ചേരിപ്പോര് കടുത്തു; ജെ.ഡി.എസ് കേരള ഘടകം പിരിച്ചുവിട്ടു: മാത്യു ടി.തോമസ് അധ്യക്ഷനായി അഡ്ഹോക്ക് കമ്മിറ്റി
കോഴിക്കോട്: കടുത്ത ചേരിപ്പോരിനെ തുടര്‍ന്ന് ജനതാദള്‍ എസ്(ജെ.ഡി.എസ്) സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടു. സി.കെ നാണു എം.എല്‍ എഅധ്യക്ഷനായ സംസ്ഥാന ഘടകത്തെയാണ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവെഗൗഡ പിരിച്ചുവിട്ടത്. മാത്യു ടി.തോമസ് അധ്യക്ഷനായി അഡ്ഹോക്ക് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
സംസ്ഥാന കമ്മിറ്റിയുടെ നിര്‍ണായ യോഗം വ്യാഴാഴ്ച നടക്കാനിരിക്കെയാണ് ദേശീയ നേതൃത്വത്തിന്റെ നടപടി. തീരുമാനം അറിഞ്ഞില്ലെന്ന് സി.കെ നാണു പ്രതികരിച്ചു. കോര്‍ കമ്മിറ്റിയുമായി ആലോചിക്കാതെ നാണു ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് പാര്‍ട്ടിയെ ദുര്ബലപ്പെടുത്തിയെന്നാരോപിച്ചാണ് നടപടി.
ജോസ് തെറ്റയില്‍, ജമീല പ്രകാശം എന്നിവരാണ് അഡ്ഹോക്ക് കമ്മിറ്റിയിലെ വൈസ് പ്രസിഡന്റുമാര്‍. ബെന്നി മൂഞ്ഞിലി, അഡ്വ. വി. മുരുകദാസ്, അഡ്വ. ബിജിലി ജോസഫ് എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരുമാണ്. മുഹമ്മദ് ഷായെ ട്രഷറര്‍ ആയും നിയമിച്ചതായി ദേശീയ പ്രസിഡന്റ് എച്ച്.ഡി ദേവെഗൗഡ അറിയിച്ചു.
ദേശീയ നേതൃത്വം നല്കിയ നോട്ടിസിന് സി.കെ നാണു മറുപടി നല്‍കിയില്ലെന്നും ദേവെഗൗഡ പുറത്തിറക്കിയ കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു. സി.കെ നാണു നിയമിച്ച കോട്ടയം ജില്ലാ പ്രസിഡന്റ് മാത്യു ജേക്കബ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ചന്ദ്രകുമാര്‍ എന്നിവരെ മാറ്റണമെന്ന് ഗൗഡ നിര്‍ദേശിച്ചതോടെയാണ് ചേരിപ്പോര് രൂക്ഷമായത്. നാണുവിനൊപ്പം നില്ക്കുന്ന ജോര്‍ജ് തോമസ് അദ്ദേഹം വഹിക്കുന്ന വനം വികസന കോര്പറേഷന് അധ്യക്ഷ പദവി കേന്ദ്ര നിര്‍ദേശപ്രകാരം രാജിവച്ചെങ്കിലും കത്ത് കേന്ദ്രത്തിനു കൈമാറാന്‍ നാണു തയാറായിട്ടില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മാത്യു ടി. തോമസ് വിഭാഗം കേന്ദ്രനേതൃത്വത്തെ സമീപിക്കുകയായിരുന്നു.
സി.കെ. നാണു വിഭാഗം യു.ഡി.എഫിലേക്ക് മാറുന്നതിന് കോണ്‍ഗ്രസ് നേതാവുമായി ചര്‍ച്ച നടത്തിയെന്നും ആരോപണമുയര്‍ന്നിരുന്നു. നേരത്തെ ലോക് താന്ത്രിക് ജനതാദളുമായി ലയനചര്‍ച്ച സജീവമാക്കാന്‍ ദേവെഗൗഡ പച്ചക്കൊടി കാണിച്ചിരുന്നെങ്കിലും ജെ.ഡി.എസിനുള്ളിലെ ഭിന്നത കാരണം നീണ്ടുപോകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."