സെക്രട്ടറിയേറ്റ് തീപിടിത്തം: ഫോറന്‍സിക് ഉദ്യോഗസ്ഥരെ ഐജി ഭീഷണിപ്പെടുത്തി; അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ചെന്നിത്തല
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫിസിലുണ്ടായ തീപിടിത്തത്തില്‍ ഫൊറന്‍സിക് കണ്ടെത്തല്‍ അട്ടിമറിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് കണ്ടെത്തിയവരെ ഐ.ജി ഭീഷണിപ്പെടുത്തി. ഫോറന്‍സിക്കിന്റെ അടുത്ത റിപ്പോര്‍ട്ട് നെഗറ്റീവാണെങ്കില്‍ അത് കോടതിയില്‍ പോകരുതെന്ന് ഐ.ജി. നിര്‍ദേശിച്ചതായും ചെന്നിത്തല ആരോപിച്ചു.
സര്‍ക്കാര്‍ സംവിധാനത്തെ ഉപയോഗിച്ച് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് ഇതിന് ശ്രമം നടത്തുന്നത്. ചീഫ് സെക്രട്ടറിയേയും ഡി.ജി.പിയേയും ഇതിന് ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
പൊലിസ് ആസ്ഥാനത്തെ ഐ.ജി ഫോറന്‍സിക് ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ചു വരുത്തി. ഇത് അസാധാരണ നടപടിയാണ്. തന്നെ കാണാനെത്തിയ ഉദ്യോഗസ്ഥരെ ഐ.ജി കണക്കറ്റ് ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോറന്‍സിക് പരിശോധന നടത്താന്‍ ആരാണ് പഠിപ്പിച്ചതെന്നാണ് ഉദ്യോഗസ്ഥരോട് അദ്ദേഹം ചോദിച്ചത്.
ഫോറന്‍സിക് റിപ്പോര്‍ട്ടുകളില്‍ ഒരുകാലത്തും പോലീസ് ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച ചെന്നിത്തല ഐ.ജിയുടെ നടപടിയെ നിഷ്പക്ഷതക്കെതിരായ വെല്ലുവിളി ആയി വേണം കാണാനെന്നും പറഞ്ഞു. ഐ.ജിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."