പവിഴപ്പുറ്റിന്റെ ശ്മശാന ഭൂമി
ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫിന്റെതാണ് ചിത്രം. ലോകത്തിലെ തന്നെ ഏറ്റവും വലിയ പവിഴപ്പുറ്റ് സമൂഹം. അതൊക്കെ പഴയ കഥ, ഇന്ന് പവിഴപ്പുറ്റിന്റെ ശ്മശാനമാണ് ഗ്രേറ്റ് ബാരിയര്‍ റീഫ്. 1995ന് ശേഷമുള്ള രണ്ടര പതിറ്റാണ്ടില്‍ നഷ്ടമായത് ആകെ പവിഴപ്പുറ്റിന്റെ പകുതിയോളം.
ആദ്യ പകുതി ശ്മശാനമായെങ്കില്‍ ബാക്കി പകുതി പ്രകൃതിയുടെ വെന്റിലേറ്ററിലാണ്. ആഗോളതാപനവും മനുഷ്യകടന്നുകയറ്റവും ഗ്രേറ്റ് ബാരിയറിന്റെ മേല്‍ അവസാന ആണിയടിക്കുമെന്ന് എ.ആര്‍.സിയുടേതടക്കമുള്ള ഗവേഷകര്‍ ആണയിടുന്നു. മനുഷ്യ ഇടപെടല്‍മൂലം നശിച്ചുപോവുന്നത് പവിഴപ്പുറ്റ് മാത്രമല്ല, ഒരു ജൈവ വ്യവസ്ഥിതി കൂടിയാണ്. അപൂര്‍വമായ ജൈവ വൈവിധ്യത്തെ ഉള്ളിലൊളിപ്പിച്ച, ലോകത്ത് സമാനമായ മറ്റൊന്ന് ചൂണ്ടിക്കാണിക്കാന്‍ പറ്റാത്ത നിറങ്ങളുടെ, ശില്‍പങ്ങളുടെ ലോകം...
പതിനാറുകാരി പ്രധാനമന്ത്രി
ഈ പതിനാറുകാരി ഫിന്‍ലന്‍ഡിന്റെ മുന്‍ പ്രധാനമന്ത്രിയാണ്. വായിച്ചതോ അച്ചടിച്ചതോ തെറ്റിയതാണെന്ന് കരുതി വീണ്ടും വായിക്കേണ്ടതില്ല..! കാര്യം കാര്യമാണ്, കുട്ടിക്കളി തീരെയില്ലാത്ത കാര്യം! പതിനാറുകാരിയായ അവ മര്‍തോയെ യൂറോപ്യന്‍ രാജ്യമായ ഫിന്‍ലന്‍ഡിന്റെ പ്രധാനമന്ത്രിയായി ഒരു ദിവസത്തേക്ക് അവരോധിച്ചു. അവരോധിച്ചത് ലോകത്തിലെ ഏറ്റവും പ്രയംകുറഞ്ഞ വനിതാ പ്രധാനമന്ത്രി സന്ന മറിന്‍. ഇരുവരും ഫിന്നിഷിന്റെ പെണ്ണുങ്ങള്‍..!! മനുഷ്യാവകാശ, പരിസ്ഥിതി പ്രവര്‍ത്തകയായ അവ മര്‍തോക്ക് ഒരു ദിവസത്തേക്ക് ഫിന്‍ലന്‍ഡിന്റെ പ്രധാനമന്ത്രി പദം വച്ചുനീട്ടിയത് ലോകത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്ന ലിംഗ വിവേചനത്തിനെതിരെയുള്ള പ്രതീകാത്മക പ്രതിരോധമായായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ലിംഗ വിവേചനത്തിനെതിരെ ആഗോള ദിനാചരത്തിന്റെയന്നാണ് ഫിന്‍ലന്‍ഡിലെ പെണ്ണുങ്ങള്‍ ചരിത്രപരമായ അധികാര കൈമാറ്റം നടത്തിയത്.
ഇന്‍സ്റ്റഗ്രാമിലെ
ആദ്യ ചിത്രം
ഈ ചിത്രം ചരിത്രമാണ്, ലോകത്തിലെ ഏറ്റവുമധികം ഫോട്ടോകള്‍ ഷെയര്‍ ചെയ്യപ്പെടുന്ന, ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ആപ്പായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ആദ്യ ചിത്രം. കൃത്യം പത്തു വര്‍ഷം മുന്‍പാണ് ഇന്‍സ്റ്റഗ്രാം പിറവിയെടുക്കുന്നത്. അന്ന് ആപ്പിന്റെ സഹ സ്ഥാപകനായിരുന്ന കെവിന്‍ സിസ്റ്റ്‌റോം ആണ് തന്റെ വളര്‍ത്തുനായയുടെ ചിത്രം ആദ്യമായി തങ്ങളുടെ പുതിയ പ്ലാറ്റ്‌ഫോമിലൂടെ പങ്കുവച്ചത്. ഇന്ന് ഫെയ്‌സ്ബുക്കിന് ശേഷം ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ആപ്പാണ് ഇന്‍സ്റ്റഗ്രാം. ദിവസവും 420 കോടി തവണയാണ് ഇന്‍സ്റ്റഗ്രാമില്‍ ലൈക് ബട്ടണ്‍ ഞെക്കപ്പെടുന്നത്. 100 കോടി ഉപയോക്താക്കളുള്ള ആപ്പില്‍ മില്യണ്‍ കണക്കിന് ഫോട്ടോകളാണ് ദിവസേന ഷെയര്‍ ചെയ്യപ്പെടുന്നത്.
ട്രാം ലൈബ്രറി
കൊല്‍ക്കത്തയിലെ ട്രാമുകള്‍ ഒരു പ്രതാപകാലത്തിന്റെ നരച്ച ഓര്‍മകളാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അവശേഷിപ്പുകള്‍. ഇന്ത്യയിലെ ട്രാം സര്‍വിസുള്ള ഏക നഗരമാണ് ഓള്‍ഡ് കൊല്‍ക്കത്ത. തുരുമ്പെടുത്ത, ഇഴഞ്ഞുനീങ്ങുന്ന ട്രാമുകള്‍ കൊല്‍ക്കത്തയുടെ പഴയ പ്രതാപത്തിനൊപ്പം പുതിയ ദാരിദ്ര്യത്തിന്റയും നേര്‍ചിത്രമാണ്. പറഞ്ഞുവന്നത് അതല്ല, കൊല്‍ക്കത്തയിലെ ട്രാമുകള്‍ ചരിത്രപരമായ ഒരു മാറ്റത്തിന് വിധേയമായിക്കഴിഞ്ഞു. ആദ്യപടിയായി ഒരു ട്രാമിനെ ലൈബ്രറിയാക്കി മാറ്റിയിരിക്കുന്നു. മുക്കിയും മുരണ്ടും നീങ്ങിയിരുന്ന, യാത്രക്കാര്‍ തിരിഞ്ഞ് നോക്കാതിരുന്ന ഇടങ്ങളിലേക്ക് ഇനി പുസ്തക പ്രേമികള്‍ വരും, വെയിലൊഴിഞ്ഞ സായാഹ്നങ്ങള്‍ നിറഞ്ഞ ചായ കോപ്പകള്‍ക്ക് ചുറ്റും ചിന്തകള്‍ പങ്കുവയ്ക്കപ്പെടും. തീക്ഷ്ണമായ പഴയ കൊല്‍ക്കത്ത നഗരം പുനര്‍ജനിക്കും. എല്ലാം പ്രതീക്ഷകളാണ്, ഒരു ട്രാമിനെ ചുറ്റിപ്പറ്റിയുള്ള പച്ചപ്പുള്ള പ്രതീക്ഷകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."