വിവാഹസംഘത്തെ അക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍
കൊണ്ടോട്ടി: വിവാഹസംഘത്തിലെ സ്ത്രീകളുള്‍പ്പെടെയുള്ളവരെ നടുറോഡില്‍ കാര്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍. ജ്യേഷ്ടന്‍ നല്‍കാനുള്ള പണം ഈടാക്കാന്‍, അനിയന്റെ വിവാഹത്തിന് പുറപ്പെട്ട സംഘത്തെ അക്രമിച്ച ആലുവ മാറംപള്ളി തോണിപ്പറമ്പില്‍ ജംഷാബ്(23), കാക്കനാട് തൃക്കാക്കര കാളബാട്ട് ആദര്‍ശ്(19), പറവൂര്‍ സ്രാമ്പിക്കല്‍ മനു ആന്റണി(19) എന്നിവരെയാണ് കൊണ്ടോട്ടി പൊലിസ് അറസ്റ്റ് ചെയ്തത്.
ക്വാട്ടേഷന്‍ നല്‍കിയ മോങ്ങം സ്വദേശി നിയാസിനെ പൊലിസ് തിരയുന്നു. പ്രതികളില്‍നിന്ന് ബോംബെന്ന് തോന്നിക്കുന്ന വസ്തുക്കളും പൊലിസ് കസ്റ്റഡിയിലെടുത്തു. മോങ്ങം കുയിലിക്കുന്നില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം.
മോങ്ങം സ്വദേശിയായ നിയാസ് നല്‍കാനുള്ള രണ്ടുലക്ഷം രൂപക്ക് വേണ്ടിയാണ് പ്രതിയായ നിയാസ് എറണാകുളത്തുള്ള സംഘത്തിന് സഹോദരന്റെ വിവാഹ സംഘത്തെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്. നിയാസിന്റെ സഹോദരന്റെ വിവാഹമായിരുന്നു ഞായറാഴ്ച. വീട്ടില്‍നിന്ന് കുടുംബം ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങിയ സമയത്താണ് കാറിലും ബൈക്കിലുമെത്തിയ സംഘം വാഹനം തടഞ്ഞത്.
സ്ത്രീകളേയും മറ്റും വലിച്ചിറക്കിയ സംഘം വ്യാജബോംബ് കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കല്ല് ടവ്വലില്‍ പൊതിഞ്ഞ് ചണനാരുകൊണ്ട് ചുറ്റിവരിഞ്ഞാണ് വ്യാജ ബോംബ് നിര്‍മിച്ചിരുന്നതെന്ന് പൊലിസ് പറഞ്ഞു. സ്ത്രീകളുടെ ആഭരണങ്ങള്‍ പിടിച്ചുപറിക്കാനും ശ്രമം നടന്നു. ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ക്വട്ടേഷന്‍ സംഘത്തെ നാട്ടുകാര്‍ തടഞ്ഞ് കൊണ്ടോട്ടി പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലിസെത്തി പ്രതികളെ അറസ്റ്റ് ചെയ്തു.
ഒളിവില്‍ പോയ നിയാസ് എന്നയാളാണ് തങ്ങള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് പിടിയിലായവര്‍ പറഞ്ഞു. പണം നല്‍കാനുള്ള നിയാസ് മാതാവിന്റെ വീട്ടിലും മറ്റുമായാണ് കഴിഞ്ഞിരുന്നത്. ഇയാള്‍ക്ക് പലരുമായും സാമ്പത്തിക ഇടപാടുണ്ടെന്ന് പൊലിസ് പറഞ്ഞു. പണം ഈടാക്കാനായി സഹോദരന്റെ വിവാഹം മുടക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. അറസ്റ്റിലായ പ്രതികളെ മലപ്പുറം കോടതി റിമാന്‍ഡ് ചെയ്തു. കൊണ്ടോട്ടി സി.ഐ എം. മുഹമ്മദ് ഹനീഫ, എസ്.ഐ ജാബിര്‍, എ.എസ്.ഐ സുലൈമാന്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."