സംസ്ഥാനത്ത് ഹര്‍ത്താല്‍ പൂര്‍ണം
തിരുവനന്തപുരം: അടിക്കടിയായുള്ള ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് ഇടതുപാര്‍ട്ടികളും യു.ഡി.എഫും ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ സംസ്ഥാനത്ത് പൂര്‍ണം. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യബസുകളും ഓണ്‍ലൈന്‍ ടാക്‌സികളും സര്‍വിസ് നടത്തിയില്ല.
കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില കുറവായിരുന്നു. മിക്കയിടങ്ങളിലും ബന്ദിന്റെ പ്രതീതിയാണ് ഹര്‍ത്താല്‍ സൃഷ്ടിച്ചത്. പ്രധാനയിടങ്ങളില്‍ പൊലിസ് വാഹനങ്ങള്‍ യാത്രാസൗകര്യമൊരുക്കിയെങ്കിലും റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും എത്തിയവര്‍ ബുദ്ധിമുട്ടി.
തിരുവനന്തപുരത്ത് യു.ഡി.എഫ് ജില്ലാ കമ്മിറ്റി ഏജീസ് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജി.പി.ഒയിലേക്ക് എല്‍.ഡി.എഫ് നടത്തിയ പ്രതിഷേധ മാര്‍ച്ച് എല്‍.ഡി.ഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. തമ്പാനൂരില്‍ ട്രെയിനിറങ്ങിയ യാത്രക്കാര്‍ക്ക് പൊലിസ് യാത്രാസൗകര്യമൊരുക്കി. ആര്‍.സി.സിയിലേക്കും മെഡിക്കല്‍ കോളജിലേക്കുമെത്തിയ രോഗികള്‍ക്കും പ്രത്യേക വാഹന സൗകര്യമൊരുക്കിയിരുന്നു.
കോവളം ഉള്‍പ്പെടെയുള്ള ജില്ലയിലെ പ്രധാന വിനോദസഞ്ചാര മേഖലകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിരുന്നു. ടെക്‌നോപാര്‍ക്കിലെ പ്രധാന ഗേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാവിലെ ഉപരോധിച്ചു. ബാലരാമപുരത്ത് ബസിനുനേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞത് ചെറിയ സംഘര്‍ഷത്തിനിടയാക്കി.
പാറശ്ശാലയില്‍ ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന ഗര്‍ഭിണിയെ തടഞ്ഞതിനെ ചൊല്ലി സി.പി.എം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സെക്രട്ടേറിയറ്റില്‍ ഹാജര്‍ നില 16 ശതമാനം മാത്രമായിരുന്നു.
കൊല്ലം ജില്ലയിലെ പത്തനാപുരത്ത് വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാലിന്റെ വാഹനത്തിനുനേരെ ഹര്‍ത്താലനുകൂലികളുടെ ആക്രമണമുണ്ടായി. കൊല്ലം സിറ്റി, പത്തനാപുരം കുന്നിക്കോട്, തലവൂര്‍, വിളക്കുഴി, പിറവന്തൂര്‍, പട്ടാഴി മേഖലകളില്‍ വാഹനങ്ങള്‍ തടഞ്ഞു. പുനലൂര്‍ എസ്.ബി.ഐ ബ്രാഞ്ചിലും അക്രമം അരങ്ങേറി. ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ ജി. ഗോപിനാഥിനെതിരേയും ആക്രമണമുണ്ടായി. അഞ്ചല്‍ സി.ഐ സജികുമാറിനെ ഹര്‍ത്താല്‍ അനുകൂലികള്‍ കൈയേറ്റം ചെയ്തു.
കൊച്ചിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കാളവണ്ടിയില്‍ പ്രതിഷേധ യാത്ര സംഘടിപ്പിച്ചു. മെട്രോ സര്‍വിസിനെ ഹര്‍ത്താല്‍ ബാധിച്ചില്ല. ഇന്‍ഫോ പാര്‍ക്കില്‍ ഹാജര്‍നില കുറവായിരുന്നു. ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളായ പറവൂര്‍, കളമശ്ശേരി, ആലുവ എന്നിവിടങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും ഇവിടെ തുറന്ന ബാങ്കുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂര്‍ ജില്ലയിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ഇവിടെ ലോറി കയറില്‍ കെട്ടിവലിച്ച് സ്വതന്ത്ര ലോറി ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധ പ്രകടനം നടത്തി.
സംസ്ഥാനത്തെ പ്രളയ ബാധിത മേഖലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിരുന്നു. പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ സാധാരണ ജീവിതത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും തടസമുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."