മുഴുവന്‍ വിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് റൂമുകള്‍; ഔദ്യോഗിക പ്രഖ്യാപനം 27ന്
തിരുവനന്തപുരം: മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്റൂമുള്ള ആദ്യ സംസ്ഥാനമായി കേരളം. വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയിലെ ആദ്യസമ്പൂര്‍ണ ഡിജിറ്റലൈസേഷന് പ്രഖ്യാപനം ഒക്ടോബര്‍ 27ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. 16,027 സ്കൂളുകളിലായി 3,74,274 ഡിജിറ്റല്‍ ഉപകരണങ്ങളാണ് സ്മാര്‍ട്ട് ക്ലാസ്റൂം പദ്ധതിക്കായി വിതരണം ചെയ്തത്. 4752 ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറികളിലായി 45,000 ഹൈടെക് ക്ലാസ് മുറികള്‍ ഒന്നാം ഘട്ടത്തില്‍ സജ്ജമാക്കി. പ്രൈമറി അപ്പര്‍ പ്രൈമറി തലങ്ങളില്‍ 11,275 സ്കൂളുകളില്‍ ഹൈടെക് ലാബും തയാറാക്കി.
12,678 സ്കൂളുകള്‍ക്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1,19,055 ലാപ്ടോപ്പുകള്, 6 9,944 മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍, 1,00,473 യു.എസ്.ബി സ്പീക്കറുകള്‍, 43,250 മൗണ്ടിങ് കിറ്റുകള്‍, 23,098 സ്ക്രീന്‍, 4,545 ടെലിവിഷന്‍, 4,611 മള്‍ട്ടിഫങ്ഷന്‍ പ്രിന്റര്‍, 4,720 എച്ച്.ഡി. വെബ്ക്യാം, 4,578 ഡി.എസ്.എല്‍.ആര് ക്യാമറ എന്നിവയാണ് സ്കൂളുകളില്‍ നല്കിയ ഉപകരണങ്ങള്‍.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് ഹൈടെക് ക്ലാസ് റൂം പദ്ധതി. കൈറ്റിന്റെ നേതൃത്വത്തില്‍ കിഫ്ബിയുടെ ധനസഹായത്തോടെയാണ് ഇത് നടപ്പാക്കിയത്. എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടെ ആസ്തിവികസനഫണ്ട്, തദ്ദേശ സ്ഥാപനഫണ്ട് എന്നിവ ഉപയോഗിച്ചും ഹൈടെക് ക്ലാസ് മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."