അവസാനത്തെ പെനല്‍റ്റി
ഞാനടിച്ച ഗോളുകളൊന്നും എന്റേതല്ല.
വിജയങ്ങളില്‍ എന്റെ മുഖമില്ല.
വലിച്ചുകെട്ടിയ പതാകകളില്‍ പേരില്ല.
എന്നിട്ടും,
തോല്‍വികളെല്ലാം എന്റേതു മാത്രമാണ്.
പാഴായ പെനാല്‍റ്റികള്‍
പിണഞ്ഞ ഫൗളുകള്‍
അടിക്കാത്ത കിക്കുകള്‍
അവയാണ് എന്റെ സ്മാരകങ്ങള്‍.
അന്നേരം,
അമ്മയുടെ ഗര്‍ഭപാത്രം വരെയെത്തുന്ന
ചോദ്യങ്ങളുയരും.
നെഞ്ചിനെ തുളക്കുന്ന
തോക്കുകള്‍ മുഴങ്ങും.
ബാല്യം ചുഴിഞ്ഞ
രോഗങ്ങള്‍ തലക്കെട്ടാകും.
ജയിക്കുമ്പോള്‍ ഞാന്‍ ബെല്‍ജിയം.. ജര്‍മന്‍.. ഫ്രാന്‍സ്....
തോറ്റാല്‍ വെറും കോംഗോ...
കുടിയേറ്റക്കാരന്‍...
അറബ് വംശജന്‍...
നിങ്ങള്‍ക്ക് ഞാനൊരു
രാഷ്ട്രം
പതാക
വ്യാമോഹങ്ങളുടെ തുറുപ്പുശീട്ട്.
ഞാനോ ഒരു കുമ്മായവര.
കളി കഴിഞ്ഞാലതു മാഞ്ഞുപോകും.
ആരവങ്ങളൊഴിഞ്ഞ
മൈതാനത്തിനു പുറത്ത്
നിശബ്ദമായ വഴികളിലൂടെ
നടന്നുപോവുമ്പോള്‍
കൈയടികളൊന്നും കാതില്‍ മുഴങ്ങില്ല.
ആലിംഗനങ്ങളാലാരും വരില്ല.
അമ്മയുടെ മടിത്തട്ടിലേക്കാകും
അന്നു വഴികളെല്ലാം ചെന്നുചേരുക.
കടങ്കഥകള്‍നിറഞ്ഞ കണ്ണുനീരിലാവും
അന്നു മുഖം കഴുകുക.
ചെമ്പിച്ച രണ്ടു കൈകള്‍
മാത്രമാവും തലോടുക.
അപ്പോള്‍ എവിടെയും
വിസില്‍ മുഴങ്ങുന്നുണ്ടാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."