കുടിവെള്ള ക്ഷാമം; നന്മയുടെ ഉറവകളായി സന്നദ്ധ സംഘടനകള്‍
വാണിമേല്‍: വേനല്‍മഴയും മടിച്ചുനിന്നതോടെ കടുത്ത വരള്‍ച്ചയിലേക്ക് നാടുനീങ്ങിയപ്പോള്‍ നന്മയുടെ വറ്റാത്ത ഉറവകളായി മാതൃകയാവുകയാണ് പ്രാദേശിക സന്നദ്ധ സംഘടനകളും വ്യക്തികളും.
വാണിമേലില്‍ ഏപ്രില്‍ രണ്ടാം വാരത്തോടെ തന്നെ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ കുടിവെള്ള വിതരണം തുടങ്ങിയിരുന്നു. ഗ്രാമ പഞ്ചായത്തും കുടിവെള്ള വിതരണം ആരംഭിച്ചത് പ്രദേശത്തുകാര്‍ക്ക് ആശ്വാസമായിട്ടുണ്ട്. പുറമെ കുങ്കന്‍നിരവ് വാട്‌സ് ആപ്പ് കൂട്ടായ്മയുടെ ഇ. അഹമ്മദ് സ്മാരക കുടിവെള്ള വിതരണവും നടക്കുന്നുണ്ട്.
നാദാപുരം പഞ്ചായത്തില്‍ പഞ്ചായത്തിന്റെയും റവന്യു വകുപ്പിന്റെയും രണ്ടു വാഹനങ്ങള്‍ക്കു പുറമെ ദുബൈ കെ.എം.സി.സിയുടെ സഹകരണത്തോടെ ഇയ്യങ്കോട് റിലീഫ് സെല്ലും കുടിവെള്ള വിതരണവുമായി രംഗത്തുണ്ട്. ഇയ്യങ്കോട്, കുമ്മങ്കോട് ശാഖാ യൂത്ത് ലീഗ് കമ്മിറ്റി, തെരുവംപറമ്പില്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്ല് എന്നിവയുടെ നേതൃത്വത്തിലും കുടിവെള്ള വിതരണം നടക്കുന്നു.
നരിപ്പറ്റയില്‍ ഗ്രാമ പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ തിരുവട്ടേരി ഖമറിന്റെയും പുത്തന്‍പീടികയില്‍ ഗഫൂര്‍ ഹാജിയുടെയും നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടക്കുന്നത് പ്രദേശത്തുകാര്‍ക്ക് ആശ്വാസമായിരിക്കുകയാണ്. പ്രത്യേക പ്രചാരണങ്ങളൊന്നുമില്ലാതെ നടക്കുന്ന ഇത്തരം മാതൃകാ പ്രവര്‍ത്തനങ്ങള്‍ നാടിന്റെയും നാട്ടുകാരുടെയും ഉറവ വറ്റാത്ത നന്മയുടെ പ്രതീകങ്ങളായി മാറുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."