സോളാറില്‍ സരിതയുടെ മൊഴി ആയുധമാക്കി ; സ്വപ്നയുടെ മൊഴി തിരിഞ്ഞു കൊത്തുന്നു
കോട്ടയം: സോളാറില്‍ സരിതനായരുടെ മൊഴി ആയുധമാക്കിയ സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും സ്വപ്ന സുരേഷിന്റെ മൊഴി തിരിഞ്ഞു കൊത്തുന്നു. സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഇ.ഡിക്ക് (എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് ) നല്‍കിയ മൊഴി പ്രതിപക്ഷത്തിന് പുതിയ ആയുധമായി. മുഖ്യമന്ത്രിയുടെ രാജി തേടി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുമ്പോള്‍ മുഖ്യമന്ത്രിയും സി.പി.എമ്മും കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്.
സോളാറില്‍ സരിതയുടെ മൊഴിയും കത്തും ഉയര്‍ത്തി കാട്ടിയായിരുന്നു അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും യു.ഡി.എഫ് നേതാക്കളെയും പിണറായി വിജയന്റെ നേതൃത്വത്തില്‍ സി.പി.എം കടന്നാക്രമിച്ചതും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയതും. യു.എ.ഇ കോണ്‍സുലേറ്റ് സെക്രട്ടറിയായിരിക്കുമ്പോള്‍ മുതല്‍ മുഖ്യമന്ത്രിക്ക് തന്നെ അറിയാമെന്നും. സ്‌പേസ് പാര്‍ക്കിലെ തന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നുമാണ് സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഇ.ഡിക്ക് നല്‍കിയ മൊഴി. സ്വപ്നയുടെ നിയമനം അറിഞ്ഞത് വിവാദത്തിന് ശേഷമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എം. ശിവശങ്കറെ കുറിച്ച് അറിഞ്ഞതു യു.എ.ഇ കോണ്‍സുലര്‍ ജനറലും മുഖ്യമന്ത്രിയും ക്ലിഫ് ഹൗസില്‍ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിലാണെന്നും സ്വപ്ന ഇ.ഡിക്ക് നല്‍കിയ മൊഴിയിലുണ്ട്. തനിക്കൊന്നുമറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദങ്ങളെ പൊളിക്കുന്നതാണ് സ്വപ്നയുടെ മൊഴി. സ്വപ്നയുടെ പുറത്തു വന്ന മൊഴിയില്‍ വിശദീകരണത്തിന് മുഖ്യമന്ത്രിയോ സി.പി.എമ്മോ തയ്യാറായിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കേ മുഖ്യമന്ത്രിയെ സംശയനിഴലില്‍ നിര്‍ത്തുന്ന സ്വപ്നയുടെ വിവാദ മൊഴിയില്‍ സി.പി.എമ്മിന് മറുപടി പറയേണ്ടി വരും. കൊവിഡ് അതിവ്യാപനത്തേ തുടര്‍ന്ന് നിര്‍ത്തിയ സര്‍ക്കാരിനെതിരായ സമരം യു.ഡി.എഫും കോണ്‍ഗ്രസും വീണ്ടും ഊര്‍ജിതമാക്കുകയാണ്.
സ്വപ്ന ഇ.ഡിക്ക് നല്‍കിയ മൊഴി ഉയര്‍ത്തിക്കാട്ടിയാണ് വീണ്ടും മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷം സമരം കടുപ്പിക്കുന്നതും രാജി ആവശ്യപ്പെടുന്നതും. ഒന്നിനു പുറകെ ഒന്നായി വിവാദങ്ങള്‍ പുകയുമ്പോള്‍ സി.പി.എം നേതൃത്വം മറുപടി നല്‍കാനാവാത്ത അവസ്ഥയിലാണ്. തല്‍ക്കാലം വിവാദങ്ങളില്‍ മറുപടി പറയാതെ അവഗണിക്കാനാണ് നീക്കം.
വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിന് നേരെ ഉയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാനും സി.പി.എം ശ്രമിക്കുന്നു. വിവാദ വിഷയങ്ങളിലെ ചര്‍ച്ചകളില്‍ നിന്നെല്ലാം ഒഴിഞ്ഞു നില്‍ക്കാനുള്ള സി.പി.എം സെക്രട്ടറിയേറ്റ് തീരുമാനം എത്രകാലം തുടരാനാവുമെന്ന ചോദ്യം പാര്‍ട്ടിയില്‍ തന്നെ ഉയരുന്നുണ്ട്. വിവാദ വിഷയങ്ങളില്‍ പാര്‍ട്ടിയുടെ നിലപാട് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താതെ മാറി നില്‍ക്കുന്ന സമീപനം ഒളിച്ചോട്ടമാണെന്ന പരിഹാസവും ഉയരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ ഉത്തരം മുട്ടിയ സി.പി.എം സംവാദങ്ങളില്‍ നിന്ന് ഒളിച്ചോടുന്നുവെന്ന് പ്രതിപക്ഷവും പരിഹസിക്കുന്നു.
മുഖ്യമന്ത്രി തന്നെ കത്തെഴുതി കൊണ്ടുവന്നതാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുഖ്യമന്ത്രിയെ സംശയനിഴലിലേക്ക് എത്തിച്ചത് സി.പി.എമ്മിന് കനത്ത തിരിച്ചടിയാണ്. സമ്മര്‍ദ്ധം ചെലുത്തി രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്ന ആരോപണം ഉയര്‍ത്തി പ്രതിരോധത്തിനാണ് സി.പി.എം ശ്രമം. സ്വര്‍ണക്കടത്ത് പ്രതിയുടെ മൊഴി ഉന്നയിച്ചു മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷത്തെ പരിഹസിക്കുന്ന സി.പി.എം സോളാര്‍ കേസില്‍ സ്വീകരിച്ച നിലപാട് പതിയെ വിഴുങ്ങാനുള്ള ശ്രമത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."