വിജിലന്‍സിന് പരാതി നല്‍കുമെന്ന് വികസന സമിതി
കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജിലേക്കുള്ള റോഡ് നിര്‍മാണം നടക്കുന്ന സ്ഥലത്തെ മണ്ണ് കല്‍പ്പറ്റയിലെ വിവിധ പ്രദേശങ്ങളില്‍ നിയമവിരുദ്ധമായി വിതരണം ചെയ്യുകയാണെന്നും ഈ അനധികൃത മണ്ണ് കടത്തിനെതിരെ വിജിലന്‍സിന് പരാതി നല്‍കുമെന്നും വയനാട് വികസന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വാക്കാല്‍ പറഞ്ഞാല്‍ അപേക്ഷ പോലും നല്‍കാതെ ലോഡ് കണക്കിന് മണ്ണ് ഇഷ്ടമുള്ള സ്ഥലത്ത് ഇറക്കി നല്‍കുകയാണ് ചിലര്‍. മെഡിക്കല്‍ കോളജിന്റെ സ്ഥലത്തുള്ള മണ്ണ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാതെ വന്‍വിലക്ക് സ്വകാര്യ ആവശ്യങ്ങള്‍ക്ക് നല്‍കി മണ്ണ് മാഫിയ വളരുകയാണ്.
ഇതിന് ഭരണകക്ഷിയുള്ളവരുടെ പിന്തുണയുണ്ടെന്നും ഇവര്‍ ആരോപിച്ചു. ഭരണകക്ഷിയുടെ ജില്ലയിലെ രണ്ടു എം.എല്‍.എമാരും വയനാടിനെ കൊള്ളയടിക്കാന്‍ എത്തുന്ന മാഫിയകള്‍ക്കൊപ്പമാണ്.
അപേക്ഷ നല്‍കി അനുമതി ലഭിച്ചശേഷം മാത്രമാണ് ഇന്ന് മണ്ണ് ആവശ്യമുള്ള സ്ഥലത്ത് നിക്ഷേപിക്കാന്‍ സാധിക്കു. എന്നാല്‍ മെഡിക്കല്‍ കോളജിലെ മണ്ണ് വിതരണം ചെയ്യുന്ന കരാറുകാരുമായി ഭരണകക്ഷിയിലുള്ളവര്‍ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടാക്കിയാണ് അനധികൃത കടത്ത് നടത്തുന്നതെന്നും ഇവര്‍ ആരോപിച്ചു. ജില്ലയുടെ വികസനത്തിന് ഊന്നല്‍ നല്‍കി ഈമാസം അവസാനം വികസന സമിതി വിപുലമായ ജനറല്‍ ബോഡിയോഗം ചേരും.
തുടര്‍ന്ന് മെഡിക്കല്‍ കോളജ്, റെയില്‍വെ, ടൂറിസം, രാത്രിയാത്ര നിരോധനം തുടങ്ങിയവയില്‍ വികസനരേഖയും സമര്‍പ്പിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സമിതി പ്രസിഡന്റ് സാലി റാട്ടക്കൊല്ലി, സെക്രട്ടറി പി.പി ഷൈജല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."