നിയമം ലംഘിക്കുന്ന ഹജ്ജ് സേവന സ്ഥാപനങ്ങള്‍ക്ക് അഞ്ചു ലക്ഷം റിയാല്‍വരെ പിഴ
ജിദ്ദ: നിയമം ലംഘിക്കുന്ന ഹജ്ജ് സേവന സ്ഥാപനങ്ങള്‍ക്ക് അഞ്ചു ലക്ഷം റിയാല്‍ പിഴ ചുമത്തും. മന്ത്രിസഭ പാസാക്കിയ ഹജ്ജ് സേവന കമ്പനി നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിയമലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെ പ്രവര്‍ത്തന വിലക്കേര്‍പ്പെടുത്തുന്നതിനും ലൈസന്‍സ് റദ്ദാക്കുന്നതിനും നിയമം അനുവദിക്കുന്നുണ്ട്.
തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിലുള്ള ബാധ്യതകള്‍ സര്‍വിസ് കമ്പനികള്‍ പാലിക്കാത്ത നടപടികള്‍ സ്വീകരിക്കുന്നതിന് ഹജ്ജ്, ഉംറ മന്ത്രാലയത്തിന് അവകാശമുണ്ടാകും. മറ്റു കമ്പനികള്‍ വഴി തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കി ഇതിനാകുന്ന ചെലവ് നിയമ ലംഘനം നടത്തുന്ന കമ്പനികളില്‍നിന്ന് ഈടാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് നിയമം ഹജ്ജ്, ഉംറ മന്ത്രാലയത്തിന് അവകാശം നല്‍കുന്നു.
ഹജ്ജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ശേഷി ഉയര്‍ത്തല്‍, വിദേശ ഹജ്ജ് തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളെ ജോയിന്റ് സ്റ്റോക്ക് കമ്പനികളാക്കി മാറ്റല്‍, ഹജ്ജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ എണ്ണം വര്‍ധിപ്പിക്കല്‍, ഹജ്ജ് തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ നവീകരിക്കല്‍ എന്നിവയാണ് നിയമം പ്രധാനമായും ലക്ഷ്യമിടുന്നത്. നിയമം നടപ്പാക്കി മൂന്നു വര്‍ഷത്തിനു ശേഷം ഹജ്ജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും പുതിയ ലൈസന്‍സുകള്‍ അനുവദിക്കുന്നതിനും നിയമം അനുമതി നല്‍കുന്നുണ്ട്.
വിദേശ തീര്‍ഥാടകര്‍ക്ക് മക്കയില്‍ സേവനങ്ങള്‍ നല്‍കുന്ന ത്വവാഫ എസ്റ്റാബ്ലിഷ്മെന്റുകളും മദീനയില്‍ സേവനങ്ങള്‍ നല്‍കുന്ന അല്‍അദില്ല എസ്റ്റാബ്ലിഷ്മെന്റുകളും ജോയിന്റ് സ്റ്റോക്ക് കമ്പനികളാക്കി മാറ്റണമെന്ന് നിയമം അനുശാസിക്കുന്നു. നിയമം നടപ്പാക്കി അഞ്ചു വര്‍ഷം പിന്നിട്ട ശേഷമല്ലാതെ കമ്പനികളുടെ ഓഹരികള്‍ ഇനീഷ്യല്‍ പബ്ലിക് ഓഫറിങിലൂടെ വില്‍പന നടത്താന്‍ പാടില്ല. ജോയിന്റ് സ്റ്റോക്ക് കമ്പനികളായി മാറുന്ന സ്ഥാപനങ്ങള്‍ക്ക് നിയമം പ്രാബല്യത്തില്‍വന്ന് ഒരു വര്‍ഷത്തിനകം കമ്പനികളായി മാറാവുന്നതാണ്.
ത്വവാഫ കമ്പനികളുടെ പ്രവര്‍ത്തന പരിധി മക്കയും പുണ്യസ്ഥലങ്ങളും അല്‍സമാസിമ കമ്പനിയുടെ പ്രവര്‍ത്തന പരിധി മക്കയും യുനൈറ്റഡ് ഏജന്‍സി കമ്പനികളുടെ പ്രവര്‍ത്തന പരിധി എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും കരാതിര്‍ത്തി പോസ്റ്റുകളും അല്‍അദില്ല കമ്പനികളുടെ പ്രവര്‍ത്തന പരിധി മദീനയുമാണെന്ന് നിയമം വ്യക്തമാക്കുന്നു. നിയമം പ്രാബല്യത്തില്‍ വന്ന് ആദ്യത്തെ മൂന്നു വര്‍ഷം അധികാര പരിധി അനുസരിച്ച സേവനങ്ങള്‍ നല്‍കുന്നതിന് മാത്രമാണ് കമ്പനികള്‍ക്ക് അനുവാദമുണ്ടാവുക. എന്നാല്‍ ഐ.പി.ഒക്കു മുമ്പുള്ള അവസാനത്തെ രണ്ടു വര്‍ഷം മറ്റേതു കമ്പനികളും നല്‍കുന്ന സേവനങ്ങളും ഉള്‍പ്പെടുത്തി പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന് കമ്പനികള്‍ക്ക് അനുമതിയുണ്ട്. കമ്പനികള്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് നല്‍കുന്ന അടിസ്ഥാന സേവനങ്ങളെ ഹജ്ജ്, ഉംറ മന്ത്രാലയം തരംതിരിക്കുകയും ഇവക്ക് നിരക്ക് നിശ്ചയിക്കുന്നതിനുള്ള സംവിധാനം നിര്‍ണയിക്കുകയും ചെയ്യും.
മന്ത്രിസഭ അംഗീകരിച്ച ഹജ്ജ് സേവന കമ്പനി നിയമം അനുസരിച്ച നിയമാവലി ഹജ്ജ്, ഉംറ മന്ത്രാലയം തയാറാക്കിവരികയാണ്. 23 വകുപ്പുള്ള നിയമം ഔദ്യോഗിക ഗസറ്റില്‍ പരസ്യപ്പെടുത്തി മൂന്നു മാസത്തിനുശേഷം നിലവില്‍വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."