യുദ്ധഭീഷണിയില്‍ പശ്ചിമേഷ്യ
പശ്ചിമേഷ്യയില്‍ ഉരുണ്ടുകൂടിയ യുദ്ധഭീഷണിയെത്തുടര്‍ന്ന് സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെയും അറബ് ലീഗ് അംഗ രാഷ്ട്രങ്ങളുടെയും അടിയന്തരയോഗം വിളിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഈ മാസം 30ന് മക്കയില്‍ യോഗം ചേര്‍ന്ന് സുരക്ഷാകാര്യങ്ങള്‍ അവലോകനം ചെയ്യുന്നതോടൊപ്പംതന്നെ യുദ്ധം ഒഴിവാക്കാനുള്ള സക്രിയമായ ചര്‍ച്ചകളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
ഇറാനില്‍നിന്ന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് അമേരിക്ക ഗള്‍ഫ് കടലില്‍ വിമാനവാഹിനിക്കപ്പല്‍ വിന്യസിച്ചിരിക്കുകയാണ്. യു.എ.ഇയിലെ ഫുജൈറ തീരത്ത് സഊദി അറേബ്യയുടേത് ഉള്‍പ്പെടെ നാല് എണ്ണക്കപ്പലുകള്‍ക്കു നേരെയുണ്ടായ ആക്രമണവും സഊദി എണ്ണക്കമ്പനിയായ അരാംകോയുടെ രണ്ട് എണ്ണ വിതരണ കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണവുമാണ് അടിയന്തരമായി ഇത്തരമൊരു യോഗം വിളിച്ചുകൂട്ടാന്‍ സഊദി ഭരണാധികാരിയെ നിര്‍ബന്ധിതനാക്കിയത്. മക്കയില്‍ ഇസ്‌ലാമിക് ഉച്ചകോടി നടക്കാനിരിക്കെ അതിനു മുന്‍പ് ഇത്തരമൊരു അടിയന്തരയോഗം വിളിച്ചത് പ്രശ്‌നം അതീവ ഗുരുതരമായതുകൊണ്ടാണ്.
പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ സംഘര്‍ഷവും ആക്രമണവും ഉണ്ടാകാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. സാമ്രാജ്യ- സയണിസ്റ്റ് ശക്തികള്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും അധിനിവേശം നടത്താനും പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളെ തമ്മില്‍ തല്ലിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അതു പക്ഷെ ഈ രാഷ്ട്രങ്ങളൊന്നും ഓര്‍ക്കുന്നില്ലെന്നു മാത്രം.
പശ്ചിമേഷ്യന്‍ രാഷ്ട്രസമൂഹങ്ങളില്‍ ഛിദ്രതയും അക്രമവാസനയും പെരുപ്പിക്കാന്‍ അമേരിക്കയും ഫ്രാന്‍സും ചൈനയും ജര്‍മനിയും റഷ്യയും ഇസ്രാഈലും ഒറ്റക്കെട്ടാണ്. ഇറാനാകട്ടെ പാശ്ചാത്യ ശക്തികളുടെ ഇടപെടലിന് അവസരം ഒരുക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതര ഗള്‍ഫ് രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും അവിടെ ഛിദ്രത വളര്‍ത്തുകയും ചെയ്യുന്ന ശീലം ഇറാന്‍ ഇപ്പോഴും തുടരുകയാണ്. ഇത് സാമ്രാജ്യ ശക്തികള്‍ക്ക് പശ്ചിമേഷ്യയെ തകര്‍ക്കുന്നതിന് എളുപ്പവഴി തുറന്നുകൊടുക്കുകയും ചെയ്യുന്നു. നേരത്തെ അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങളില്‍നിന്ന് സാമ്പത്തിക ഉപരോധം നേരിട്ട രാജ്യമാണ് ഇറാന്‍. ആണവ കരാറിനെ തുടര്‍ന്ന് ഉപരോധം പിന്‍വലിച്ചെങ്കിലും പശ്ചിമേഷ്യയില്‍ കുടില താല്‍പര്യമുള്ള ട്രംപ് അമേരിക്കയില്‍ അധികാരത്തില്‍ വന്നപ്പോള്‍ കരാറില്‍നിന്ന് സ്വയം പിന്മാറുകയും ഉപരോധം പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ അമേരിക്കയെപ്പോലെ കരാറില്‍നിന്ന് പിന്മാറിയിട്ടുമില്ല.
ഷീഈ വിഭാഗക്കാരായ ഇറാന്‍ ഭരണാധികാരികള്‍ സുന്നി വിഭാഗങ്ങള്‍ നയിക്കുന്ന രാഷ്ട്രങ്ങളില്‍ കലാപം സൃഷ്ടിക്കുന്ന പ്രവൃത്തി അനവരതം തുടരുന്നു എന്നത് യാഥാര്‍ഥ്യമാണ്. ഇതിനാലാണ് സഊദി അറേബ്യയടക്കം പല ഗള്‍ഫ് രാഷ്ട്രങ്ങളും ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചത്. സാമൂഹികമായി ഒറ്റപ്പെട്ട ഒരവസ്ഥയിലാണ് ഇറാന്‍ ഇപ്പോള്‍. ഈ അവസരം ഉപയോഗപ്പെടുത്തുകയാണ് അമേരിക്കയും ഇസ്രാഈലും യുദ്ധസന്നാഹങ്ങള്‍ ഒരുക്കിക്കൊണ്ട്. യമനില്‍ വിപ്ലവം നടത്തിക്കൊണ്ടിരിക്കുന്ന ഹൂതികളെ സഹായിക്കുന്നത് ഇറാനാണ്. ഹൂതികളാണ് സഊദി അറേബ്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ അക്രമം നടത്തിക്കൊണ്ടിരിക്കുന്നതും.
ഇപ്പോഴത്തെ യുദ്ധസമാനമായ അന്തരീക്ഷത്തിനു കാരണക്കാരന്‍ ട്രംപ് തന്നെയാണ്. ട്രംപിന്റെ അധിനിവേശ അതിമോഹങ്ങളാണ് പശ്ചിമേഷ്യയെ യുദ്ധമുഖത്തെത്തിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് 1,20,000 സൈനികരെ യു.എസ് ഗള്‍ഫ് മേഖലയിലേക്കയച്ചത്. 2003ല്‍ ഇറാഖിനെ തകര്‍ക്കാന്‍ ഇത്രയും എണ്ണം സൈന്യത്തെയായിരുന്നു ബുഷ് അയച്ചിരുന്നത്. ഒന്നും രണ്ടും ഗള്‍ഫ് യുദ്ധകാലങ്ങള്‍ക്കു സമാനമാണിപ്പോള്‍ ഗള്‍ഫിലെ അവസ്ഥ. പാട്രിയറ്റ് മിസൈല്‍ സംവിധാനം ഒരുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ബി 52 ദീര്‍ഘദൂര ബോംബര്‍ വിമാനങ്ങള്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരിക്കുന്നു. സഊദിയെയും ഗള്‍ഫ് രാഷ്ട്രങ്ങളെയും ഇറാന്റെ ഭീഷണിയില്‍നിന്ന് രക്ഷിക്കാനെന്ന ഭാവേന അമേരിക്കയും ഇസ്രാഈലും നടത്തുന്ന ഈ യുദ്ധനീക്കം ഭാവിയില്‍ സഊദിക്കും ഇതര ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കും ഭീഷണിയായിക്കൂടെന്നില്ല. അമേരിക്കയ്ക്ക് സഊദിയോടും ഗള്‍ഫ് രാഷ്ട്രങ്ങളോടും പ്രത്യേക മമത തോന്നുന്നത് അവരുടെ എണ്ണപ്പാടങ്ങള്‍ കൈവശപ്പെടുത്താനാണ്.
പശ്ചിമേഷ്യയെ മുഴുവന്‍ കൈയിലൊതുക്കുക എന്ന തന്ത്രമാണിവിടെ ട്രംപും ബെഞ്ചമിന്‍ നെതന്യാഹുവും പയറ്റുന്നത്. വിമാനവാഹിനിക്കപ്പലായ യു.എസ് എബ്രഹാംലിങ്കണ്‍, നാല് നശീകരണ കപ്പല്‍, പോര്‍വിമാനങ്ങള്‍ എന്നിവയെല്ലാം അമേരിക്ക ഇവിടെ വിന്യസിച്ചു കഴിഞ്ഞു. ഏതു സമയത്തും ഇറാനെതിരേ യുദ്ധം പൊട്ടിപ്പുറപ്പെടാം. ഷീഈ വികാരം തലയ്ക്കു പിടിച്ച ഇറാന്‍ സ്വയം ഉണ്ടാക്കിത്തീര്‍ത്ത വിനകളാണിതൊക്കെയും. ഇറാനെ ആക്രമിക്കാന്‍ ഒരുകാരണം കണ്ടെത്താനായി അമേരിക്കയാണ് സഊദി എണ്ണടാങ്കുകള്‍ക്ക് നേരെ അക്രമണം നടത്തിയതെന്ന ഇറാന്റെ വാദവും നിലനില്‍ക്കുന്നുണ്ട്.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ യു.എസ് എന്തും ചെയ്യുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഷെരീഫ് പറയുന്നത് മുഖവിലക്കെടുത്താല്‍പോലും അതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയല്ലേ ഇറാന്‍ എന്ന ചോദ്യത്തിന് അവര്‍ക്ക് എന്തു മറുപടിയാണുള്ളത്? ഷീഈ വിഭാഗങ്ങളല്ലാത്ത രാഷ്ട്രങ്ങള്‍ക്കു നേരെ ഒളിഞ്ഞും തെളിഞ്ഞും എന്തിനാണ് ഇറാന്‍ അക്രമം നടത്തിക്കൊണ്ടിരിക്കുന്നത്? മറ്റുള്ളവരുടെ വിശ്വാസം അംഗീകരിച്ച് അതില്‍ ഇടപെടാതെ മുന്നോട്ടുപോകാന്‍ എന്തുകൊണ്ട് ഇറാന്‍ തയാറാകുന്നില്ല? നീണ്ടകാലം ഉപരോധത്തില്‍ വീര്‍പ്പുമുട്ടിയ രാഷ്ട്രത്തെ പുനര്‍നിര്‍മിക്കുന്ന ജോലിയില്‍ വ്യാപൃതമാകുകയാണ് ഇറാന്‍ ചെയ്യേണ്ടത്.
പശ്ചിമേഷ്യയില്‍ സാമ്രാജ്യ ശക്തികള്‍ക്കും സയണിസ്റ്റ് ലോബികള്‍ക്കും കടന്നുകയറാന്‍ അവസരമുണ്ടാക്കിക്കൊടുത്തു എന്നതു തന്നെയായിരിക്കും ഇറാനെതിരേ ചരിത്രം രേഖപ്പെടുത്തുക. വൈകിയ വേളയിലെങ്കിലും ഇതര ഗള്‍ഫ് രാഷ്ട്രങ്ങളില്‍ അനാവശ്യമായി ഇടപെടുന്നതില്‍നിന്ന് ഇറാന്‍ മാറിനില്‍ക്കണം. എങ്കില്‍ മാത്രമേ പശ്ചിമേഷ്യ പിടിച്ചടക്കാനുള്ള അമേരിക്കയുടെയും ഇസ്രാഈലിന്റെയും ഇതര സാമ്രാജ്യത്വ ശക്തികളുടെയും പദ്ധതികള്‍ പരാജയപ്പെടുത്താനാകൂ. 30ന് മക്കയില്‍ ചേരുന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെയും അറബ് ലീഗിന്റെയും സംയുക്ത യോഗം ഈ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്ത് അമേരിക്കയുടെ നിഗൂഢതന്ത്രങ്ങളെ പരാജയപ്പെടുത്തുന്ന തീരുമാനങ്ങള്‍ എടുക്കുമെന്ന് പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."