രോഗശയ്യയില്‍ ഉമ്മയുടെ സാമീപ്യമില്ലാതെ കുഞ്ഞു ആയിഷ
ഗസ്സ സിറ്റി: കഴിഞ്ഞ മാസമാണ് അഞ്ചു വയസുകാരിയായ ആയിഷ നഴ്‌സറിയില്‍നിന്ന് ഛര്‍ദിച്ചുകൊണ്ട് വീട്ടിലേക്കു വന്നത്. തലവേദനയുണ്ടെന്നും അവള്‍ പറഞ്ഞു. ആശുപത്രിയില്‍ ചെന്ന് പരിശോധിച്ചപ്പോള്‍ മാതാപിതാക്കള്‍ ഞെട്ടി, മകള്‍ക്ക് ബ്രെയിന്‍ കാന്‍സറാണ്.
ഗസ്സ സിറ്റിയിലെ അല്‍ശിഫ ആശുപത്രിയില്‍ ചെന്നപ്പോള്‍ വിദഗ്ധ ചികിത്സയ്ക്കായി കിഴക്കന്‍ ജറൂസലമിലെ അഗസ്ത വിക്ടോറിയ ആശുപത്രിയിലേക്കു കൊണ്ടുപോവാന്‍ നിര്‍ദേശിച്ചു. എന്നാല്‍ അല്‍ ബറജിലെ അഭയാര്‍ഥി ക്യാംപില്‍ കഴിയുന്ന ആ കുടുംബത്തിന് മകളോടൊപ്പം അവിടെ പോവാന്‍ ഇസ്‌റാഈലി അധികൃതര്‍ അനുമതി നല്‍കിയില്ല.
സുരക്ഷാ പരിശോധനയ്ക്കു ശേഷമേ വിടൂ എന്നായിരുന്നു പൊലിസിന്റെ മറുപടി. എന്നാല്‍ അതിനു മാസങ്ങള്‍ പിടിക്കും. മാരക രോഗങ്ങള്‍ ബാധിച്ച് വിദഗ്ധ ചികിത്സയ്ക്കായി ഗസ്സയ്ക്കു പുറത്തേക്കു പോകേണ്ടിവരുന്ന ഫലസ്തീനികള്‍ നേരിടുന്ന വലിയ പ്രതിസന്ധിയാണിത്. ഉമ്മയുടെയും ഉപ്പയുടെയും സാമീപ്യമില്ലാതെ കുഞ്ഞു ആയിഷ എന്തു ചെയ്യാന്‍!
ആവശ്യമായ ഉപകരണങ്ങളില്ലാത്തതിനാല്‍ അര്‍ബുദം പോലുള്ള മാരക രോഗങ്ങള്‍ക്കുള്ള ചികിത്സാസൗകര്യം ഗസ്സയിലെ ആശുപത്രികളിലില്ലെന്ന് കുട്ടികളുടെ ആശുപത്രി ഡയരക്ടര്‍ മുഹമ്മദ് അബൂ സല്‍മിയ പറഞ്ഞു. പലപ്പോഴും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെയോ ജറൂസലമിലെയോ ഇസ്‌റാഈലി നഗരങ്ങളിലെയോ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ് പതിവ്. എന്നാല്‍ ഉമ്മയെയും ഉപ്പയെയും അധികൃതര്‍ കൂടെ പോവാന്‍ അനുവദിക്കാറില്ല.
ഇത് കുഞ്ഞിന്റെ മാനസികാരോഗ്യത്തെ ബാധിക്കും. അതിനാല്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യൂനിസെഫ് പോലുള്ള ബാലാവകാശ സംഘടനകളെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് അബൂ സല്‍മിയ പറഞ്ഞു.
ശാരീരികമായി സുഖമില്ലാത്ത അപരിചിതയായ ഒരു സ്ത്രീയെയാണ് മകളെ പരിചരിക്കാന്‍ ഇസ്‌റാഈല്‍ അധികൃതര്‍ ഏര്‍പ്പാടാക്കിയതെന്ന് ആയിഷയുടെ ഉമ്മ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."