പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റഫീഖിനെ പാക് ബാറ്റ്‌സ്മാനായി ചിത്രീകരിച്ച് ദിനപത്രം
ജയ്പൂര്‍: പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റഫീഖിനെ പാകിസ്താനി ബാറ്റ്‌സ്മാനും വിജയിച്ച ബി.ജെ.പി സ്ഥാനാര്‍ഥി രാഹുല്‍ കശ്വാനെ ഇന്ത്യന്‍ താരവുമായി ചിത്രീകരിച്ച ദൈനിക് ഭാസ്‌കര്‍ ദിനപത്രത്തിന്റെ നടപടി വിവാദമാവുന്നു. രാജസ്ഥാനിലെ ചുരു ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച റഫീഖ് മണ്ഡീലിയ എതിര്‍ സ്ഥാനാര്‍ഥിയായ ബി.ജെ.പി നേതാവ് രാഹുല്‍ കശ്വാനോട് മൂന്നുലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. എന്നാല്‍, റഫീഖിനെ പാക് ബാറ്റ്‌സ്മാനായി ചിത്രീകരിച്ചാണ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ദൈനിക് ഭാസ്‌കര്‍ നല്‍കിയത്. റഫീഖ് എന്ന പേരിലുള്ള ജഴ്‌സിയിട്ട പാക് ബാറ്റ്‌സ്മാന്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ താരങ്ങള്‍ക്കു മുന്‍പിലൂടെ പുറത്തായി മടങ്ങുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ കളിക്കാരുടെ മുഖത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വിജയിച്ച ബി.ജെ.പി സ്ഥാനാര്‍ഥി രാഹുലിന്റെയും മുഖം മോര്‍ഫ് ചെയ്ത് ചേര്‍ത്തിട്ടുമുണ്ട്.
കോണ്‍ഗ്രസിന്റെ മുസ്‌ലിം സ്ഥാനാര്‍ഥിയെ പാകിസ്താനികളോട് ഉപമിച്ച പത്രത്തിന്റെ നടപടിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എന്തിനാണ് ഇങ്ങനെ മുസ്‌ലിംകളെ വെറുക്കുന്നതെന്ന് പ്രശാന്ത് കനോജിയ എന്നയാള്‍ പത്രത്തിന്റെ ക്ടടിങ് ട്വിറ്ററില്‍ പങ്കുവച്ച് ചോദിച്ചു. ഇതാണ് 'വിഭജനനായകന്‍' എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് താരിഖ് അലി ഖാന്‍ എന്നയാള്‍, നരേന്ദ്രമോദിയെ വിഭജന നായകന്‍ എന്നു വിശേഷിപ്പിച്ച ടൈം മാഗസിന്റെ കവര്‍ചിത്രം സൂചിപ്പിച്ച് പറഞ്ഞു. ഇങ്ങനെയൊക്കെയാണ് രാജ്യത്ത് മുസ്‌ലിംഭീതി പ്രചരിപ്പിക്കുന്നതെന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."