മലബാര്‍ കലാപം ചരിത്ര വസ്തുതകളെ ഫാസിസ്റ്റുകള്‍ ഭയക്കുന്നു: മുനവ്വറലി ശിഹാബ് തങ്ങള്‍
മലപ്പുറം : ഹിന്ദുക്കളും മുസ്‌ലിംകളും തോളോട് തോള്‍ ചേര്‍ന്ന് നടത്തിയ മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ കലാപത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങള്‍ അറിയുന്നത് ഫാസിസ്റ്റുകളെ ഭയപ്പെടുത്തുന്നുണ്ടെന്നും ഇതുകൊണ്ടാണ് സ്വാതന്ത്രസമര നായകരെ ഔദ്യോഗിക ചരിത്രരേഖകളില്‍ നിന്നു നീക്കം ചെയ്യാന്‍ ആര്‍ എസ് എസ്സ് ശ്രമിക്കുന്നതെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുയിരുന്ന പി കെ അലവിക്കുട്ടി എന്ന എ കെ കോഡൂര്‍ രചിച്ച് ജിദ്ദ കോഡൂര്‍ പഞ്ചായത്ത് കെ എം സി സി യുടെ സഹകരണത്തോടെ ഗ്രെയ്‌സ് ബുക്‌സ് പ്രസിദ്ധീകരിച്ച ആംഗ്ലോമാപ്പിള യുദ്ധം 1921 എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 19212021 ഖിലാഫത്ത് സമരത്തിന്റെ നൂറ് വര്‍ഷങ്ങള്‍ എന്ന പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയാണ് ഈ ഗ്രന്ഥം ഗ്രെയ്‌സ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
എ കെ കോഡൂരിന്റെ മക്കളായ കോമുക്കുട്ടി പി കെ ,മൊയ്തീന്‍ എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങി. 1970 മുതല്‍ നീണ്ട 29 വര്‍ഷത്തെ എ കെ കോഡൂരിന്റെ അന്വേഷണങ്ങളുടെയും പഠനത്തിന്റെയും പരിശ്രമഫലവും അന്തരിച്ച ശിഹാബ് തങ്ങളുടെ പിന്തുണയും പ്രോത്സാഹനവും ചേര്‍ന്നപ്പോഴാണ് ഈ പുസ്തകം 1999ല്‍ പ്രസിദ്ധീകൃതമായത്. കിളിയമണ്ണില്‍ ഫസലിന്റെ നേതൃത്വത്തില്‍ മലപ്പുറത്ത് രൂപീകരിച്ച 1921 വിപ്ലവ അനുസ്മരണ സമിതിയായിരുന്നു പ്രഥമ പ്രസാധകര്‍. ഇതിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഗ്രെയ്‌സ് ബുക്‌സ് പുറത്തിറക്കിയത്.
മലപ്പുറം കോഡൂര്‍ സ്വദേശിയായ പികെ അലവിക്കുട്ടി മാപ്പിള സംസ്‌കാരവും സാഹിത്യവും
ഒരു ഗവേഷണ വിഷയമായി കാണുകയും അതിലെ വസ്തുതകള്‍ ജനങ്ങളിലെത്തിക്കാന്‍ താല്‍പര്യപ്പെടുകയും ചെയ്ത എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ആയിരുന്നു.
നിരവധി ആനുകാലികങ്ങളില്‍ ലേഖനം എഴുതിയിട്ടുള്ള അദ്ദേഹം മാപ്പിള നാട്, മലപ്പുറം ടൈംസ്, ലീഗ് ടൈംസ് എന്നീ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചു. ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ പിടിഎയുടെ മലപ്പുറം റിപ്പോര്‍ട്ടറായിരുന്ന അദ്ദേഹം, മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2005 2010 കാലഘട്ടത്തില്‍ കോഡൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയില്‍ മുസ് ലിം ലീഗ് ജനപ്രതിനിധിയായി ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ കലാപത്തില്‍ പങ്കെടുത്തവരെയും അതിന്റെ കെടുതികള്‍ അനുഭവിച്ച വരെയും നേരിട്ട് കണ്ടു സംസാരിച്ചുംം കലാപബാധിത പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ചും ചരിത്രരേഖ പരിശോധിച്ചും ആണ് ഈ പുസ്തകത്തിന്റെ രചന.
ഇങ്ങനെയൊരു ചരിത്ര രചന മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് ഇതിനു മുമ്പോ ശേഷമോ നടന്നിട്ടില്ല. ഇതുകൊണ്ടുതന്നെ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് ഇറങ്ങിയതില്‍ ഏറ്റവും ആധികാരികവും വസ്തുനിഷ്ഠവുമായ ചരിത്ര ഗ്രന്ഥമാണ് എ കെ കോടൂരിന്റെ ആംഗ്ലോ മാപ്പിള യുദ്ധം 921 എന്ന പുസ്തകം എന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്.
പ്രകാശന ചടങ്ങില്‍ കിളിയമണ്ണില്‍ ഫസല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി പി ഷാജി, ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷന്‍ സെക്രട്ടറി മുജീബ് റഹ്മാന്‍ ടി, പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റ് മുഹമ്മദ് കുട്ടി.വി, ജനറല്‍ സെക്രട്ടറി കെ എന്‍ എ ഹമീദ് മാസ്റ്റര്‍, കെഎംസിസി മലപ്പുറം ജില്ലാ ട്രഷറര്‍ മജീദ് അരിമ്പ്ര, , ഇഖ്ബാല്‍ എറമ്പത്ത്, കെഎംസിസി മലപ്പുറം മണ്ഡലം ജനറല്‍ സെക്രട്ടറി ജാഫര്‍ അത്താണിക്കല്‍, കെഎംസിസി കോഡൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് റഹീം ഫൈസി വലിയാട്, പിസി മുഹമ്മദ് കുട്ടി മാസ്റ്റര്‍, ടി റിയാസ് മോന്‍ സംബന്ധിച്ചു.
ജിദ്ദ കോഡൂര്‍ പഞ്ചായത്ത് കെ എം സി സി യുടെ സഹകരണത്തോടെ ഗ്രെയ്‌സ് ബുക്‌സ് പ്രസിദ്ധീകരിച്ച ആംഗ്ലോമാപ്പിള യുദ്ധം 1921 എന്ന പുസ്തകത്തിന്റെ പ്രകാശനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."