ആള്‍ക്കൂട്ട കോണ്‍ഗ്രസ് മാറണം
പതിനേഴാം ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പതനം ആവര്‍ത്തിച്ചുറപ്പിക്കുന്നതായി. മാസങ്ങള്‍ക്ക് മുന്‍പ് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടുകയും ഭരണത്തിലേറുകയും ചെയ്തപ്പോള്‍ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ വിജയിച്ച പ്രതീതിയാണ് അത് രാജ്യത്തുണ്ടാക്കിയത്. ആ പ്രതീക്ഷകള്‍ കൈമുതലാക്കിയായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കിയത്. രാജ്യത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റം വരെ വിശ്രമമില്ലാതെ സഞ്ചരിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അദ്ദേഹം നേതൃത്വം നല്‍കി.
നരേന്ദ്രമോദി സഞ്ചരിച്ചതിനെക്കാള്‍ ഏറെ ദൂരം അദ്ദേഹം സഞ്ചരിച്ചു. മോദി പങ്കെടുത്തതിനെക്കാള്‍ കൂടുതല്‍ തെരഞ്ഞെടുപ്പ് റാലികളില്‍ അദ്ദേഹം പങ്കെടുത്തു. ചെന്നിടങ്ങളിലെല്ലാം വമ്പിച്ച ജനക്കൂട്ടമാണ് അദ്ദേഹത്തെ കേള്‍ക്കാന്‍ എത്തിയത്. പ്രചാരണത്തിന്റെ മധ്യഘട്ടത്തില്‍ ഹിന്ദി ഹൃദയ ഭൂമി തങ്ങളെ കൈവിടുമെന്നുവരെ ബി.ജെ.പി ഉറപ്പിച്ചതായിരുന്നു. ഇതിന്റെ വെപ്രാളത്തിലായിരുന്നു കഴിയുന്നത്ര സീറ്റുകള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നേടിയെടുക്കാന്‍ ബി.ജെ.പി ജീവന്മരണ പോരാട്ടം നടത്തിയത്. ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അവര്‍ അതിന്റെ നേട്ടം കരസ്ഥമാക്കുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പുകളിലൂടെ നഷ്ടപ്പെട്ട രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളിലെ ജനപിന്തുണ തിരിച്ചുപിടിക്കാനും ബി.ജെ.പിക്ക് സാധിച്ചു.
രാഹുല്‍ ഗാന്ധി ഊണും ഉറക്കവുമുപേക്ഷിച്ച് പഴയ പ്രതിഛായ കുടഞ്ഞെറിഞ്ഞ് ഇരുത്തംവന്ന ഒരു നേതാവിനെപ്പോലെയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ബി.ജെ.പി പോലും രാഹുലിന്റെ പുതിയ വേഷപ്പകര്‍ച്ചയില്‍ അപകടം മണത്തു. പഴയ പപ്പു വിളിയിലൂടെ അദ്ദേഹത്തെ കൊച്ചാക്കാനാകില്ലെന്ന് അവര്‍ക്ക് മനസിലായി. ഈ തെരഞ്ഞെടുപ്പില്‍ ഒരിടത്ത് പോലും അവര്‍ രാഹുലിനെ പപ്പു എന്ന് വിളിച്ചില്ല. അത് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുക എന്നവര്‍ മനസിലാക്കി.
എന്നിട്ടും 2014ലെ ദയനീയ തോല്‍വി 2019ലും കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. എന്‍.ഡി.എ കഷ്ടിച്ച് കടന്ന് കൂടുമെന്ന കണക്ക് കൂട്ടലിനെ മൃഗീയ ഭൂരിപക്ഷത്താല്‍ മറികടന്നത് ബി.ജെ.പിയെ തന്നെ അത്ഭുതപ്പെടുത്തി എന്നതാണ് യാഥാര്‍ഥ്യം. രാഹുല്‍ ഗാന്ധിയുടെ ഒറ്റയാള്‍ പോരാട്ടം കോണ്‍ഗ്രസിന് അനുകൂലമായി ഇന്ത്യന്‍ മണ്ണ് ഉഴുതുമറിച്ചെങ്കിലും വിത്ത് വിതക്കാനും കൊയ്യാനും എവിടെയും സുശക്തമായ സംഘടനാ സംവിധാനം കോണ്‍ഗ്രസിന് ഉണ്ടായിരുന്നില്ല, കേരളത്തിലും പഞ്ചാബിലും ഒഴികെ. മധ്യപ്രദേശ്, കര്‍ണാടക പോലുള്ള സംസ്ഥാനങ്ങളിലാകട്ടെ പരസ്പരം തോല്‍പിക്കാനായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ അധ്വാനിച്ചത്. ഇതര സംസ്ഥാനങ്ങളിലാകട്ടെ രാഹുല്‍ ഗാന്ധി നിര്‍മിച്ചെടുത്ത അനുകൂല സാഹചര്യം വോട്ടാക്കി മാറ്റാനുള്ള കെട്ടുറപ്പുള്ള സംഘടനാ സംവിധാനവും ഉണ്ടായിരുന്നില്ല. ആള്‍ക്കൂട്ടങ്ങള്‍ മാത്രമായിരുന്നു അവിടങ്ങളിലെ സംഘടനാ സംവിധാനം.
അതോടൊപ്പം തന്നെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിവിട്ട ചൗക്കിദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യം ഗുണത്തെക്കാളേറെ ദോഷം ചെയ്തു എന്നും കരുതേണ്ടിയിരിക്കുന്നു. കാരണം ഇതിനിടയ്ക്ക് പുല്‍വാമ ഭീകരാക്രമണത്തിനെതിരേ ബാലാകോട്ടില്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റും നരേന്ദ്ര മോദി വാരിക്കൂട്ടിയിരുന്നു. ന്യായ് പദ്ധതി എന്ന കോണ്‍ഗ്രസിന്റെ ഉജ്ജ്വല വാഗ്ദാനം താഴേതട്ടിലെത്തിച്ചില്ല. ഓരോ ദിവസം ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.
കനലുകളില്‍ ചവിട്ടിയുള്ള പൊള്ളുന്ന യാഥാര്‍ഥ്യങ്ങളിലൂടെയായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷം ഇന്ത്യയിലെ സാധാരണക്കാര്‍ സഞ്ചരിച്ചത്. നോട്ട് നിരോധനം സാധാരണക്കാരന്റെ നട്ടെല്ലാണ് ഒടിച്ചത്. ജി.എസ്.ടി ചെറുകിട വ്യാപാര സ്ഥാപനങ്ങളെ തകര്‍ത്തു. കര്‍ഷക ആത്മഹത്യകള്‍ പെരുകി. രാജ്യം കണ്ട ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് രാജ്യം സാക്ഷിയായി. തൊഴിലില്ലായ്മ രൂക്ഷമായി. ഈ അനുകൂല ഘടകങ്ങളൊന്നും കോണ്‍ഗ്രസിനും ഇതര പ്രതിപക്ഷ കക്ഷികള്‍ക്കും വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ല. മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയപ്പോള്‍ ഐക്യ പ്രതിപക്ഷം രൂപീകരിക്കേണ്ടതായിരുന്നു. അതിന് ആദ്യം ഉടക്കുവച്ചത് മായാവതിയായിരുന്നു. പിറകെ അഖിലേഷ് യാദവും, തുടര്‍ന്ന് മമതാ ബാനര്‍ജിയും.
രാഷ്ട്രപതിയെ കാണാനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനറെ കാണാനും മാത്രം ഇവര്‍ ഐക്യപ്പെട്ടത് ജനം അംഗീകരിച്ചില്ല. ഓരോരുത്തര്‍ക്കും പ്രധാനമന്ത്രിയാകാനുള്ള ഉള്ളിലെ മോഹം തിളച്ചുമറിയുകയായിരുന്നു. മറുവശത്താകട്ടെ നരേന്ദ്ര മോദി എന്ന ഒരൊറ്റ നേതാവിന്റെ കീഴില്‍ ചിട്ടയൊപ്പിച്ചുള്ള പ്രവര്‍ത്തനം മുന്നേറിക്കൊണ്ടിരിക്കുകയും ചെയതു. ഈ പ്രവര്‍ത്തനമാണ് അവര്‍ക്ക് ത്രിപുരയെ കീഴ്‌പ്പെടുത്താനായത്. ബംഗാളിനെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്നത്. നാളെയത് ആന്ധ്രയെയും കേരളത്തെ തന്നെയും കീഴ്‌പ്പെടുത്തിക്കൂടായ്കയില്ല. അമേത്തിയില്‍ സംഘ്പരിവാര്‍ പരീക്ഷിച്ച് വിജയിച്ചതും ഈ ചിട്ടയായ പ്രവര്‍ത്തനം തന്നെയാണ്.
ആള്‍ക്കൂട്ടം കൊണ്ട് ഒന്നും നേടാനാവില്ല. എം.ടി വാസുദേവന്‍ നായരുടെ യാത്രാ വിവരണപുസ്തകം പോലെ ആള്‍ക്കൂട്ടത്തില്‍ രാഹുല്‍ ഗാന്ധി തനിയെ നടക്കേണ്ടി വരും. സ്ഥാനമൊഴിയുന്നില്ലെങ്കില്‍ രാഹുല്‍ ഗാന്ധി ചെയ്യേണ്ടത് ഓരോ സംസ്ഥാനങ്ങളിലും അടിത്തട്ട് മുതല്‍ സംഘടനാ സംവിധാനം കെട്ടിപ്പടുക്കുക എന്നതാണ്. അധികാരമോഹികളായ നേതാക്കള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുക എന്നതാണ്. അവര്‍ മുതിര്‍ന്ന നേതാക്കളാണെങ്കില്‍ കൂടിയും. അതിനൊക്കെ ആദ്യം വേണ്ടത് ഇന്നത്തെ ഉപദേശകരെ പറഞ്ഞു വിടുക എന്നതാണ്. എങ്കില്‍ കോണ്‍ഗ്രസിന് ഒരങ്കത്തിനുള്ള ബാല്യം കൂടിയുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."