കേരള കോണ്‍ഗ്രസില്‍ അധികാരത്തര്‍ക്കം രൂക്ഷം
തിരുവനന്തപുരം: കേരള കോണ്‍ഗ്രസിലെ അധികാര വടംവലിക്കിടെ പാര്‍ട്ടി പിടിക്കാനുള്ള നീക്കവുമായി പി.ജെ ജോസഫ്. കെ.എം മാണിയുടെ വിയോഗത്തോടെ വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് പാര്‍ട്ടി ഭരണഘടന അനുസരിച്ച് ചെയര്‍മാനായെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി.
കേരള കോണ്‍ഗ്രസ് എമ്മിന്റെ സംഘടനാ ചുമതലയുള്ള സെക്രട്ടറി ജോയ് എബ്രഹാമാണ് കത്ത് നല്‍കിയത്. ചെയര്‍മാനെയും നിയമസഭാകക്ഷി നേതാവിനെയും തെരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നാവശ്യപ്പെട്ട് മാണി വിഭാഗം വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫിന് കത്തു നല്‍കിയ സാഹചര്യത്തിലാണ് ജോസഫ് വിഭാഗം നിര്‍ണായക നീക്കം നടത്തിയത്.
തന്ത്രപരമായും നിയമപരമായും ജോസഫ് വിഭാഗം നീങ്ങിയതോടെ ജോസ് കെ. മാണിക്കും ഒപ്പം നില്‍ക്കുന്ന വിഭാഗത്തിനും തിരിച്ചടിയായി. ഇതോടെ ജോസ് കെ. മാണി വിഭാഗവും മറ്റൊരു കത്തുമായി തെരഞ്ഞെടുപ്പ് കമ്മിഷന് മുന്‍പിലെത്തി. പി.ജെ ജോസഫിനെ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി തെരഞ്ഞെടുത്തിട്ടില്ലെന്ന് കാണിച്ചാണ് കൊല്ലം ജില്ലാ സെക്രട്ടറിയായ ബി. മനോജ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കിയത്.
പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള സെക്രട്ടറി ജോയി എബ്രഹാം കത്തില്‍ പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായും തെറ്റാണെന്നും മനോജ് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ചേര്‍ന്നിട്ടില്ലെന്നും ഇതുവരെയും ചെയര്‍മാനെ തെരഞ്ഞെടുത്തിട്ടില്ലെന്നും അതിനാല്‍ ജോയി എബ്രഹാം നല്‍കിയ കത്ത് തള്ളണമെന്നും മനോജ് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. ജോസഫ് തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കിയെന്ന വാര്‍ത്ത വന്നതിനു പിന്നാലെ ജോസ് കെ. മാണി വിഭാഗത്തിലെ എം.എല്‍.എമാരായ റോഷി അഗസ്റ്റിനും എന്‍. ജയരാജും പരസ്യമായി രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മിഷന് ജോസഫ് കൊടുത്ത കത്ത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണ്.
കത്ത് കൊടുത്തോ എന്ന് ജോസഫിനോട് ചോദിക്കും. പി.ജെ ജോസഫ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. കത്ത് കൊടുത്തിട്ടുണ്ടെങ്കില്‍ അച്ചടക്കലംഘനമാണെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ച് സമവായമാകും മുന്‍പ് അത്തരമൊരു തീരുമാനം എടുത്തെങ്കില്‍ അതു ശരിയായില്ലെന്നും സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കണമെന്നും റോഷി അഗസ്റ്റിന്‍ ആവശ്യപ്പെട്ടു. ജോസ് കെ. മാണി വിഭാഗം പാര്‍ട്ടി പിളര്‍ത്തിയാലും നിയമപരമായി വിമതപക്ഷമായേ കണക്കാക്കാനാകൂ. പാര്‍ട്ടി പിളര്‍ത്തി പുറത്തുവന്നാല്‍ ജോസ് കെ. മാണി ഉള്‍പ്പെടെയുള്ള മാണിയുടെ പഴയ ഗ്രൂപ്പില്‍ പെട്ടവരെല്ലാം അയോഗ്യരാകും. കാരണം ജോസഫാണ് പാര്‍ട്ടിയുടെ ചെയര്‍മാന്‍.
മാണിയുടെ വിശ്വസ്തനും സെക്രട്ടറിയുമായ ജോയ് എബ്രഹാമിനെ തങ്ങളുടെ പക്ഷത്തേക്ക് എത്തിക്കാനായതാണ് പാര്‍ട്ടി പിടിച്ചെടുക്കാന്‍ ജോസഫിനെ സഹായിച്ചത്. സി.എഫ് തോമസും മോന്‍സ് ജോസഫുമടക്കം മൂന്ന് എം.എല്‍.എമാരുടെ പിന്തുണയും ജോസഫ് വിഭാഗം അവകാശപ്പെടുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സംസ്ഥാന കമ്മിറ്റി വിളിക്കില്ലെന്ന് ജോസഫ് ആവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിലും മുസ്‌ലിം ലീഗിലുമൊന്നും സംസ്ഥാന കമ്മിറ്റി വോട്ടിനിട്ടല്ല ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതെന്നും ജോസഫ് പക്ഷം വാദിക്കുന്നു. ജോസഫിന്റെ നടപടികളില്‍ കടുത്ത അമര്‍ഷമുണ്ടെങ്കിലും സാങ്കേതികമായി ഇതിനെ ചെറുക്കാനാകാത്ത അവസ്ഥയിലാണ് ജോസ് കെ. മാണി വിഭാഗം.
വിഭാഗീയത തുടരുകയാണെങ്കില്‍ അവര്‍ക്ക് പാര്‍ട്ടി വിട്ടുപോകാം എന്ന നിലപാട് ജോസഫ് പക്ഷം സ്വീകരിച്ചതായാണ് സൂചന. ചെയര്‍മാനും ജനറല്‍ സെക്രട്ടറിയും മറുപക്ഷത്ത് നില്‍ക്കുന്നതിനാല്‍ പാര്‍ട്ടി വിടുന്നവര്‍ക്ക് കേരള കോണ്‍ഗ്രസ് (എം) അംഗത്വവും പാര്‍ട്ടി സ്വത്തുക്കളും നഷ്ടമാകും. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടികളും നേരിടേണ്ടി വരും.
അതേസമയം, പി.ജെ ജോസഫ് സംസ്ഥാന കമ്മിറ്റി വിളിച്ചില്ലെങ്കില്‍ ബദല്‍ സംസ്ഥാന കമ്മിറ്റി വിളിക്കാനാണ് മാണി ക്യാംപിന്റെ തീരുമാനം. 435 അംഗങ്ങളുണ്ട് സംസ്ഥാന കമ്മിറ്റിയില്‍. ഇതില്‍ ഭൂരിപക്ഷം അംഗങ്ങളുടെ ഒപ്പ് ശേഖരിച്ച് പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്.
എന്നാല്‍ സംസ്ഥാന കമ്മിറ്റി ഒഴിവാക്കുകയാണ് ജോസഫ് വിഭാഗത്തിന്റെ തന്ത്രം. സംസ്ഥാന കമ്മിറ്റി ഒഴിവാക്കി പാര്‍ലമെന്ററി പാര്‍ട്ടി, ഉന്നതാധികാര സമിതി യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ ജോസഫ് വിഭാഗവും ഒരുക്കം തുടങ്ങി.
അടുത്തയാഴ്ച കൊച്ചിയില്‍ പാര്‍ലമെന്ററി പാര്‍ട്ടി, ഉന്നതാധികാര സമിതി യോഗങ്ങള്‍ ചേരാനാണ് ആലോചിക്കുന്നത്. ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ് തോമസിനു പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനം നല്‍കി മാണി വിഭാഗം എം.എല്‍.എമാരെയും പാര്‍ട്ടി പദവി വാഗ്ദാനം ചെയ്ത് ഉന്നതാധികാര സമിതി അംഗങ്ങളെയും കൂടെ നിര്‍ത്താനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം. മാണി വിഭാഗത്തിന്റെ പ്രതിഷേധം ഒഴിവാക്കാനാണു കൊച്ചിയില്‍ യോഗങ്ങളുടെ കേന്ദ്രമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."