പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന നൂർ മുഹമ്മദിന് യാത്രയയപ്പ് നൽകി
ദമാം: രണ്ടര പതിറ്റാണ്ട് കാലമായി ദമാം അൽകോബാർ മേഖലകളിൽ സാമൂഹ്യ ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന നൂർ മുഹമ്മദ് കതിരൂർ 27 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചു. അൽകോബാർ ആസ്ഥാനമായി സഊദി അരാംകോ കൺസൾട്ടൻസി സ്ഥാപനമായ വുഡ് അൽ അജ് ലാൻ കമ്പനി ഉദ്യോഗസ്ഥനായിരുന്ന കണ്ണൂർ തലശ്ശേരി കതിരൂർ സ്വദേശി നൂർ മുഹമ്മദ് ഇരുപത് വർഷങ്ങൾക്കു മുൻപേ തന്നെ മരണാനന്തരം നിയമനടപടികൾക്കും ആശുപത്രി ജീവകാരുണ്യ സേവന രംഗത്തും പ്രവാസി ഇന്ത്യക്കാരുടെ തൊഴിൽ നിയമ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ടിരുന്നു. കിഴക്കൻ പ്രവിശ്യയിലെ കെഎംസിസി യുടെ വിവിധ ഘടകങ്ങളിൽ നേതൃനിരയിൽ പ്രവർത്തിച്ച നൂർമുഹമ്മദിന് കിഴക്കൻ പ്രവിശ്യാ കെഎംസിസി യുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
മുഹമ്മദ് കുട്ടി കോഡൂർ അധ്യക്ഷതവഹിച്ച യാത്രയയപ്പ് സംഗമം സഊദി കെഎംസിസി ഓഡിറ്റർ യുഎഇ റഹിം ഉദ്ഘാടനം ചെയ്തു. കെപിസിസി നിർവാഹകസമിതി അംഗം അഹമ്മദ് പുളിക്കൽ, കെഎംസിസി ഭാരവാഹികളായ സക്കീർ അഹമ്മദ്, മാമു നിസാർ സാർ, ഹംസ തൃക്കടീരി, അബ്ദുൽ അസീസ് എരുവാട്ടി, ഹമീദ് വടകര, സിദ്ദീഖ് പാണ്ടികശാല, ഖാദർ മാസ്റ്റർ വാണിയമ്പലം, നൗഷാദ് തിരുവനന്തപുരം, അഷ്റഫ് ഗസാൽ, റഹ്മാൻ കാരയാട്, സിറാജ് ആലുവ ,മുസ്താഖ് പേങ്ങാട്, മുസ്തഫ കമാൽ കോതമംഗലം, ബഷീർ ബാഖവി പറമ്പിൽപീടിക, ഹുസൈൻ എ ആർ നഗർ, മനാഫ് താനൂർ എന്നിവർ സംസാരിച്ചു. പ്രവിശ്യാ കെഎംസിസി ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ സ്വാഗതവും സി പി ശരീഫ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."