ജില്ലയില്‍ ദുരിതാശ്വാസക്കിറ്റ് വിതരണം പൂര്‍ത്തിയായെന്ന്
പാലക്കാട്: ജില്ലയില്‍ ദുരിതാശ്വാസക്കിറ്റ് വിതരണം പൂര്‍ത്തിയായതായി താലൂക്ക് ഓഫീസര്‍മാര്‍ അറിയിച്ചു. പ്രളയക്കെടുതിയില്‍ വലഞ്ഞവര്‍ക്ക് ആശ്വാസമായി ജില്ലയില്‍ വിതരണം ചെയ്തത് അവശ്യസാധനങ്ങളടങ്ങിയ ഇരുപതിനായിരത്തിലേറെ കിറ്റുകളാണ്. ജില്ലയിലെ ആറു താലൂക്കുകളിലായുള്ള പ്രളയബാധിത വില്ലേജുകളിലെ കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്. ഭക്ഷ്യവസ്തുക്കള്‍, വസ്ത്രം, പാത്രങ്ങള്‍ തുടങ്ങിയ അവശ്യവസ്തുക്കളടങ്ങിയ കിറ്റുകള്‍ വില്ലേജോഫീസര്‍മാര്‍ മുഖേനയാണ് വിതരണം ചെയ്തത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ കിറ്റുകള്‍ വിതരണം ചെയ്തിരിക്കുന്നത് പാലക്കാട് താലൂക്കിലാണ്. അയ്യായിരത്തിലേറെ കിറ്റുകളാണ് താലൂക്കില്‍ നിന്നും വിതരണം ചെയ്തത്. ദുരിതാശ്വാസക്യാംപുകള്‍ വഴിയും പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളില്‍ നേരിട്ടുമാണ് കിറ്റുകള്‍ നല്‍കിയത്. ഒറ്റപ്പാലം താലൂക്കില്‍ 24 വില്ലേജുകളിലായി 4250 കിറ്റുകളാണ് വിതരണം ചെയ്തത്. ഇതിനു പുറമെ 11 ദുരിതാശ്വാസ ക്യാംപുകളില്‍ പത്തിലും സമൂഹ അടുക്കളകളും നടത്തിയിരുന്നു. പട്ടാമ്പി താലൂക്കില്‍ 1477 കിറ്റുകളും ആലത്തൂര്‍ താലൂക്കില്‍ 2774 കിറ്റുകളും മണ്ണാര്‍ക്കാട് താലൂക്കില്‍ 657 കിറ്റുകളും വിതരണം ചെയ്തിട്ടുണ്ട്.
നെല്ലിയാമ്പതിയില്‍ വിതരണം ചെയ്തതടക്കം ചിറ്റൂര്‍ താലൂക്കില്‍ 2559 കിറ്റുകളാണ് വിതരണം ചെയ്തിരിക്കുന്നത്. നെല്ലിയാമ്പതിയിലേക്കുള്ള റോഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടതിനാല്‍ 38 കേന്ദ്രങ്ങളിലായി സാമൂഹിക അടുക്കളകള്‍ സംഘടിപ്പിച്ചിരുന്നു. 16 പ്രളയബാധിത വില്ലേജുകളാണ് ചിറ്റൂര്‍ താലൂക്കിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."