പ്ലസ് വണ്‍: 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ച് ഉത്തരവായി
തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് 20 ശതമാനം മാര്‍ജിന്‍ സീറ്റ് വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീക്കിയതിന് പിന്നാലെയാണ് സീറ്റ് വര്‍ധിപ്പിച്ച് ഉത്തരവിട്ടത്. ഇത് പ്രകാരം സംസ്ഥാനത്തെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും എല്ലാ ബാച്ചുകളിലും 10 വിദ്യാര്‍ഥികളെ വീതം അധികമായി പ്രവേശിപ്പിക്കാന്‍ കഴിയും. അതേസമയം, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ സീറ്റ് വര്‍ധനയില്ല.
നിലവില്‍ 3,60,000 സീറ്റുകള്‍ ഹയര്‍സെക്കന്‍ഡറികളിലാകെയുണ്ട്. 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചപ്പോള്‍ 62,000 കുട്ടികളെ അധികമായി പ്രവേശിപ്പിക്കാനാകും. രണ്ടാം അലോട്ട്‌മെന്റില്‍ വര്‍ധിപ്പിച്ച സീറ്റ് ഉള്‍പ്പെടുത്തില്ല. അതിനുശേഷം സ്‌കൂള്‍ കോംപിനേഷന്‍ ട്രാന്‍സ്ഫറിലും സപ്ലിമെന്ററികളിലും അധിക സീറ്റ് ഉള്‍പ്പെടുത്തും.
ആവശ്യത്തിന് വിദ്യാര്‍ഥികളില്ലാത്തതിനെ തുടര്‍ന്ന് ഭൂരിഭാഗം സീറ്റുകളും ഒഴിഞ്ഞുകിടക്കുന്ന ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ സ്‌കൂള്‍ മാറ്റി നല്‍കുന്നതിനുള്ള ശുപാര്‍ശ സമര്‍പ്പിക്കാന്‍ ഹയര്‍ സെക്കന്‍ഡറി ഡയരക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ എട്ടു ബാച്ചുകള്‍ കുട്ടികള്‍ കൂടുതലുള്ള ജില്ലകളിലേക്ക് മാറ്റി നല്‍കിയിരുന്നു.
ഈ വര്‍ഷം കുട്ടികള്‍ കുറവുള്ള ബാച്ചുകള്‍ കണ്ടെത്തുന്നതിനും അവ ഏത് ജില്ലകളിലെ ഏതെല്ലാം സ്‌കൂളുകളിലേക്ക് മാറ്റി നല്‍കണമെന്നതും കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ഹയര്‍ സെക്കന്‍ഡറി ജോ. ഡയരക്ടര്‍ ഡോ. പി.പി പ്രകാശന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."