പ്ലസ് വണ്‍ പ്രവേശനം: സീറ്റില്‍ അവ്യക്തത
കണ്ണൂര്‍: ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം ഇന്നലെ മുതല്‍ ആരംഭിച്ചു. ജില്ലയില്‍ 34,502 വിദ്യാര്‍ഥികളാണ് ഹയര്‍ സെക്കന്‍ഡറി ഉപരിപഠനത്തിനായി യോഗ്യത നേടിയത്. എന്നാല്‍ ഇത്രയും പേരുടെ സീറ്റിന്റെ കാര്യത്തില്‍ ഇപ്പോഴും അവ്യക്ത നിലനില്‍ക്കുകയാണ്. മുപ്പതിനായിരത്തോളം സീറ്റുകള്‍ ലഭ്യമാണെന്ന് പറയുമ്പോഴും കൃത്യമായ വിവരം ലഭിക്കുന്നില്ല. പ്രവേശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക വെബ്‌സൈറ്റ് ഇന്നലെ വൈകുന്നേരത്തോടെ പലയിടത്തും പ്രവര്‍ത്തനരഹിതമായി.
മിക്ക ജില്ലയിലെയും സ്‌കൂളുകളുടെ എണ്ണവും സീറ്റും ഇന്നലെ ലഭിച്ചപ്പോള്‍ കണ്ണൂരിന്റെ കാര്യത്തില്‍ കൃത്യമായ വിവരമില്ല. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ മാത്രം വിവരങ്ങളാണ് വെബ്‌സൈറ്റില്‍ നിന്നു ലഭിക്കുക.
വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി, പോളിടെക്‌നിക് കോഴ്‌സുകള്‍, ഐ.ടി.ഐ സീറ്റുകളുടെ വിവരങ്ങളും അറിഞ്ഞാല്‍ മാത്രമേ കൃത്യമായ കണക്ക് ലഭ്യമാകൂ. ജില്ലയില്‍ 160 സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളും 20 അണ്‍ എയ്ഡഡ് സ്‌കൂളുകളുമാണുള്ളത്. ഇവയില്‍ ഏതൊക്കെ കോഴ്‌സുകള്‍ക്ക് എത്ര സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് വെബ്‌സൈറ്റ് വഴി പിന്നീട് വ്യക്തമാക്കുമെന്നും ഡപ്യൂട്ടി ഡയരക്ടറുടെ ഓഫിസില്‍ നിന്നും അറിയിച്ചു.നിലവില്‍ ഉപരിപഠനത്തിന് ജില്ലയില്‍ പരമാവധി സീറ്റ് ലഭ്യമാക്കും. സീറ്റ് ലഭിക്കാത്ത പ്രശ്‌നം കുട്ടികള്‍ക്കുണ്ടാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ അകറ്റാന്‍ എല്ലാ സ്‌കൂളുകളിലും ഹെല്‍പ്‌ഡെസ്‌ക് ഒരുക്കിയിട്ടുണ്ട്. 18 വരെ ഇതിന്റെ സേവനം വിദ്യാര്‍ഥികള്‍ക്കു ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."