HOME
DETAILS
MAL
വീട്ടുകാരെ കബളിപ്പിച്ച് 80 ലക്ഷവുമായി കടന്നുകളഞ്ഞ പ്രതി പിടിയില്‍
backup
October 07 2020 | 00:10 AM
തിരൂര്‍: വീട്ടുകാരെ കബളിപ്പിച്ച് 80 ലക്ഷം രൂപ കൈക്കലാക്കി കടന്നുകളഞ്ഞ സംഘത്തിലെ ഒരാള്‍ പൊലിസ് പിടിയില്‍. 17 ഓളം ഗുണ്ടാ കേസില്‍ പ്രതിയായി കാപ്പ ചുമത്തപ്പെട്ട കണ്ണൂര്‍ തളിപ്പറമ്പ് പരിയാരം പുതിയ വീട്ടില്‍ റിവാജി (33)നെ ആണ് തിരൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ മറ്റ് എഴ് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. തിരൂര്‍ കോട്ട് ജുമാ മസ്ജിദിനടുത്തുള്ള ചിറക്കല്‍ കുഞ്ഞിമുഹമ്മദിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം നാടകീയ സംഭവങ്ങളുണ്ടായത്. ഖത്തറിലുള്ള മകന്‍ വിളിച്ചു പറഞ്ഞതനുസരിച്ച് പണം വാങ്ങാന്‍ വന്നവരാണ് 80 ലക്ഷം രൂപയുമായി കടന്നു കളഞ്ഞത്.
സംഭവത്തെക്കുറിച്ച് പൊലിസ് വിശദീകരണമിങ്ങനെ: ഒരു കോടി ഇന്ത്യന്‍ രൂപക്ക് പകരം രണ്ട് കോടി ഇന്ത്യന്‍ രൂപക്ക് സമാനമായ തുക ഖത്തറില്‍ നല്‍കാമെന്ന് പറഞ്ഞുറപ്പിച്ച പ്രകാരമാണ് കണ്ണൂര്‍ സ്വദേശി റിവാജും മറ്റു മൂന്ന് പേരും കഴിഞ്ഞ വെള്ളിയാഴ്ച കുഞ്ഞിമുഹമ്മദിന്റെ വീട്ടിലെത്തിയത്. സംഘത്തിലെ നാലു പേര്‍ മറ്റൊരു വാഹനത്തില്‍ സമീപത്ത് നിന്നിരുന്നു. ഉച്ചക്ക് 3 മണിക്ക് ശേഷമാണ് സംഘം എത്തിയത്. ഒരു കോടി രൂപ സംഘത്തെ കാണിച്ചാല്‍ രണ്ട്‌കോടിക്ക് തുല്യമായ തുക ഗള്‍ഫില്‍ പറഞ്ഞിടത്ത് എത്തിക്കുമെന്ന് ഇവര്‍ വീട്ടുകാരെ വിശ്വസിപ്പിച്ചു. വീട്ടുകാര്‍ ഒരു കോടി രൂപയുടെ നോട്ടുകെട്ടുകള്‍ ഇവര്‍ക്ക് കാണിച്ച് കൊടുക്കുകയും ചെയ്തു.
ഏറെ നേരം കാത്തിരുന്നിട്ടും ഗള്‍ഫില്‍ പറഞ്ഞ സ്ഥലത്ത് പണം എത്തിയില്ല. ഇതിനിടെ പറഞ്ഞ സ്ഥലത്ത് രണ്ട് കോടിക്ക് തുല്യമായ തുക എത്തിച്ചിട്ടുണ്ടെന്നും പിന്നെയെന്താണ് ഒരു കോടി കൊടുക്കാത്തതെന്നും ചോദിച്ചുള്ള ഒരു ഫോണ്‍ കോളും കുഞ്ഞിമുഹമ്മദിന് കിട്ടി. വിവരം ശരിയാണോ എന്നറിയാന്‍ കുഞ്ഞിമുഹമ്മദ് മകന് ഫോണ്‍ ചെയ്തുവെങ്കിലും പണം കിട്ടിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇത് പറഞ്ഞപ്പോള്‍ സംഘം വീണ്ടും കാത്തിരിക്കുകയും വീട്ടുകാരുമായി കൂടുതല്‍ സൗഹൃദത്തിലാവുകയും ചെയ്തു.
ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചും ഏറെ നേരം നാട്ടു വിശേഷങ്ങളൊക്കെ സംസാരിച്ചും വിശ്വാസമാര്‍ജിച്ചെടുത്തതിനാല്‍ ഇവരെ വീട്ടില്‍തന്നെയിരുത്തി കുഞ്ഞിമുഹമ്മദും കുടുംബവും ഇശാ നിസ്‌കാരത്തിനായി മറ്റൊരു റൂമിലേക്ക് പോയി. ഇതിനിടെ സംഘം വാതില്‍ പുറത്ത് നിന്ന് പൂട്ടി പണം പെട്ടിയില്‍ നിന്ന് വാരിയെടുത്ത് ഓടുകയായിരുന്നു. വെപ്രാളത്തില്‍ 20 ലക്ഷത്തിന്റെ ഒരു കെട്ട് നിലത്ത് വീണതിനാല്‍ അത് വീട്ടുകാര്‍ക്ക് കിട്ടി. ബാക്കി 80 ലക്ഷവുമായി സംഘം കടന്നുകളഞ്ഞു.
മകന്റെ ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള പണമായിരുന്നു ഇതെന്ന് കുഞ്ഞിമുഹമ്മദ് പറഞ്ഞു. പിടിയിലായ റിവാജിനെതിരേ തളിപ്പറമ്പ് ,പരിയാരം, പഴയങ്ങാടി തുടങ്ങിയിടങ്ങളില്‍ പൊലിസിനെ അക്രമിച്ചതടക്കമുള്ള കേസുകളുണ്ട്. തളിപ്പറമ്പ് പൊലിസിന്റെ കൂടി സഹകരണത്തോടെ തിരൂര്‍ സി.ഐ ടി.പി ഹര്‍ഷാദ്, എസ്.ഐ പ്രമോദ്, എ.എസ്.ഐ സി.ഷിബു, സി.പി.ഒ കെ.അഭിമന്യു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ ഇന്നലെ തളിപ്പറമ്പില്‍ നിന്ന് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."