വെളിച്ചം തേടി
നീണ്ട ഇടവേളയ്ക്കുശേഷം അവള്‍ ജയില്‍ വിട്ടിറങ്ങി. ജയില്‍ജീവിതം അവള്‍ക്കു സംതൃപ്തി മാത്രമേ നല്‍കിയിരുന്നുള്ളൂ. പശ്ചാത്താപം തീരെ ഇല്ലാത്തതുകൊണ്ടു തന്നെ. എന്നാല്‍ ഇപ്പോള്‍ വീണ്ടും കാപാലികരുടെ നടുവില്‍തന്നെ വന്നെത്തിയിരിക്കുന്നു അവള്‍. ഇനിയെങ്ങോട്ട്? ഏതു സ്ഥലമാണിതെന്നുപോലും അറിയുന്നില്ല, കാണുന്നവരെയൊന്നും പരിചയമില്ല. അവളെ ആരും തിരിച്ചറിയുന്നില്ല. കൂട്ടിന് ആരുമില്ല. ഏകയാണ്. അവള്‍ നടത്തം തുടര്‍ന്നു. ആരോ പറയുന്നതുകേട്ടു; പ്രാന്തിയാണെന്നു തോന്നുന്നു.
നേരം ഇരുട്ടാന്‍ അധികസമയം ബാക്കിയില്ല. അങ്ങു ദൂരെ ചക്രവാളത്തില്‍ കുങ്കുമനിറത്തിന്റെ നേര്‍മ കണ്ടു. വെളുത്തകിളികള്‍ കൂട്ടം കൂട്ടമായി പറന്നകലുന്നു. ചുറ്റുമുള്ളവര്‍ ജീവിതഭാരം ചുമന്നു തളര്‍ന്ന് ഓടുകയാണ്. ഒട്ടൊരു ആശ്വാസത്തിനായി അത്താണി തേടിയോടുന്നു. ആരോട് എന്തു ചോദിയ്ക്കാന്‍. ഓര്‍മയുടെ ഇഴകള്‍ പൊട്ടി അകലാന്‍ തുടങ്ങിയ പോലെ. തന്റെ ഉള്ളിലും പുറത്തും ഇരുട്ടായപോലെ. വഴിയരികിലെ പൈപ്പില്‍നിന്നു വെള്ളം കുടിച്ചു. തെല്ലൊരു ആശ്വാസം കൈവന്നപോലെ. ആ പൂഴിമണ്ണില്‍ അവള്‍ പടിഞ്ഞിരുന്നു. കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ടപോലെ.
ആ മയക്കത്തില്‍ അടുത്തുവരുന്ന ചിലങ്കയുടെ ശബ്ദം അവളെ ഉണര്‍ത്തി. അവള്‍ കോരിത്തരിച്ചു. ഒരുകാലത്ത് മനോഹരമായി നൃത്തം ചെയ്തിരുന്നു. കലയെയും സംഗീതത്തെയും ഒരുപോലെ സ്‌നേഹിച്ചവള്‍. പ്രശസ്തിയുടെ ഭാവുകങ്ങള്‍ പലരും നേര്‍ന്നു. എന്നാല്‍ ഇടക്കെപ്പോഴോ അതിനെക്കാള്‍ സ്‌നേഹം വാരിക്കോരി തന്ന കലാകാരന്റെ കൂടെ ഒരുനാള്‍ ഇറങ്ങിത്തിരിച്ചു. ഏകപുത്രിയായ തന്നെ ഓര്‍ത്തു മാതാപിതാക്കള്‍ മനംനൊന്തു കരഞ്ഞു. കുറേനാള്‍ സുഭിക്ഷതയുടെയും സന്തോഷത്തിന്റെയും മടിയില്‍ തന്നെത്താന്‍ മറന്നുജീവിച്ചു. ഇടയ്‌ക്കെപ്പോഴോ കുറേ പട്ടിണി. പിന്നെയും കല വികസിച്ചപ്പോള്‍ പട്ടിണി കൂടാതെ കുറേനാളുകള്‍. പക്ഷെ കലാകാരനു യാത്രയില്‍ കണ്ടുമുട്ടിയ സഹയാത്രികയാകാന്‍ അധികകാലം വേണ്ടി വന്നില്ല. അവരുടെ ബന്ധം അത്രയുമെളുപ്പത്തില്‍ പൊട്ടിത്തകരുകയായിരുന്നു. പുതിയ കാമുകിയില്‍ കല തേടി കലാകാരന്‍ അവളില്‍നിന്ന് അകന്നു. അപ്പോഴേക്കും വൈകിപ്പോയിരുന്നു. അവള്‍ ഗര്‍ഭിണിയായിരുന്നു. ഒരുനാള്‍ ചുരുട്ടിപ്പിടിച്ച കുഞ്ഞുകൈകളില്‍ തന്റെ നഷ്ടപ്പെട്ട ലോകം മുഴുവനായി മകള്‍ വന്നു. അവള്‍ സന്തോഷത്താല്‍ മതിമറന്നു. കുഞ്ഞിക്കണ്ണുകള്‍ തുറന്നുതന്നെ നോക്കുന്ന മകളെ അവള്‍ മാറോടുചേര്‍ത്തു. പക്ഷെ മകള്‍ അമ്മയുടെ മടിയില്‍ മാത്രം വളര്‍ന്നു. രാവേറെ താമസിച്ചുവരുന്ന അച്ഛനെ കാത്ത് അമ്മയുടെ മടിയില്‍ ഉറങ്ങി.
ഒരുനാള്‍ പൊറുതിക്കായി പുതിയ കാമുകിയെയും കൊണ്ട് തന്റെ മുന്നില്‍ കലാകാരന്‍ വന്നപ്പോള്‍ സഹിക്കാനായില്ല, സകല നിയന്ത്രണങ്ങളും കൈവിട്ടുപോയ നിമിഷം കിട്ടിയ ആയുധം കൊണ്ട് രണ്ടിനെയും വെട്ടിനുറുക്കി. നിയമപാലകര്‍ വന്നു. അവള്‍ അഴികള്‍ക്കുള്ളിലായി. ആരും അവള്‍ക്കുവേണ്ടി വാദിക്കാന്‍ വന്നില്ല. നിയന്ത്രണം കൈവിട്ടപ്പോള്‍ അവള്‍ക്കു സഹിക്കാന്‍ കഴിഞ്ഞില്ല. ഒന്നും ഓര്‍മയുണ്ടായില്ല. പഠിക്കുന്ന കാലത്ത് മലയാളം മാഷ് പറഞ്ഞുതന്ന സതി, സാവിത്രി, സീത, ശീലാവതി ഇവരെയൊക്കെ അപ്പോള്‍ മറന്നു. മാഷ് പറഞ്ഞുതന്ന ഗൗതമന്റെ രൂപത്തില്‍ അഹല്യയെ പ്രാപിച്ച പോലെയായിരുന്നില്ലേ കലാകാരന്‍. സീതയുടെ യുഗത്തില്‍ തന്നെ അഹല്യയും ജനിച്ചു. ശ്രീരാമസ്പര്‍ശത്തിനായി അഹല്യ കല്ലായി കാത്തുകിടന്നു. എന്നാല്‍ ശ്രീരാമന്‍ സീതയോടു ചെയ്തതോ? അഹല്യയും സീതയും അറിയാതെ ചെയ്ത കുറ്റത്തിന് ഇരയായവരല്ലേ? ശ്രീകൃഷ്ണന്‍ യഥാര്‍ഥത്തില്‍ രാധയെ ചതിക്കയല്ലേ ചെയ്തത്? പാര്‍വതിയുടെ അഭാവത്തില്‍ ശിവന്‍ ഗംഗയോടൊത്തു രമിച്ചില്ലേ? എന്നാല്‍ ഇവരൊക്ക പ്രതികരിക്കാന്‍ കഴിയാത്ത പാവകളെപ്പോലെയായിരുന്നു.
പലപ്പോഴും ഓര്‍ക്കാറുണ്ട്. ഇനി ഇവിടെ സതി സാവിത്രി സീതമാര്‍ ജനിക്കാന്‍ പാടില്ല. കള്ളക്കലാകാരന്മാര്‍ ഉണ്ടാകാന്‍ പാടില്ല. മരിച്ചുമരവിച്ച മനസുമായി ജയിലില്‍ കഴിയുമ്പോള്‍ ഒരുതരം സംതൃപ്തിയായിരുന്നു. മകളെ ഓര്‍ത്തവളുടെ ഉള്ളം പിടഞ്ഞു. എവിടെ അവള്‍. കാണാന്‍ കഴിയാത്ത വല്ല സ്ഥലത്തും അതോ വല്ല കള്ളക്കലാകാരനും ഒപ്പമാകുമോ? അവളുടെ കവിളില്‍കൂടി കണ്ണുനീര്‍ ഒലിച്ചിറങ്ങി. ഇപ്പോള്‍ അവള്‍ അറിഞ്ഞു, താന്‍ തീര്‍ത്തും ഏകയാണെന്ന്.
മകളുടെ പ്രായത്തിലുള്ള കുഞ്ഞിനെ കണ്ട് അവള്‍ ഓടി അടുത്തെത്തി, വാരിയെടുക്കാന്‍. ആരോ കല്ലെടുത്ത് അവളെ എറിഞ്ഞു. ഓരോന്ന് വന്നിരിക്കുന്നു, കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകാനായി. ലക്ഷ്യമില്ലാതെ അവള്‍ നടന്നു. നടന്നുനടന്നു സമുദ്രതീരത്ത് തിരയുടെ തൊട്ടടുത്തെത്തി. അവള്‍ മേലോട്ടു നോക്കി. രാത്രി... നക്ഷത്രങ്ങള്‍ക്കു നല്ല തിളക്കം. ഈ ഇരുട്ടില്‍ നടക്കാനും നില്‍ക്കാനും നല്ല രസം. ക്രമേണ ഇരുട്ടിന്റെ കരിമ്പടം അവള്‍ക്കു പുതപ്പായി. അതും പുതച്ചവള്‍ സമുദ്രത്തിന്റെ അടിത്തട്ടിലുള്ള വെളിച്ചം ലക്ഷ്യമാക്കി നടന്നു. അപ്പോള്‍ അവള്‍ മകളെ മറന്നു, സ്വയം മറന്നു. അപ്പോള്‍ ഇത്തിരി വെളിച്ചം മാത്രം മതിയായിരുന്നു അവള്‍ക്ക്. ആഴിയുടെ അടിത്തട്ടിലുള്ള വെളിച്ചം തന്നെ കാത്തിരിക്കുന്നതായി അവള്‍ക്കു തോന്നി. ആ അഗാധതയിലേക്ക് അവള്‍ വേഗം നടന്നിറങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."