കൊടുംവരള്‍ച്ചയുടെ നിത്യസ്മാരകമായി ഒരു ജലസംഭരണി
കാക്കനാട്: ഉടമസ്ഥരില്ലാതെ മൂന്നു പതിറ്റാണ്ടായി വരണ്ടുണങ്ങി ഒരു ജലസംഭരണി. പൊതുമരാമത്ത് വകുപ്പും ജല അതോറിറ്റിയും ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിനാല്‍ കൊടുംവരള്‍ച്ചയുടെ നിത്യസ്മാരകമായി എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിനു സമീപം നിലകൊള്ളുകയാണു സംഭരണി. രണ്ടു ലക്ഷം ലീറ്റര്‍ ശേഷിയുള്ള ജലസംഭരണിയില്‍ വെള്ളം കയറ്റിയതായി ആര്‍ക്കും ഓര്‍മയില്ല. 30 കൊല്ലം മുന്‍പ് ഇതു നിര്‍മിച്ച വേളയില്‍ വെള്ളം നിറച്ചെന്നും പിന്നീടു ചോര്‍ച്ച കണ്ടതിനെ തുടര്‍ന്നു സംഭരണിതന്നെ ഉപേക്ഷിച്ചെന്നുമാണു നാട്ടുകാര്‍ പറയുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണു ജലസംഭരണി നിലകൊള്ളുന്നതെന്നതിനാല്‍ ഇത് അവരുടേതാണെന്നാണു ജല അതോറിറ്റിയുടെ വാദം. ജലസംഭരണിയല്ലേ, അതു ജല അതോറിറ്റിയുടെ തന്നെ എന്ന നിലപാടിലാണു പൊതുമരാമത്തു വകുപ്പ്. അറ്റകുറ്റപ്പണി ചെയ്താല്‍ എന്‍.ജി.ഒ ഫ്‌ലാറ്റുകളിലെങ്കിലും കൃത്യമായി വെള്ളം നല്‍കാനാകുമെന്നാണു നാട്ടുകാരുടെ അഭിപ്രായം.
വര്‍ഷങ്ങള്‍ പഴക്കമുള്ള സംഭരണിയുടെ ഇപ്പോഴത്തെ അവസ്ഥ പരിശോധിക്കാന്‍ പോലും ഒരു വകുപ്പും നടപടിയെടുക്കുന്നില്ല. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സുകള്‍ സ്ഥാപിച്ച വേളയില്‍ അവിടങ്ങളില്‍ വെള്ളമെത്തിക്കാന്‍ നിര്‍മിച്ചതാണു ജലസംഭരണി. ഈ മേഖലയിലെ റോഡും പൈപ്പും സംഭരണിയുമൊക്കെ പൊതുമരാമത്തു വകുപ്പിന്റെ ഉടമസ്ഥതയിലാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണു ജല അതോറിറ്റി. തൃക്കാക്കര നഗരസഭാ പരിധിയില്‍ ജല അതോറിറ്റിയുടെ ഉടമസ്ഥതയില്‍ ഓലിമുകളിലെ ഒരു ജലസംഭരണി മാത്രമേ നിലവിലുള്ളൂവെവെന്ന് അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു. തങ്ങളുടേതല്ലാത്ത ജലസംഭരണിയുടെ അറ്റകുറ്റപ്പണി ഏറ്റെടുക്കാനാകില്ലെന്നാണ് അവരുടെ നിലപാട്. വരള്‍ച്ച രൂക്ഷമാകുമ്പോഴാണ് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് ജലസംഭരണി ചര്‍ച്ചകളിലേക്കു കടന്നുവരുന്നത്. ഇതു നന്നാക്കിക്കൂടേയെന്ന ചോദ്യം എല്ലാ വരള്‍ച്ചക്കാലത്തും ഉയര്‍ന്നു വരാറുണ്ട്.
മൈക്രോ ലെവല്‍ കുടിവെള്ള പദ്ധതിയുടെ പേരില്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്ന നഗരസഭയ്ക്കും ഈ സംഭരണി ഏറ്റെടുക്കാവുന്നതേയുള്ളൂവെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഇവിടെ ഏതാനും കുഴല്‍ക്കിണറുകള്‍ നിര്‍മിച്ചു ജലസംഭരണിയിലേക്കു വെള്ളമടിച്ചു പൈപ്പ് വഴി വിതരണം ചെയ്യാന്‍ നഗരസഭയ്ക്കു കഴിയുമെന്നാണു നാട്ടുകാരുടെ പക്ഷം. ജല അതോറിറ്റിയുടെ വെള്ളം തടസ്സപ്പെടുന്നതു പതിവായതിനാല്‍ കുഴല്‍ക്കിണര്‍ നിര്‍മിച്ചുള്ള മൈക്രോ ലെവല്‍ കുടിവെള്ള പദ്ധതി പ്രയോജനപ്പെടുമത്രെ. ഇക്കാര്യത്തില്‍ അടിയന്തര നടപടി വേണമെന്നും അല്ലെങ്കില്‍ 30 കൊല്ലമായി വെറുതെകിടക്കുന്ന സംഭരണി പൊളിച്ചുനീക്കി സ്ഥലം മറ്റെന്തെങ്കിലും കാര്യത്തിന് ഉപയോഗിക്കണമെന്നും അവര്‍ നിര്‍ദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."