എല്ലാ ആഘോഷങ്ങളും ഒഴിവാക്കി പണം പുനര്‍നിര്‍മാണ പ്രക്രിയയിലേക്ക് നല്‍കണമെന്ന്
കുന്നംകുളം: പ്രളയ ദുരിതം നേരിട്ട കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി കുന്നംകുളം മേഖലയിലെ മുഴുവന്‍ ഉത്സവ ആഘോഷങ്ങളും ഒഴിവാക്കി പണം പുനര്‍നിര്‍മാണ പ്രക്രിയയിലേക്ക് നല്‍കണമെന്നു ചര്‍ച്ച സജീവമാകുന്നു.
കുന്നംകുളം സി.ഐ യുടെ നേതൃത്വത്തില്‍ ഇത് സംബന്ധിച്ച് ആലോചന യോഗം ചേരുന്നതായി കഴിഞ്ഞ ദിവസം വന്ന പോസ്റ്റുകളും വാര്‍ത്തകളുമാണ് ചര്‍ച്ചക്കു വഴിയിട്ടത്.
ഉത്സവാഘോഷങ്ങള്‍ ലഘൂകരിച്ച് ബാക്കി തുക പുനര്‍ നിര്‍മാണത്തിനായി നല്‍കുന്നത് സംബന്ധിച്ച് ഉത്സവ കോഡിനേഷന്‍ കമ്മിറ്റിയില്‍ ആലോചിക്കുമെന്നായിരുന്നു സി.ഐ കെ.ജി സുരേഷ് കുമാര്‍ പറഞ്ഞത്. എന്നാല്‍ ഉത്സവങ്ങള്‍ മാറ്റിവെക്കണമെന്ന് കാണിച്ചു പുറത്തു വന്ന വാര്‍ത്ത കലാകാരന്‍മാര്‍ക്കിടിയില്‍ വലിയ പ്രതിഷേധത്തിനു വഴിയിട്ടു. ഓണക്കാലത്ത് ഉപേക്ഷിക്കപെട്ട കലാപരിപാടികള്‍ എണ്ണമറ്റതാണ്. ഇതിലൂടെ വാദ്യ മേള കലാകാരന്‍മാര്‍ മറ്റു സ്റ്റേജ് നൃത്ത ഹാസ്യ കലാപ്രവര്‍ത്തകര്‍ ശബ്ദ വെളിച്ച സേവകര്‍ തുടങ്ങി സര്‍വ മേഖലയിലും വലിയ തോതിലുള്ള നഷ്ടമുണ്ടായി.
വര്‍ഷത്തില്‍ ആറു മാസം മാത്രമുള്ള ഉത്സവ സീസണ്‍ ആശ്രയിച്ചു ജീവിക്കുന്ന കലാപ്രവര്‍ത്തകരോട് ചെയ്യുന്ന കനത്ത ദ്രോഹമാകും ഉത്സവ പരിപാടികള്‍ വേണ്ടെന്ന് വെക്കുന്നതിലൂടെ സംഭവിക്കുന്നതെന്നായിരുന്നു കലാപ്രവര്‍ത്തകരുടെ അഭിപ്രായം. ശരീരം കൊണ്ടും സാമ്പത്തികമായും സഹായത്തിനെത്തിയ കലാപ്രവര്‍ത്തകര്‍ തെരുവില്‍ കലാപരിപാടികള്‍ നടത്തിയും ഫണ്ടിലേക്ക് പണം കണ്ടെത്തി നല്‍കിയിരുന്നു. ഉത്സവാഘോഷങ്ങള്‍ പൂര്‍ണമായു ഉപേക്ഷിക്കുന്നതിനെതിരേ കലാകാരന്‍മാരുടെ സംഘടനകളും രംഗത്ത് വന്നു.
എന്നാല്‍ പൊലിസിന്റെ വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കപെടും വിധം പ്രചരിച്ചതാണെന്നും വരുന്ന കോഡിനേഷന്‍ കമ്മിറ്റിയില്‍ ആഘോഷങ്ങള്‍ ചുരുക്കുന്നത് സംബന്ധിച്ച് ആലോചന നടത്താമെന്നു മാത്രമാണ് പൊലിസ് പറഞ്ഞതെന്നും സി.ഐ പറഞ്ഞു. വിഷയത്തില്‍ പൊതു ജനങ്ങള്‍ തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കണമെന്നും പൊലിസ് ആവശ്യപെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."