മുസഫര്‍ നഗറിലെ ബൈത്തുറഹ്മ വില്ലേജ് നാളെ സമര്‍പ്പിക്കും
ന്യൂഡല്‍ഹി: വര്‍ഗീയ കലാപം തകര്‍ത്ത ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ അഭയാര്‍ഥികളാക്കപ്പെട്ട കുടുംബങ്ങള്‍ക്കുള്ള പുനരധിവാസ പദ്ധതിയായി ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് നിര്‍മിച്ച ബൈത്തുറഹ്മ ഭവനപദ്ധതി നാളെ സമര്‍പ്പിക്കും.
മുസഫര്‍നഗര്‍ ജില്ലയിലെ ബുധാനക്ക് സമീപം മന്ത്വാദയില് നിര്‍മാണം പൂര്‍ത്തിയായ 61 വീടുകളുടെ താക്കോല്‍ ദാനം രാവിലെ പത്തിന് മുസ്ലിംലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുമെന്ന് പാര്‍ട്ടി വക്താവ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അറിയിച്ചു. അഭയാര്‍ഥികള്‍ക്ക് പുതുജീവിതവും ശോഭനമായ ഭാവിയും സമ്മാനിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മന്ത്വാഡയില് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ ഒരുക്കിയ നഗരിയിലാണ് വീടുകള്‍. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍, സയ്യിദ് അബ്ദുര്‍ റഹ്മാന് ബാഫഖി തങ്ങള്‍, സീതി സാഹിബ്, ജിഎം ബനാത്ത്വാല തുടങ്ങിയവരുടെ പേരിലുളള ബ്ലോക്കുകളിലായിട്ടാണ് 61 വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്.
സി.എച്ച് മുഹമ്മദ് കോയയുടെ പേരില്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും പണി പൂര്‍ത്തിയായി. കുട്ടികള്‍ക്കായുള്ള പാര്‍ക്കും നഗരിയില്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ ഇ.അഹമ്മദിന്റെ പേരില്‍ വിദ്യാഭ്യാസ കേന്ദ്രവും ഒരുക്കുന്നുണ്ട്.
താക്കോല്‍ദാന പരിപാടിയില്‍ മുസ്ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ പ്രൊഫ.ഖാദര്‍ മൊയ്തീന് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സ്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കും. ഇ.ടി മുഹമ്മദ് ബഷീര്‍ അധ്യക്ഷനാകും. ട്രഷറര്‍ പി.വി അബ്ദുല്‍വഹാബ് എം.പി താമസക്കാര്‍ക്ക് രേഖകള്‍ കൈമാറും. കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, യൂത്ത്ലീഗ,് എം.എസ്.എഫ്, കെ.എം.സി.സി നേതാക്കളും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."