കടല്‍ക്ഷോഭം ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരങ്ങളില്‍ കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മിക്കാന്‍ നടപടി
ആലപ്പുഴ: ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളില്‍ കടല്‍ക്ഷോഭം നേരിടുന്നതിന് കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി മാത്യു ടി. തോമസ് നിയമഭയില്‍ പറഞ്ഞു. ഈ വിഷയം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
ആലപ്പുഴയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം താരതമ്യേന ശക്തമായി എല്ലാവര്‍ഷവും ഉണ്ടാവുന്നുണ്ട്. സുനാമി ബാധിത പ്രദേശങ്ങളായ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളില്‍ കടലാക്രമണം അതിരൂക്ഷമായി അനുഭവപ്പെടുന്നതായി സബ്മിഷന്‍ അവതരിപ്പിച്ച് കൊണ്ട്പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു.
ആറാട്ടുപുഴ പഞ്ചായത്തില്‍ വലിയഴീക്കലില്‍ 150 മീറ്റര്‍ കടല്‍ ഭിത്തിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള 400 മീറ്റര്‍ ഭാഗത്ത് ജിയോ സിസ്റ്റം ഉപയോഗിച്ചുള്ള നാല് പുലിമുട്ട് ശൃംഖലയുടെ നിര്‍മാണത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിവരുന്നു. അതിനെ തുടര്‍ന്നുള്ള 600 മീറ്റര്‍ നീളം തീരസംരക്ഷണത്തിനായി 5 പുലിമുട്ടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. കാര്‍ഗിലില്‍ 600 മീറ്റര്‍ നീളത്തിലും പെരുമ്പള്ളിയില്‍ 600 മീറ്റര്‍ നീളത്തിലും 4 പുലിമുട്ടുകള്‍ വീതം നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
പെരുമ്പള്ളിയില്‍ 300 മീറ്റര്‍ പുതിയ കടല്‍ഭിത്തിക്കും 200 മീറ്റര്‍ നിലവിലുള്ള കടല്‍ഭിത്തിയുടെ പുനരുദ്ധാരണത്തിനുമുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ആറാട്ടുപുഴ പഞ്ചായത്തില്‍ 12 പുലിമുട്ടുകളുടെ നിര്‍മ്മാണം നബാര്‍ഡ് ധനസഹായത്തോടെ പൂര്‍ത്തിയായിട്ടുണ്ട്. ശക്തമായ കടലാക്രമണം നേരിടുന്നതിന് വട്ടച്ചാലില്‍ 1.80 കി. മീറ്ററില്‍ ഐ.ഐ.റ്റി. പഠന പ്രകാരം 16 പുലിമുട്ട് ശൃംഖലയ്ക്കും ആറാട്ടുപുഴ ജങ്ഷനില്‍ 1.20 കി.മീ. നീളത്തില്‍ ഐ.ഐ.ടി. പഠന റിപ്പോര്‍ട്ട് പ്രകാരം 21 പുലിമുട്ട് ശൃംഖലയുടെയും നിര്‍മാണത്തിനുള്ള എസ്റ്റിമേറ്റ് കിഫ്ബിയുടെ ധനസഹായത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. വലിയഴീക്കല്‍ തറയില്‍കടവ് പ്രദേശത്ത് 150 മീറ്റര്‍ നീളത്തില്‍ നിലവിലെ കടല്‍ഭിത്തിയുടെ പുനരുദ്ധാരണം അത്യാവശ്യമാണ്.
തൃക്കുന്നപ്പുഴ പഞ്ചായത്തില്‍ 700 മീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തിയുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. 200 മീറ്റര്‍ കടല്‍ ഭത്തിയുടെ നിര്‍മാണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ നടന്നുവരുന്നു. അതിരൂക്ഷമായ കടലാക്രമണം നേരിടുന്നതിന് പതിയാങ്കരയില്‍ 1.50 കി.മീ. നീളത്തില്‍ ഐ.ഐ.റ്റി. പഠന റിപ്പോര്‍ട്ട് പ്രകാരം 13 പുലിമുട്ടുകളുടെ എസ്റ്റിമേറ്റ് കിഫ്ബിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പാനൂരില്‍ ഐ.ഐ.ടി. പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 650 ലക്ഷം രൂപ അടങ്കലില്‍ 300 മീറ്റര്‍ കടല്‍ ഭത്തിക്കുള്ള എസ്റ്റിമേറ്റ് എന്‍ജിനീയര്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി മറുപടിയായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."