മതനിന്ദ: ജക്കാര്‍ത്ത ഗവര്‍ണര്‍ക്ക് രണ്ടുവര്‍ഷം തടവ് ശിക്ഷ
ജക്കാര്‍ത്ത: മതനിന്ദാ കേസില്‍ ജക്കാര്‍ത്ത ഗവര്‍ണര്‍ ബുസുകി തിജാഹമ പുര്‍ണമ എന്ന അഹോക് കുറ്റക്കാരനെന്ന് ഇന്തോനേഷ്യന്‍ കോടതി. ഖുര്‍ആന്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച അഹോകിന് രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിച്ചതായും കോടതി അറിയിച്ചു. ക്രിസ്ത്യന്‍ വിഭാഗക്കാരനായ അഹോക് ഇസ്‌ലാമിനെ നിന്ദിച്ചതിനെതിരേ ഇന്തോനേഷ്യയില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. ഗവര്‍ണര്‍ക്കെതിരേ പൊതു സമൂഹവും രംഗത്തെത്തി. ഇന്നലെ തെക്കന്‍ ജക്കാര്‍ത്തയിലെ കോടതി മുറിയിലാണ് കേസിന്റെ വിധിപ്രസ്താവം നടന്നത്.
കോടതിക്ക് പുറത്തും നൂറുകണക്കിന് പ്രതിഷേധക്കാരെത്തി. ഗവര്‍ണര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബസുകി ഖുര്‍ആനെ അധിക്ഷേപിച്ച് സംസാരിച്ചുവെന്നാണ് കേസ്. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അഹോക് കുറ്റം ചെയ്തതായി തെളിഞ്ഞുവെന്ന് വിധി പ്രസ്താവിച്ച ജഡ്ജി ദിവിയര്‍സോ ബുദി സാന്റിയാര്‍ടോ പറഞ്ഞു. എന്നാല്‍ താന്‍ കുറ്റം ചെയ്തില്ലെന്ന വാദത്തില്‍ അഹോക് ഉറച്ചു നിന്നു. കഴിഞ്ഞ വര്‍ഷം താന്‍ നടത്തിയ പരാമര്‍ശത്തില്‍ മാപ്പു ചോദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. കോടതി ശിക്ഷിച്ചതോടെ ഏപ്രിലില്‍ നടന്ന ഗവര്‍ണര്‍ തെരഞ്ഞെടുപ്പിന്റെ റീ ഇലക്ഷനില്‍ മത്സരിക്കാന്‍ അഹോകിന് കഴിയില്ല.
കേസിലെ വിധി പ്രസ്താവവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് പൊലിസുകാരെയാണ് ജക്കാര്‍ത്തയില്‍ വിന്യസിച്ചത്. അഹോകിനെ അനുകൂലിക്കുന്ന വിഭാഗവും സിറ്റി ഹാളില്‍ ചുവപ്പും വെളുപ്പും ബലൂണുകളുമായി പ്രകടനം നടത്തി. ഇരു വിഭാഗത്തിനും പ്രകടനം നടത്താന്‍ അനുമതി നല്‍കിയിരുന്നുവെന്നും എന്നാല്‍ സംഘര്‍ഷം തടഞ്ഞുവെന്നും നാഷനല്‍ പൊലിസ് വക്താവ് സ്റ്റെയോ വാസിസ്റ്റോ പറഞ്ഞു.
അഹോകിനെതിരേ വിദ്വേഷ പ്രസംഗം നടത്തിയതിനുള്ള കേസില്‍ കോടതി ശിക്ഷ വിധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ഒരു വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണിത്. മതനിന്ദാ കേസില്‍ പരമാവധി നാലു വര്‍ഷമാണ് തടവ് ലഭിക്കുകയെങ്കിലും അഹോകിന് കുറഞ്ഞ ശിക്ഷയാണ് ലഭിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഇന്തോനേഷ്യയിലെ ന്യൂനപക്ഷ ചൈനീസ് വംശജനായ ബസുകി ക്രിസ്തുമത വിശ്വാസിയാണ്. അരനൂറ്റാണ്ടിനിടെ ഗവര്‍ണര്‍ പദവിയിലെത്തിയ ആദ്യ മുസ്‌ലിം ഇതര വ്യക്തികൂടിയാണ് അഹോക് എന്ന പേരില്‍ അറിയപ്പെടുന്ന ബസുകി. ഇന്തോനേഷ്യയിലെ 25 കോടിയോളം വരുന്ന ജനസംഖ്യയില്‍ ഒരു ശതമാനം മാത്രമാണ് ചൈനീസ് വംശജര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."