വോട്ടിങ് മെഷിനില്‍ തട്ടിപ്പ് നടത്താന്‍ കഴിയുമെന്ന് തെളിവുസഹിതം ആം ആദ്മി
ന്യൂഡല്‍ഹി: ഡല്‍ഹി നിയമ സഭയുടെ പ്രത്യേക യോഗത്തില്‍ കോഴ വിവാദത്തെക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാള്‍ തയാറായില്ല. എന്നാല്‍ ഇന്നലെ നടന്ന പ്രത്യേക യോഗത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ എങ്ങനെ തട്ടിപ്പു നടത്താമെന്ന് ലൈവ് വിവരണം നല്‍കിയാണ് ആരോപണത്തെ ആംആദ്മി പാര്‍ട്ടി നേരിട്ടത്.
ഏത് പാര്‍ട്ടി വിജയിക്കണമെന്ന് ആഗ്രഹിക്കുന്നുവോ അതിന് ഒരു രഹസ്യ കോഡ് ഉപയോഗിക്കണം.ആംആദ്മി എം.എല്‍.എ സൗരഭ് ഭരദ്വാജ് ആണ് ഈ കോഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്താന്‍ കഴിയുമെന്ന് അവകാശപ്പെട്ട് ഇതുസംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഈ കോഡ് ഓരോ മണ്ഡലത്തിലും വ്യത്യസ്തമായ രീതിയില്‍ ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
മെഷിനിന്റെ ഡമ്മി ഉപയോഗിച്ചാണ് അദ്ദേഹം തട്ടിപ്പ് നടത്താവുന്നത് എങ്ങനെയെന്ന് ചൂണ്ടിക്കാട്ടിയത്. രണ്ട് പാര്‍ട്ടിക്ക് ലഭിച്ച രണ്ട് വോട്ടുകള്‍ വീതം എങ്ങനെ ഒരു പാര്‍ട്ടിയിലേക്ക് എത്തുന്നുവെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം തട്ടിപ്പിന്റെ തെളിവുകള്‍ നിയമസഭയില്‍ വ്യക്തമാക്കിയത്. ഇലക്ട്രോണിക് വോട്ടിങ് മെഷിനിന്റെ മദര്‍ ബോര്‍ഡില്‍ മാറ്റം വരുത്തി ക്രമക്കേട് നടത്താമെന്ന് എം.എല്‍.എ അവകാശപ്പെട്ടു.
ക്രമക്കേട് നടത്താന്‍ പറ്റുന്ന സാഹചര്യത്തില്‍ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ഒരു പാര്‍ട്ടിക്കുമാത്രം ഭരിക്കാവുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞു.
താന്‍ പറഞ്ഞ കാര്യം വാസ്തവമല്ലെന്ന് തെളിയിക്കാന്‍ ഏതെങ്കിലും ശാസ്ത്രജ്ഞര്‍ക്ക് കഴിയുമോയെന്ന് അദ്ദേഹം വെല്ലുവിളിച്ചു. താനൊരു കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയാണെന്നും കഴിഞ്ഞ 10 വര്‍ഷക്കാലം വിവിധ കമ്പനികളില്‍ ജോലി നോക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു. താന്‍ തെളിയിച്ച കാര്യത്തെ ചോദ്യം ചെയ്യാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവരെ സ്വാഗതം ചെയ്യുന്നതായും എം.എല്‍.എ പറഞ്ഞു.
അതേസമയം അഴിമതി ആരോപണ വിധേയനായ മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാള്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമ സഭയില്‍ പ്രതിഷേധിച്ച ബി.ജെ.പി എം.എല്‍.എയെ പുറത്താക്കി. വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് വരുത്താമെന്നതുസംബന്ധിച്ചുള്ള വിവരണത്തിനിടയിലാണ് എം.എല്‍.എ വിജേന്ദര്‍ ഗുപ്ത പ്രതിഷേധിച്ചത്. നാടകീയ രംഗങ്ങളാണ് സഭയില്‍ അരങ്ങേറിയത്. മുഖ്യമന്ത്രിയും മന്ത്രിയായ സത്യേന്ദ്ര ജയിനും തമ്മിലുള്ള ഇടപാടുകള്‍ വെളിപ്പെടുത്തണമെന്ന എം.എല്‍.എയുടെ ആവശ്യം സ്പീക്കര്‍ രാംനിവാസ് ഗോയല്‍ തള്ളിയതോടെയാണ് വിജേന്ദര്‍ ഗുപ്ത ശക്തമായി പ്രതിഷേധിച്ചത്. അദ്ദേഹത്തോട് സഭവിട്ട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതിന് തയാറാകാതിരുന്ന എം.എല്‍.എയെ പിന്നീട് സുരക്ഷാ ജീവനക്കാര്‍ പുറത്താക്കുകയായിരുന്നു.
ക്രമക്കേട് നടത്താനാകില്ലെന്ന്
വെല്ലുവിളിച്ച് തെര. കമ്മിഷന്‍
ന്യൂഡല്‍ഹി: വോട്ടിങ് മെഷിനില്‍ ക്രമക്കേട് വരുത്താമെന്ന് തെളിവു സഹിതം ആം ആദ്മി പാര്‍ട്ടി ഇന്നലെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് വ്യക്തമാക്കിയതിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇപ്പോള്‍ നിലവില്‍ ഉപയോഗിക്കുന്ന മെഷിനില്‍ ഏത് തരത്തിലാണ് ക്രമക്കേട് നടത്താന്‍ കഴിയുകയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സൗരഭ് ഭരദ്വാജിനെ വെല്ലുവിളിച്ചു.
സൗരഭ് കാണിച്ച വോട്ടിങ് യന്ത്രം ഇപ്പോള്‍ ഉപയോഗിക്കുന്ന യന്ത്രത്തിന്റെ മൂലരൂപമാണെന്നും തെരഞ്ഞെടുപ്പില്‍ ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി.
നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയ പരിശോധനയില്‍ യന്ത്രത്തില്‍ ക്രമക്കേട് നടത്താനാകുമെന്ന കാര്യം തെളിയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ക്രമക്കേട് നടത്താനാകുമെന്ന വാദം ശരിയല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."