ഈ വര്‍ഷത്തെ ഉംറ സീസണ് ചൊവ്വാഴ്ച തുടക്കമാകും; പ്രതീക്ഷിക്കുന്നത് 8.5 ദശലക്ഷം തീര്‍ഥാടകരെ
മക്ക: പുതിയ ഹിജ്‌റ വര്‍ഷത്തെ ഉംറ സീസണ് ചൊവ്വാഴ്ച മുതല്‍ തുടക്കമാകും. ഹജ്ജിനു മുന്‍പ് അവസാനിപ്പിച്ച ഉംറ തീര്‍ഥാടനമാണ് വീണ്ടും സജീവമാകുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ ഹാജിമാര്‍ പൂര്‍ണമായും പോയിക്കഴിഞ്ഞ ശേഷമായിരുന്നു ഉംറ സീസണ്‍ ആരംഭിച്ചിരുന്നത്. എന്നാല്‍ വിഷന്‍ 2030 യുടെ ഭാഗമായി കൂടുതല്‍ ഉംറ തീര്‍ഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഓരോ വര്‍ഷവും ഉംറ തീര്‍ഥാടകരുടെ വരവില്‍ വര്‍ധനവ് കൊണ്ടുവരുന്നുണ്ട്.
അതിനെ തുടര്‍ന്നാണ് മുഹറം തുടക്കത്തില്‍ തന്നെ ഉംറ തീര്‍ഥാടനം വീണ്ടും പുനഃരാരംഭിക്കുന്നത്. കൂടുതല്‍ ഉംറ തീര്‍ഥാടകരെ സ്വീകരിക്കുന്നതിനായി കൂടുതല്‍ ഈ വര്‍ഷം കൂടുതല്‍ ഉംറ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുകയും ചെയ്തിട്ടുണ്ട്.
നേരത്തെയുണ്ടായിരുന്ന ഉംറ കമ്പനികള്‍ക്ക് പുറമെ ഈ വര്‍ഷം 685 കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് ലൈസന്‍സ് നല്‍കിയത്. തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ചു മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായാണ് കൂടുതല്‍ ഉംറ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കിയത്.
2030 ആകുമ്പോഴേക്ക് മുപ്പതു ദശലക്ഷം വാര്‍ഷിക ഉംറ തീര്‍ഥാടകരെയാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. അതിലേക്കുള്ള ഒരുക്കങ്ങള്‍ കൂടിയാണ് ഓരോ വര്‍ഷവും നടക്കുന്നത്.
ഈ വര്‍ഷം ഉംറ സീസണില്‍ ഹോട്ടല്‍ മേഖലകളില്‍ 100 ദശലക്ഷം റിയാലിന്റെ നിക്ഷേപങ്ങളും നടക്കുമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ: അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്‍ റഹീം വസ്സാന്‍ അറിയിച്ചു.
ഉംറ തീര്‍ഥാടകരുടെ ഇ ട്രാക്ക് സംവിധാനം വിപുലപ്പെടുത്തുമെന്നും തീര്‍ഥാടകര്‍ പുണ്യ ഭൂമിയിലെത്തി തിരിച്ചു പോകുന്നത് വരെയുള്ള മുഴുവന്‍ കാര്യങ്ങളും ഓണ്‍ലൈന്‍ സുഗമമായും സുതാര്യമായും പൂര്‍ത്തീകരിക്കാന്‍ ഉതകും വിധത്തിലായിരിക്കും ഇ ട്രാക്ക് സംവിധാനം മെച്ചപ്പെടുത്തുകയെന്നനും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏഴു ദശലക്ഷമായിരുന്നു ഉംറ തീര്‍ഥാടകരുടെ എണ്ണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."