നവംബർ മുതൽ എത്തുന്ന വിദേശ ഉംറ തീർത്ഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു
മക്ക: അടുത്ത മാസം മുതൽ പുനഃരാരംഭിക്കുന്ന വിദേശ ഉംറ തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പുണ്യ നഗരികളിലെ താമസ സൗകര്യങ്ങൾ കുറ്റമറ്റതാക്കാനുള്ള നടപടികളാണ് ആരംഭിച്ചത്. മക്കയിലെയും മദീനയിലെയും കെട്ടിട ഉടമകൾക്ക് ഇത് സംബന്ധിച്ച നിർദേശങ്ങൾ സഊദി ഹജ്ജ്, ഉംറ മന്ത്രാലയം നൽകിയിട്ടുണ്ട്. വിദേശ ഉംറ തീർത്ഥാടകർക്ക് താമസ സൗകര്യം ഒരുക്കാൻ ആഗ്രഹിക്കുന്ന ഹോട്ടലുകളും പാർപ്പിട യൂനിറ്റുകളും എത്രയും വേഗം ഉംറ ഓട്ടോമാറ്റഡ് സിസ്റ്റം വഴി വിവരങ്ങൾ പുതുക്കണമെന്നാണ് നിർദേശം. നവംബർ ഒന്ന് മുതൽ ഘട്ടം ഘട്ടമായി ഉംറ തീർഥാടനം പുനഃരാരംഭിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഹോട്ടലുകളുടെയും പാർപ്പിട യൂനിറ്റുകളുടെയും വിവരങ്ങൾ പുതുക്കാൻ ആവശ്യപ്പെടുന്നതെന്ന് ഉംറ കാര്യങ്ങൾക്കുള്ള ഹജ്, ഉംറ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയും സെൻട്രൽ ബുക്കിംഗ് എൻജിൻ സൂപ്പർവൈസർ ജനറലുമായ അബ്ദുറഹ്മാൻ ബിൻ ഫഹദ് ബിൻ ശംസ് ഹോട്ടലുകൾക്ക് അയച്ച സർക്കുലറിൽ വ്യക്തമാക്കി.
വിവരങ്ങൾ പുതുക്കാൻ ടൂറിസം മന്ത്രാലയത്തിൽ നിന്നുള്ള കാലാവധിയുള്ള ലൈസൻസ്, സിവിൽ ഡിഫൻസ് ലൈസൻസ്, കമേഴ്സ്യൽ രജിസ്ട്രേഷൻ, സക്കാത്ത്, നികുതി അതോറ്റിറ്റിയിൽ നിന്നുള്ള വാറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ടാക്സ് നമ്പർ, ഉടമയുടെയോ പകരം ചുമതലപ്പെടുത്തുന്ന വ്യക്തിയുടെയോ തിരിച്ചറിയൽ കാർഡ്, ഉടമക്കു പകരം ചുമതലപ്പെടുത്തുന്ന വ്യക്തിക്കുള്ള വക്കാല, അതല്ലെങ്കിൽ ചേംബർ ഓഫ് കൊമേഴ്സിൽ നിന്ന് അറ്റസ്റ്റ് ചെയ്ത അംഗീകാര പത്രം എന്നിവയാണ് ഉംറ ഓട്ടോമാറ്റഡ് സിസ്റ്റം വഴി വിവരങ്ങൾ പുതുക്കുമ്പോൾ സമർപ്പിക്കേണ്ടത്.
ഉംറ തീർത്ഥാടനം പുനഃരാരംഭിച്ചപ്പോൾ നടത്തിയ പ്രഖ്യാപനം മൂലം അടുത്ത മാസം ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിലാണ് വിദേശ തീർത്ഥാടകരെ അനുവദിച്ചു തുടങ്ങുക. എന്നാൽ, കൊവിഡ് വൈറസ് വ്യാപനം അധികരിച്ച രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അനുവാദം നൽകുമോയെന്ന കാര്യത്തിൽ ഇത് വരെ പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല. ഏതെല്ലാം രാജ്യങ്ങളിൽ നിന്നുള്ളവർക്കായിരിക്കും അനുമതി നൽകേണ്ടതെന്നതിൽ ആരോഗ്യ മന്ത്രാലയ റിപ്പോർട്ട് അടിസ്ഥാനമാക്കിയായിരിക്കും സഊദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ പ്രഖ്യാപനം. രാജ്യങ്ങളുടെ കാര്യത്തിൽ ഉടൻ തന്നെ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."