ട്രംപ് പൂര്‍ണ പരാജയമെന്ന് കമല, ഡെമോക്രാറ്റുകള്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് പെന്‍സ്- സംവാദ വേദിയില്‍ വാക്‌യുദ്ധവുമായി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളും
വാഷിങ്ടണ്‍: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പൂര്‍ണ പരാജയമാണെന്ന് ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഡെമോക്രാറ്റിക്-റിപ്പബ്ലിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ തുറന്ന സംവാദത്തിലാണ് അവരുടെ പ്രതികരണം. റിപ്പബ്ലിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി മൈക് പെന്‍സുമായിട്ടായിരുന്നു സംവാദം.
അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഡോണള്‍ഡ് ട്രംപിന്റെ കൊവിഡ് പ്രതിരോധം. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ കൃത്യമായ പദ്ധതികളില്ലാത്ത ട്രംപ് സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. ഏറ്റവും കുറഞ്ഞത് സത്യാവസ്ഥ ജനങ്ങളോട് തുറന്നു പറയാനെങ്കിലും പ്രസിഡന്റ് തയാറാകണം. സ്വന്തം ആരോഗ്യം സംബന്ധിച്ചും നികുതി സംബന്ധിച്ചും ട്രംപ് കള്ളം പറയുകയാണെന്നും കമല ഹാരിസ് ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ ജീവന്‍വെച്ച് രാഷ്ട്രീയം കളിക്കുകയാണ് ഡെമോക്രാറ്റുകള്‍ ചെയ്യുന്നതെന്ന് കമലയുടെ ആരോപണത്തിന് പെന്‍സ് മറുപടിയായി തിരിച്ചടിച്ചു. കൊവിഡ് പ്രതിരോധ മരുന്ന് ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിരോധ മരുന്ന് പരീക്ഷണത്തെ ഡെമോക്രാറ്റുകള്‍ ഇകഴ്ത്തുകയാണെന്നും പെന്‍സ് ആരോപിച്ചു.
വര്‍ണവെറിയന്മാരെ അനുകൂലിക്കുന്ന ട്രംപിന്റെ നിലപാടിന് വ്യത്യസ്തമായി അമേരിക്കയെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന് സാധിക്കുമെന്നും കമല ഹാരിസ് യൂട്ടാ സര്‍വകലാശാല വേദിയില്‍ നടന്ന സംവാദത്തില്‍ വ്യക്തമാക്കി.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനും തമ്മില്‍ ഒഹിയോയിലെ ക്ലൈവ് ലാന്റില്‍ നടന്ന തുറന്ന സംവാദം വാക്കേറ്റത്തിലാണ് കലാശിച്ചത്. സംവാദവേദിയില്‍ ഉറഞ്ഞുതുള്ളുകയായിരുന്ന ട്രംപിനോട് നിങ്ങളൊന്ന് മിണ്ടാതിരിക്കുമോ എന്ന് വരെ ബൈഡന് പറയേണ്ടി വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."