്തുന്ന ഇക്കൂട്ടര്‍ കമ്പനിയുടെ പേരോ സ്വന്തം ഐഡന്റിറ്റിയോ വെളിപ്പെടുത്താറില്ല. രാവിലെ പത്ത് മണി കഴിയുന്നതോടെ ഇട റോഡുകള്‍ ലക്ഷ്യമിട്ടു എത്തുന്നവരുടെ കെണിയില്‍ വീഴുന്നതില്‍ കൂടുതലും സ്ത്രീകളാണ്. റിപ്പയറിന് വീടുകളില്‍ എത്തുന്നത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ്.
പ്രവാസികളുടെ വീടുകള്‍ ലക്ഷ്യം വച്ച് എത്തുന്ന ഇക്കൂട്ടര്‍ സിലിണ്ടറില്‍ നിന്നുള്ള പൈപ്പ്, ബര്‍ണര്‍ എന്നിവയും സ്റ്റൗവിന്റെ അനുബന്ധ ഉപകരണങ്ങളും പരിശോധന നടത്തുവാന്‍ ഏജന്‍സികള്‍ നിയോഗിച്ചവരാണെന്ന വ്യാജേനയാണ് പെരുമാറുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാട്ടി പഴയവ നീക്കം ചെയ്യുകയും പുതുതായി നല്‍കുന്നവയ്ക്ക് അമിത വില ഈടാക്കുകയും ചെയ്യും.
എന്നാല്‍ ഏജന്‍സികളുമായി ബന്ധപ്പെട്ടവര്‍ വ്യാജന്മാരെ സൂക്ഷിക്കുക എന്ന ഉപദേശം നല്‍കുകയല്ലാതെ നടപടികള്‍ക്ക് മുതിരാത്തത് ഉപഭോക്താക്കള്‍ സംശയത്തിന്റെ ദൃഷ്ടിയില്‍ കാണുന്നു.
വീടുകളില്‍ സാധാരണ രണ്ട് പേര്‍ ചേര്‍ന്ന സംഘമായാണ് എത്തുന്നത്. ഗ്യാസ് തീരാറായോ എന്നാണ് ആദ്യ ചോദ്യം കൂടാതെ ഗ്യാസിന് ക്ഷാമം തുടങ്ങിയെന്ന് ധരിപ്പിച്ചു കൊണ്ട് തീരാറായ ഗ്യാസ് കുറ്റി മാറ്റി നല്‍കാമെന്ന വാഗ്ദാനം നല്‍കുന്നു. തുടര്‍ന്ന് പാതയോരത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തില്‍ നിന്നും എടുത്തു നല്‍കാമെന്ന് പറഞ്ഞു മുങ്ങുന്ന ഇക്കൂട്ടരെ മഷിയിട്ടു നോക്കിയാല്‍ പോലും കണ്ടു കിട്ടാറില്ല. ഇതുമായി ബന്ധപ്പെട്ട് വര്‍ക്കല പൊലിസില്‍ രണ്ട് പരാതികള്‍ ഇതിനോടകം ലഭിച്ചു കഴിഞ്ഞു.
സാധാരണയായി ഗാര്‍ഹിക ആവശ്യത്തിനായി നല്‍കുന്ന ഗ്യാസ് കുറ്റിക്ക് 800 മുതല്‍ 900 രൂപവരെയാണ് ഈടാക്കുന്നത്. എന്നാല്‍ ഉപഭോഗം കൂടുതലുള്ള ചില ഉപഭോക്താക്കളില്‍ നിന്നും വ്യാജന്‍മാര്‍ വാങ്ങുന്നത് 4000 രൂപവരെയാണ്. ബാങ്ക് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ കൊള്ളയില്‍ ഇതിനോടകം വീണുകഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."