ഇന്ത്യ തകര്‍ച്ചയില്‍
ഓവല്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ തകര്‍ച്ചയില്‍. ഇംഗ്ലണ്ട് ഉയര്‍ത്തിയ 332 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സാണ് നേടിയത്. ആറ് റണ്‍സെടുക്കുന്നതിനിടെ ശിഖര്‍ ധവാനെ നഷ്ടമായ ഇന്ത്യയെ ലോകേഷ് രാഹുലും (37) ചേതേശ്വര്‍ പൂജാരയും (37) ചേര്‍ന്നാണ് കരകയറ്റിയത്. സ്‌കോര്‍ 70ല്‍ നില്‍ക്കെ ലോകേഷിന്റെ വിക്കറ്റെടുത്ത് സാം കറന്‍ ഇന്ത്യക്ക് ആദ്യ തിരിച്ചടി നല്‍കി.
പിന്നീടെത്തിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ കൂട്ടുപിടിച്ച് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച പൂജാരയെ ജയിംസ് ആന്‍ഡേഴ്‌സന്‍ ബൈര്‍സ്റ്റോവിന്റെ കൈകളിലെത്തിച്ചു. തുടര്‍ന്ന് ക്രീസിലെത്തിയ അജങ്ക്യ രഹാനെ റണ്‍സൊന്നുമെടുക്കാതെ മടങ്ങിയതോടെ ഇന്ത്യ തകര്‍ച്ചയുടെ വക്കിലാണ്. 28 റണ്‍സെടുത്ത കോഹ്‌ലിയും രണ്ട് റണ്‍സുമായി ഹനുമ വിഹാരിയുമാണ് ക്രീസില്‍. ക്യാപ്റ്റനിലാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷകള്‍ മുഴുവനും.
നേരത്തെ 181 റണ്‍സിനിടയില്‍ ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തിയ ഇംഗ്ലണ്ടിനെ വാലറ്റക്കാര്‍ കൈപ്പിടിച്ചുയര്‍ത്തുകയായിരുന്നു. 133 പന്തില്‍ 89 റണ്‍സടിച്ച ജോസ് ബട്‌ലറുടെ ബാറ്റിങാണ് ഇംഗ്ലണ്ടിന് തുണയായത്. എട്ടാം വിക്കറ്റില്‍ ആദില്‍ റാഷിദുമായി 33 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ബട്‌ലര്‍ ഇംഗ്ലണ്ടിനെ രണ്ടാംദിനം മുന്നോട്ടു നയിക്കുകയായിരുന്നു. 15 റണ്‍സെടുത്ത റാഷിദിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു.
പിന്നീട് ക്രീസിലെത്തിയ ബ്രോഡ്, ബട്‌ലര്‍ക്ക് മികച്ച പിന്തുണ നല്‍കി. 59 പന്തില്‍ 38 റണ്‍സാണ് ബ്രോഡ് അടിച്ചെടുത്തത്. ഒന്‍പതാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 98 റണ്‍സിന്റെ കൂട്ടുകെട്ട് ഇംഗ്ലീഷ് ഇന്നിങ്‌സില്‍ നിര്‍ണായകമാകുകയായിരുന്നു. ബ്രോഡിനേയും ബട്‌ലറേയും പുറത്താക്കി രവീന്ദ്ര ജഡേജയാണ് ഈ കൂട്ടുകെട്ട് അവസാനിപ്പിച്ചത്. 30 ഓവര്‍ എറിഞ്ഞ് ജഡേജ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇഷാന്ത് ശര്‍മ്മയും ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റ് വീതമെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."