നാട്ടുകാരുടെ ചിഞ്ചുവിന് ചികിത്സ വേണം
മൈലാടി: ഒന്‍പത് വയസുകാരി പെണ്‍കുട്ടിയാണ് ചിഞ്ചു. ശരീര വളര്‍ച്ച നാലു വയസുകാരിയുടേത്. മനസ് ഇതുവരെ പൂര്‍ണ വളര്‍ച്ചയെത്തിയിട്ടില്ല.
പിറന്നപ്പോഴെ അമ്മയും അച്ഛനും നഷ്ടപ്പെട്ടവളാണിവള്‍. എങ്കിലും ആരെ കണ്ടാലും ചിഞ്ചു ചിരിക്കും. നിഷ്‌കളങ്കതയുടെ ചിരി. എട്ടാം മാസത്തില്‍ അസമയത്തുണ്ടായ പ്രസവത്തെ തുടര്‍ന്ന് അമ്മ ഷൈനി മരിച്ചു. അച്ഛന്‍ വീടുവിട്ടിറങ്ങി. കൈകുഞ്ഞിന്റെ പരിചരണം കോളനിക്കാര്‍ ഏറ്റെടുത്തു. മീനാക്ഷിയും വെള്ളിയും കുട്ടിക്ക് തണലും തലോടലും നല്‍കി. വൈശ്യന്‍ കോളനിയിലെ എല്ലാവരുടെയും പ്രിയപ്പെട്ടവളായി ചിഞ്ചു വളരുകയാണിപ്പോഴും.
അതിനിടെ തളര്‍വാതം, ബുദ്ധിവൈകല്ല്യം, വളര്‍ച്ചയില്ലായ്മ, ഒട്ടിസവും അതിനൊപ്പം മറ്റുരോഗങ്ങളും കൂടിയായപ്പോള്‍ ചിഞ്ചു തളരാന്‍ തുടങ്ങി. പ്രായത്തിനൊത്ത വളര്‍ച്ചയില്ലാതായി. പരസഹായമില്ലാതെ ഒന്നുമാവുന്നില്ല. കൈകാലുകള്‍ ചലിപ്പിക്കാനാവുന്നില്ല. ഇനിയെന്ത് ചികിത്സ നല്‍കുമെന്ന് ബന്ധുക്കള്‍ക്ക് ഒരു തിട്ടവുമില്ല.
നിലവിലിപ്പോള്‍ മരുന്നുമില്ല. ഭക്ഷണം പേരിന് മാത്രവും. ചിഞ്ചു തളര്‍ന്ന് തുടങ്ങി. നാട്ടുകാരുടെ സ്വന്തം ചിഞ്ചുവിനെ അവര്‍ക്കിനിയും വേണം. അവരുടെ സന്തോഷങ്ങള്‍ക്കും സങ്കടങ്ങള്‍ക്കുമൊപ്പം അവളുടെ ചിരിക്കുന്ന മുഖവും തങ്ങള്‍ക്കൊപ്പമുണ്ടാകണമെന്നാണ് അവരുടെ ആവശ്യം. അതിന് വിദഗ്ദ ചികിത്സ നല്‍കി ചിഞ്ചുവിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരണം. അതിന് അധികൃതരുടെ ഭാഗത്ത് നിന്നുള്ള അടിയന്തര നടപടി അത്യാവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."