കിഴങ്ങുകളുടെ സംരക്ഷകന് സംസ്ഥാന ജൈവവൈവിധ്യ പുരസ്‌കാരം
മാനന്തവാടി: കിഴങ്ങുകളുടെ സംരക്ഷകന് സംസ്ഥാന ജൈവവൈവിധ്യ പുരസ്‌കാരം. ആറാട്ടുതറ ഇളപ്പുപാറ ഷാജിക്കാണ് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ പുരസ്‌കാരം ലഭിച്ചത്. കിഴങ്ങുവര്‍ഗ സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് ഷാജിയെ ബോര്‍ഡിന്റെ 2017ലെ പുരസ്‌കാരത്തിനു അര്‍ഹനാക്കിയത്. ഈമാസം 22ന് തിരവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും.
കേന്ദ്രസര്‍ക്കാരിന്റെ പ്ലാന്റ് ജിനോം സേവ്യര്‍ ഫാര്‍മര്‍ അവാര്‍ഡ് 2014ല്‍ ഷാജിയെ തേടി എത്തിയിരുന്നു. എട്ടിനം കപ്പയും 24 ഇനം ചേമ്പും ആറിനം ചേനയും 30ല്‍ അധികം കാച്ചിലും ഷാജി കേദാരം എന്ന് നാമകരണം ചെയ്ത കിഴങ്ങുവിള സംരക്ഷണ കേന്ദ്രത്തിലുണ്ട്.
നീണ്ടിക്കാച്ചില്‍, കിന്റല്‍ കാച്ചില്‍, ഇറച്ചിക്കാച്ചില്‍, നീലക്കാച്ചില്‍, ചോരക്കാച്ചില്‍, കരിക്കാച്ചില്‍, കുറ്റിക്കാച്ചില്‍, തൂങ്ങന്‍ കാച്ചില്‍, ഗന്ധകശാലക്കാച്ചില്‍, ഇഞ്ചിക്കാച്ചില്‍, ഉണ്ടക്കാച്ചില്‍, മൊരട്ടുകാച്ചില്‍,വെള്ളക്കാച്ചില്‍, മാട്ടുകാച്ചില്‍, കടുവാക്കയ്യന്‍, പരിശക്കോടന്‍ എന്നിങ്ങനെയാണ് കാച്ചില്‍ ഇനങ്ങളുടെ നിര. ചേമ്പുകളുടെ ഗണത്തില്‍ ചൊറിയന്‍ ചേമ്പ്, വെട്ടുചേമ്പ്, കുഴിനിറയന്‍ ചേമ്പ്, വെളിയന്‍ ചേമ്പ്, കുടവാച്ചേമ്പ് ഉള്‍പ്പെടും. അരിക്കിഴങ്ങ്, പുല്ലത്തിക്കിഴങ്ങ്, കോതക്കിഴങ്ങ്, നോപ്പന്‍ കിഴങ്ങ്, പൊതിയന്‍ കിഴങ്ങ്, ചെങ്ങഴനീര്‍ കിഴങ്ങ് എന്നിവയും ഉള്‍പ്പെടുന്നതാണ് കൃഷിയിടം.
ഔഷധമൂല്യം ഏറെയുള്ളതാണ് ഈ കിഴങ്ങിനങ്ങള്‍. ഇവയില്‍ ചിലത് വന്യവും അത്യപൂര്‍വവുമാണ്.
പുതിയ വിത്തുകള്‍ ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഷാജി കൃഷി ചെയ്ത് തിരിച്ചേല്‍പ്പിക്കണമെന്ന ഉപാധിയോടെ തല്‍പരരായ മറ്റു കര്‍ഷകര്‍ക്ക് വിത്ത് സൗജന്യമായി നല്‍കുന്നുമുണ്ട്.
ഇളപ്പുപാറ ജോസ്-മേരി ദമ്പതികളുടെ മകനാണ് ഷാജി. ഭാര്യ ജിജിയും ഇമ്മാനുവേല്‍, ആന്‍മരിയ എന്നി മക്കളും അടങ്ങുന്നതാണ് കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."