റമദാന്‍ അവസാന പത്തില്‍ പുണ്യ നഗരികളിലേക്ക് തീര്‍ഥാടകരുടെ ഒഴുക്ക്; കനത്ത സുരക്ഷയില്‍ മക്കയും പരിസരങ്ങളും
മക്ക: വിശുദ്ധ റമദാന്‍ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ വിശുദ്ധ ഹറമുകളിലേക്ക് ഉംറ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും ഒഴുക്ക് വര്‍ധിച്ചു. ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്ന പുണ്യ ദിനങ്ങളില്‍ കൂടുതല്‍ ലക്ഷ്യ സഫലീകരണം മോഹിച്ചാണ് തീര്‍ത്ഥാടക ലക്ഷങ്ങള്‍ ഇരുഹറമുകളും ലക്ഷ്യമാക്കി ഒഴുകുന്നത്. പാപ മോചനത്തിന്റെ ദിനങ്ങളായി കരുതുന്ന അവസാനത്തെ ഒറ്റയിട്ട രാവുകളിലെ ശ്രേഷ്ഠതയും പുണ്യവും നുകരാന്‍ മക്കയിലും മദീനയിലും ലക്ഷ്യമാക്കി ഒഴുകുന്ന തീര്‍ഥാടകരെ മുന്നില്‍ കണ്ട് അധികൃതര്‍ വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പുറമെ സ്വദേശികളും പുണ്യനഗരി ലക്ഷ്യമാക്കിയാണ് എത്തിച്ചേരുന്നത്. അടുത്ത ദിവസങ്ങളില്‍ വിവിധ ഓഫീസുകളും സര്‍ക്കാര്‍ ഓഫീസുകളും അടക്കുന്നതോടെ ആഭ്യന്തര തീര്‍ത്ഥാടകരുടെ തിരക്ക് വീണ്ടും വര്‍ദ്ധിക്കും. തിരക്ക് പരിഗണിച്ച് നോമ്പ് 23 മുതല്‍ മക്കയിലേക്ക് വാഹനങ്ങള്‍ കടത്തി വിടുകയില്ല. വാഹനത്തില്‍ എത്തുന്നവര്‍ മക്കക്ക് സമീപം പാര്‍ക്ക് ചെയ്തു മക്കയിലെ ചെറിയ ടാക്സി കാറുകളെ ആശ്രയിക്കേണ്ടി വരും.
പ്രവാചകചര്യ പിന്‍പറ്റി റമദാനിലെ അവാസന പത്ത് ദിവസത്തെ ഇഅ്തികാഫിനായി മക്കയിലും ഇതിനകം മദീനയിലും നിരവിധി പേര്‍ എത്തിയിട്ടുണ്ട്. പ്രത്യേകം സ്ഥലങ്ങളും ഇതിനായി ഇവിടെ ഒരുക്കിയിട്ടുണ്ട്. വിശ്വാസ ലക്ഷങ്ങള്‍ എത്തുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇരു ഹറമുകളും ലക്ഷ്യമാക്കി കര, വ്യോമ പ്രവേശന കവാടങ്ങളില്‍ തിരക്ക് വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. തീര്‍ത്ഥാടകര്‍ പോകേണ്ട എല്ലാ വഴികളിലും അതാത് ഗവര്‍ണറേറ്റ്കള്‍ക്കിടയില്‍വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുകയും അതെല്ലാം അധികൃതര്‍ വിശകലനം ചെയ്യുകയും ചെയ്തു. മീഖാത്തുകളിലും സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. അവസാന പത്തിലേക്ക് ഹറാമിന് ചുറ്റും ഹോട്ടലുകളില്‍ റൂമുകള്‍ തന്നെ കിട്ടാനില്ലെന്നു ഏതാനും ദിവസം മുന്‍പ് തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ വിശുദ്ധ ഉംറ തീര്‍ത്ഥാടകരും ആഭ്യന്തര തീര്‍ത്ഥാടകരും വര്‍ധിക്കുമെന്നാണ് കരുതുന്നത്. റമദാന്‍ ഉംറ സുരക്ഷ പദ്ധതി വിജയകരമായി നീങ്ങുന്നതായി സുരക്ഷാ വിഭാഗം അറിയിച്ചു.
അതേസമയം, ഇരു ഹറമുകളിലും സുരക്ഷാ ക്രമീകരണങ്ങളും വര്‍ധിപ്പിച്ചിട്ടുണ്ട്. മക്കയില്‍ നടക്കുന്ന മൂന്നു അറബ് ഉച്ചകോടിയുടെ ഭാഗമായി ലോക നേതാക്കള്‍ എത്തുന്നത് കൂടി കണക്കിലെടുത്ത് പരിസര പ്രദേശങ്ങളിലും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടികൂടുന്നതിനും നിര്‍വീര്യമാക്കുന്നതിനുമുള്ള പ്രത്യേകം സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇരുപതു സംഘങ്ങളായി പ്രവര്‍ത്തിക്കുന്ന ടീമില്‍ പത്ത് സംഘങ്ങള്‍ വീതം അടങ്ങിയ രണ്ടു വിഭാഗം ആയുധ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതിനും വിദഗ്ധ പരിശീലനം ലഭിച്ച കെ 9 ഇനത്തില്‍ പെട്ട പൊലിസ് നായകള്‍ ഉള്‍പ്പെടുന്ന റാപിഡ് റെസ്‌പോണ്‍സ് ടീമും സംശയകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന് റോബോട്ടുകളും ഉള്‍പ്പെടുന്നുണ്ട്. ഉച്ചകോടിക്ക് നേതാക്കള്‍ എത്തുമ്പോള്‍ മക്കയില്‍ ഉണ്ടാകുന്ന തിരക്ക് പരിഗണിച്ച് വേണ്ടവിധത്തിലുള്ള ക്രമീകരണങ്ങള്‍ വരുത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."