ഇന്ത്യന്‍ എംബസിയെ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ച മലയാളി യുവാവിനെ മോചിപ്പിക്കാൻ ഉത്തരവ്
ജിദ്ദ: ഇന്ത്യന്‍ എംബസിയെ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു എന്ന പരാതിയില്‍ സഊദിയിൽ അറസ്റ്റ് ചെയ്ത മലയാളിയായ വിവരാവകാശ പ്രവര്‍ത്തകന്‍ മോചനത്തിന് വഴി തെളിയുന്നു. സ്വദേശി അഭിഭാഷകരായ നാസര്‍ അല്‍ ഹുസൈനി, അബ്ദുല്‍ അസീസ് അല്‍ അറീനി എന്നിവരുടെ ശ്രമ ഫലമായാണ് ഡൊമിനിക് മാസങ്ങളുടെ ജയില്‍ വാസത്തിന് ശേഷം മോചിതനാകുന്നത്. റിയാദിലെ ഇന്ത്യന്‍ എംബസി ഡൊമിനിക്കിനെതിരായ പരാതിയുടെ കാര്യത്തില്‍ നിലപാട് മാറ്റിയതും മോചനത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചതും കേസില്‍ വഴിത്തിരിവായി.
ഒക്ടോബര്‍ ആറിനായിരുന്നു റിയാദ് ക്രിമിനല്‍ കോടതിയില്‍ ഡൊമിനിക്കിന്റെ കേസിലെ ആദ്യ ഹിയറിങ്.എംബസ്സി അനുകൂല നിലപാട് സ്വീകരിച്ചതോടെ ആദ്യ ഹിയറിങ്ങില്‍ തന്നെ മോചനം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കേസ് കോടതി അപ്രതീക്ഷിതമായി ഒക്ടോബര്‍ 21 ലേക്ക് നീട്ടി വെക്കുകയായിരുന്നു.
എംബസ്സിയുടെ പ്രതിനിധി കേസില്‍ തങ്ങള്‍ക്ക് പരാതിയില്ല എന്ന നിലപാടെടുത്തിട്ടും കേസ് നീട്ടി വെച്ചത് ഡൊമിനിക്കിനോട് അടുത്ത വൃത്തങ്ങളില്‍ ഏറെ നിരാശ സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ സ്വദേശി അഭിഭാഷകനായ നാസര്‍ അല്‍ ഹുസൈനിയുമായി ബന്ധപ്പെട്ട് കേസിന്റെ പുരോഗതി ധരിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം സഹപ്രവര്‍ത്തകനായ അബ്ദുല്‍ അസീസ് അല്‍ അറീനി നേരിട്ട് കോടതിയില്‍ എത്തി.ആദ്യം അറീനിക്ക് കോടതിയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടുവെങ്കിലും അദ്ദേഹം പിന്തിരിയാതെ പ്രത്യേക അനുമതി നേടി കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിചാരണക്ക് പോലും കാത്തു നില്‍ക്കാതെ ഡൊമിനിക്കിനെ അടിയന്തിരമായി മോചിപ്പിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. കൊവിഡ് മൂലം ഓണ്‍ലൈന്‍ ഹിയറിങ്ങുകള്‍ മാത്രം അനുവദനീയമായ സാഹചര്യത്തിലാണ് അറീനി പ്രത്യേക താല്പര്യമെടുത്ത് നേരിട്ട് ഹാജരായത്.
കോടതിയില്‍ ഡൊമിനിക്കിന് അനുകൂലമായ നിരവധി വിവരങ്ങള്‍ അഭിഭാഷകര്‍ സമര്‍പ്പിച്ചിരുന്നു. ഡൊമിനിക്കിനെതിരെ പരാതി നല്‍കിയില്ല എന്ന് കാണിച്ച് ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖയും ഡൊമിനിക്കിനെ മോചിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡൊമിനിക്കിന്റെ മാതാവ് കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ എതിര്‍കക്ഷിയായ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വിവരങ്ങളും റിയാദിലെ കോടതിയില്‍ സമര്‍പ്പിച്ചു.
ഡൊമിനിക്കിനെതിരായ കേസ് നിലനില്‍ക്കില്ല എന്നായിരുന്നു അഭിഭാഷകരുടെ വാദം. ഇന്ത്യന്‍ എംബസിക്ക് എതിരെയാണ് ഡൊമിനിക്ക് സമൂഹ മാധ്യമ പരാമര്‍ശം നടത്തിയതെന്നും അതിനാല്‍ ഇത് ഇന്ത്യന്‍ പൗരനും ഇന്ത്യന്‍ എംബസിയും തമ്മിലുള്ള വിഷയമാണെന്നും വാദമുണ്ടായിഇതിനാധാരമായി ഒരു രാജ്യവും അതിന്റെ പൗരനും തമ്മിലുള്ള വിഷയത്തില്‍ മറ്റൊരു രാജ്യം ഇടപെടാന്‍ പാടില്ല എന്ന വിയന്ന കണ്‍വെന്‍ഷനിലെ തീരുമാനവും സഊദി അറേബ്യ അതില്‍ ഒപ്പു വെച്ച കാര്യവും പരാമര്‍ശിക്കപ്പെട്ടു. അതിനാല്‍ ഡൊമിനിക്കിനെതിരെ കേസ് എടുത്തത് പ്രഥമ ദൃഷ്ട്യാ തെറ്റാണെന്നും അതിനാല്‍ തന്നെ കേസ് നിലനില്‍ക്കില്ലെന്നും കോടതിയെ ബോധ്യപ്പെടുത്താന്‍ ഡൊമിനിക്കിന്റെ അഭിഭാഷകര്‍ക്ക് സാധിച്ചു.
തുടര്‍ന്നാണ് വിചാരണ പോലും നടത്താതെ ഡൊമിനിക്കിനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവായത്. വെള്ളിയാഴ്ച്ച അവധിയായതിനാല്‍ കോടതി നടപടികള്‍ പൂര്‍ത്തിയാക്കി അവധി ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ഡൊമിനിക്കിന്റെ മോചനം സാധ്യമാവൂ എന്നാണ് ഡൊമിനിക്കിനോട് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."