മോഹനന്റെ കാര്‍ഷിക സ്വപ്നങ്ങള്‍ പൂവണിയാന്‍ നാട്ടുകാര്‍ കനിയണം
വടക്കാഞ്ചേരി : കുറാഞ്ചേരി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മൂന്നംഗ കുടുംബത്തോടൊപ്പം ചിരസ്മരണയായ കന്നുകുഴിയില്‍ മോഹനന്റെ കാര്‍ഷിക സ്വപ്നങ്ങള്‍ക്ക് മേല്‍ ആശങ്കയുടെ കരിനിഴല്‍ . മഹനീയമായ കാര്‍ഷിക സംസ്‌ക്കാരം നിലനിര്‍ത്താന്‍ നാട്ടുകാര്‍ കനിയണമെന്നതാണ് അവസ്ഥ. കഴിഞ്ഞ സീസണില്‍ നൂറ് മേനി വിളവ് തന്ന കൃഷിയിടം തരിശിടേണ്ടി വരുമ്പോള്‍ അധികൃതരുടെ നിലപാട് പ്രസക്തമാകും. കുറാഞ്ചേരിയില്‍ പച്ചക്കറി വ്യാപാരം നടത്തിയിരുന്ന മോഹനന്‍ ചെറുപ്പം മുതലേ കാര്‍ഷികവൃത്തിയില്‍ സജീവമായിരുന്നു.
ഓണവിപണി ലക്ഷ്യമിട്ട് ടണ്‍ കണക്കിന് പച്ചക്കറികള്‍ വിളവെടുപ്പിന് തയ്യാറെടുത്ത് നില്‍ക്കുമ്പോഴാണ് കഴിഞ്ഞ 16 ലെ ദുരന്തം ക്ഷണിയ്ക്കപ്പെടാത്ത വില്ലനായെത്തി അദ്ദേഹത്തെ തട്ടിയെടുത്തത്.
അതിനിടയിലാണ് കൃഷിയിടത്തില്‍ ഭൂഗര്‍ഭ ജലം ഉപയോഗിയ്ക്കുന്നതിനെതിരെ ഒരു വിഭാഗം നാട്ടുകാര്‍ രംഗത്തെത്തിയത്. വന്‍ തോതില്‍ ജലമൂറ്റുമ്പോള്‍ തങ്ങളുടെ കുടിവെള്ളം മുട്ടുന്നുവെന്നാണ് ഇവരുടെ പരാതി. അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട് ഒരു വിഭാഗം നാട്ടുകാര്‍. ഇതിനെ പ്രതിരോധിയ്ക്കാനായില്ലെങ്കില്‍ കൃഷിയിടം ഉപേക്ഷിയ്ക്കാന്‍ തയ്യാറെടുക്കുകയാണ് ഇപ്പോള്‍ തന്നെ തീരാവേദനയില്‍ കഴിയുന്ന കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."